അന്ന് ഞാന്‍ ഇവിടില്ലായിരുന്നു എന്ന് മേയര്‍... പാര്‍ട്ടി അന്വേഷിക്കും; ആര്യ രാജേന്ദ്രന്‍ ഒഞ്ചിയത്തെന്ന് സിപിഎം
തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക തസ്തികകളില്‍ സിപിഎം പ്രവര്‍ത്തകരെ തിരുകികയറ്റാന്‍ ശ്രമം നടക്കുന്നു എന്നതിന് തെളിവായ കത്ത് വിവാദമാകുന്നു. മേയര്‍ ആര്യാ രാജേന്ദ്രന്റെ ലെറ്റര്‍പാഡില്‍ മേയര്‍ ഒപ്പുവച്ചുള്ള കത്താണ് പുറത്തായത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് കത്ത് അയച്ചിരിക്കുന്നത്. സഖാവെ ജോലി ഒഴിവുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പുറത്തായതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്.
മേയര്‍ രാജിവയ്ക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമാക്കുമെന്ന് ഇരുപാര്‍ട്ടികളും അറിയിച്ചു. തൊട്ടുപിന്നാലെ മേയര്‍ ആര്യ രാജേന്ദ്രനും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരണവുമായി രംഗത്തെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

കോര്‍പറേഷനിലെ താല്‍ക്കാലിക തസ്തികകളില്‍ 295 ഒഴിവുകളുണ്ട് എന്ന് കാണിച്ചാണ് മേയറുടെ കത്ത്. കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ നിന്നാണ് കത്ത് ചോര്‍ന്നത് എന്നാണ് വിവരം. ബന്ധപ്പെട്ട വ്യക്തിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും വാര്‍ത്തകളുണ്ട്. ഇതിനിടെയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് കത്ത് അയച്ചിട്ടില്ലെന്ന് മേയര്‍ പ്രതികരിച്ചു. കത്ത് നല്‍കിയ തിയ്യതിയില്‍ താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കത്ത് അയച്ചില്ലെങ്കില്‍ പ്രചരിക്കുന്ന കത്തിനെതിരെ മേയര്‍ നിയമ നടപടി സ്വീകരിക്കുമോ എന്നാണ് ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം ഇങ്ങനെയാണ്- കത്ത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ ഒരു കത്ത് എഴുതേണ്ട കാര്യമില്ല. അതിന് മറുപടിയും കൊടുത്തിട്ടില്ല. കത്ത് വ്യാജമാണോ എന്ന് അറിയില്ല. മാധ്യമങ്ങളില്‍ കണ്ട വിവരം മാത്രമാണുള്ളത്. പോലീസില്‍ പരാതിപ്പെടുമോ എന്ന് മേയറോട് ചോദിക്കണമെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

മേയറില്‍ നിന്ന് വിശദീകരണം ചോദിക്കാന്‍ സാധിച്ചിട്ടില്ല. അവര്‍ കോഴിക്കോട് ഒഞ്ചിയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണ്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മേയര്‍ വൈകീട്ട് തിരിച്ചെത്തും. വിശദമായ വിവരങ്ങള്‍ അറിഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

മേയറുടെ ലെറ്റര്‍പാഡ് ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് അറിയില്ല. പത്രത്തില്‍ കണ്ട വിവരം മാത്രമേ എനിക്കുള്ളൂ. കത്ത് വ്യാജമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ല. മേയറുമായി സംസാരിച്ച ശേഷമേ പറയാന്‍ സാധിക്കൂ. മേയറെ വിളിച്ചിട്ട് കിട്ടിയില്ല. പാര്‍ട്ടി അന്വേഷിച്ച് ബാക്കി കാര്യങ്ങള്‍ പറയാം. മനസിലാക്കാതെ പറയുന്നത് ശരിയല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

അതേസമയം, പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മേയറെ പുറത്താക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. സമരം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രഖ്യാപിച്ചു. കത്ത് വ്യാജമാണ് എന്ന വാദമുണ്ടെങ്കില്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെടുന്നില്ല എന്ന് ജ്യോതികുമാര്‍ ചാമക്കാല ചോദിക്കുന്നു.

ഡല്‍ഹിയില്‍ പോയി മേയര്‍ ജോലി തരൂ എന്ന് ചോദിക്കുന്നു. ഇവിടെ ജോലി വില്‍ക്കുന്നു... എന്ന ട്രോളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. സിപിഎം എല്ലാ മേഖലയിലും സ്വജനപക്ഷപാതം കാണിക്കുന്നുവെന്നും സ്വന്തം ആളുകളെ മാത്രം നിയമിക്കുകയാണെന്നും ബിജെപി ആരോപിച്ചു. കോര്‍പറേഷന്‍ ഭരണസമിതി പിരിച്ചുവിടണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications