മേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടും വെട്ടില്‍; മറ്റൊരു കത്ത് കൂടി പുറത്ത്, വിജിലന്‍സിന് പരാതി, പ്രതിഷേധം
തിരുവനന്തപുരം: പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയില്‍ തിളങ്ങിയ ആര്യ രാജേന്ദ്രന് കുരുക്ക് മുറുകുന്നു. സിപിഎമ്മുകാരെ താല്‍ക്കാലിക തസ്തികയില്‍ നിയമിക്കാന്‍ നീക്കം നടത്തിയ മറ്റൊരു കത്ത് കൂടി പുറത്തായി. ഒന്നിന് പിറകെ ഒന്നായി കത്തുകള്‍ പുറത്തുവരുമ്പോള്‍ മേയര്‍ വ്യക്തമായ മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പാണ്. അതിനിടെ മേയര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചു.
കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മേയറുടെ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചിട്ടില്ലെന്നാണ് മേയര്‍ നേരത്തെ പ്രതികരിച്ചത്. കത്തിനെ കുറിച്ച് അറിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും പറഞ്ഞു. ഇതിനിടെയാണ് മറ്റൊരു കത്ത് കൂടി പുറത്തായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികളിലെ ഒഴിവുകള്‍ സംബന്ധിച്ചും അപേക്ഷിക്കേണ്ട അവസാന തിയ്യതി വിശദീകരിച്ചുമാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മേയറും സിപിഎം ജില്ലാ സെക്രട്ടറിയും നിഷേധിച്ചു രംഗത്തുവന്നു. ഇതിനിടെയാണ് മറ്റൊരു കത്ത് പുറത്തുവന്നത്.

എസ്എടി ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു കത്ത് കൂടിയാണ് പുറത്തുവന്നിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റ് ചോദിക്കുന്ന രീതിയിലാണ് കത്ത്. കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡിആര്‍ അനിലാണ് കത്തയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കോര്‍പറേഷന്‍ മേധാവി എന്ന നിലയില്‍ മേയറും സിപിഎമ്മും ഇതിനും മറുപടി പറയേണ്ടി വരും.

രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബ ശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ് ലിസ്റ്റ് ചോദിച്ചത്. ജീവനക്കാരെ നിയമിക്കുന്നതിന് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. സെപ്തംബര്‍ 23ന് ചേര്‍ന്ന കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റാണ് ചോദിച്ചിരിക്കുന്നത്.

മാനേജര്‍ക്ക് 20000 രൂപയാണ് ശമ്പളം, കെയര്‍ ടേക്കര്‍ക്കും സെക്യൂരിറ്റിക്കും ശമ്പളം 17000 രൂപ. ക്ലീനര്‍ക്ക് 12500 രൂപ കിട്ടും. കെയര്‍ടേക്കര്‍ക്കും സെക്യൂരിറ്റിക്കുമായി അഞ്ച് ഒഴിവുകളാണുള്ളത്. ക്ലീനറുടെ മൂന്ന് ഒഴിവുകളുമുണ്ട്. കോര്‍പറേഷനില്‍ സ്വന്തം പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ സിപിഎമ്മും ഭരണകൂടവും ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നതിനിടെയാണ് കത്തുകള്‍ പുറത്തായത്.

അതിനിടെ, മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചു. മുന്‍ കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാറാണ് പരാതിക്കാരന്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോര്‍പറേഷനില്‍ നടന്ന എല്ലാ താല്‍ക്കാലിക നിയമനങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. കത്ത് അയച്ച ആരോപണത്തില്‍ വിശദമായ പരിശോധന നടത്തിയ ശേഷം പ്രതികരിക്കാമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മേയറുടെ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ പോലീസ് പിടിച്ചുമാറ്റി. മേയറെ പുറത്താക്കണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടു. മേയര്‍ ഭരണഘടനാ ലംഘം നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോഴിക്കോടുള്ള മേയര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയാല്‍ ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് വിവരം.

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിക്ക് നിയമനം സംബന്ധിച്ച് കത്തയച്ചിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. കത്തില്‍ സൂചിപ്പിച്ച തിയ്യതിയില്‍ താന്‍ തിരുവനന്തപുരത്തില്ലായിരുന്നുവെന്നും ആര്യ രാജേന്ദ്രന്‍ വിശദീകരിച്ചു. മേയറുടെ കത്ത് കണ്ടിട്ടില്ലെന്നും കത്തയക്കേണ്ട ആവശ്യമില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. കത്ത് വ്യാജമാണെങ്കില്‍ പോലീസില്‍ പരാതി നല്‍കുമോ എന്ന് മേയറോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications