ആര്യയുടെ വൈറല്‍ ഫോട്ടോ; ദിവ്യ എസ് അയ്യരുടെ പ്രതികരണം ഇങ്ങനെ, 'ഇനിയും മകനെ ഒപ്പം കൂട്ടും'
തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈക്കുഞ്ഞിനൊപ്പം ഓഫീസിലിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും ധാരാളം കമന്റുകളും വന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. നേരത്തെ ഒരു പൊതുപരിപാടിയില്‍ മകനൊപ്പം വേദിയില്‍ എത്തിയതിന് സമാന അനുഭവം ദിവ്യയും നേരിട്ടിരുന്നു.
എന്നാല്‍ ആര്യയും താനും സാധാരണഗതിയില്‍ എല്ലാവരും ചെയ്യുന്ന കാര്യമാണ് ചെയ്തതെന്നാണ് ദിവ്യ എസ് അയ്യര്‍ പറയുന്നത്. മനോരമ ഓണ്‍ലൈനിനോടാണ് ദിവ്യയുടെ പ്രതികരണം. അതിനെ അസാധാരണമായി കാണേണ്ടതില്ലെന്നും ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലത്ത് താനും അമ്മയ്‌ക്കൊപ്പം ബാങ്കില്‍ പോയിരുന്നിരുന്നു എന്നും അങ്ങനെയുള്ള അനുഭവങ്ങള്‍ നമ്മള്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു എന്നുമാണ് ദിവ്യ പറയുന്നത്.

'അച്ഛനും അമ്മയും ജോലിസ്ഥലത്ത് മക്കളെ കൂടെക്കൂട്ടുന്നത് പുതിയ കാര്യമല്ല. പണ്ട് പാടത്ത് പണിയെടുക്കുന്നവര്‍ അവിടെ തൊട്ടില്‍ കെട്ടി കുഞ്ഞിനെ നോക്കാറുണ്ടല്ലോ. അത് തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്,' ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയെ വളര്‍ത്തുക എന്നുള്ളത് അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ ചുമതലയാണ് എന്നും കലക്ടര്‍ വ്യക്തമാക്കി.
കുഞ്ഞിനെ വളര്‍ത്തുന്നത് ഒരു ജോലി അല്ല എന്നും അവരുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നു എന്നേയുള്ളൂ എന്നും ദിവ്യ ചൂണ്ടിക്കാട്ടി. കുഞ്ഞിനെ നോക്കാന്‍ അച്ഛന് അവസരം കിട്ടുന്നില്ലെങ്കിലോ അവര്‍ ചെയ്യുന്നില്ലെങ്കിലോ അത് അച്ഛന്റെ നഷ്ടമാണ് എന്നും ദിവ്യ എസ് അയ്യര്‍ പറയുന്നു. കുട്ടികളെ നോക്കുന്ന കാര്യത്തില്‍ അച്ഛനമ്മമാര്‍ എന്നോ അമ്മൂമ്മയെന്നോ ഒന്നുമില്ല. എല്ലാവരും മത്സരിച്ച് ചെയ്യണമെന്നും ദിവ്യ പറയുന്നു.
പൊതുവേദിയില്‍ മകനെ കൊണ്ടുപോയതില്‍ യാതൊരു പ്രശ്‌നവും തോന്നിയിട്ടില്ലെന്നും അവസരം കിട്ടിയാല്‍ ഇനിയും കൊണ്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ കാര്യങ്ങള്‍ നോക്കുന്ന ആള്‍ മാത്രമല്ല അവന്റെ അമ്മ എന്ന് മകന്‍ അറിയണം എന്ന് തനിക്ക് നിര്‍ബന്ധമുണ്ട്. സമൂഹത്തില്‍ അമ്മ ആരാണെന്ന് അറിഞ്ഞുതന്നെ തന്റെ മകന്‍ വളരണം എന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്താത്ത രീതിയില്‍ മകന് എത്ര എക്‌സ്‌പോഷര്‍ കൊടുക്കാന്‍ പറ്റുമോ അത്രയും കൊടുക്കണം. അതിനാണ് മകനെ പലപ്പോഴും ഒപ്പം കൂട്ടുന്നത്. അതുകൊണ്ടുതന്നെ മകനെ പൊതുവേദിയില്‍ കൊണ്ടുപോയതിന് പലരും വിമര്‍ശിച്ചെങ്കിലും അത് തന്നെ ബാധിക്കാറില്ല എന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications