കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം'; രൂക്ഷ വിമർശനം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൂട്ടപലായനത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾ. സർക്കാർ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് ഇവർ തെരുവിലിറങ്ങിയിരിക്കുന്നത്. അടച്ച് പൂട്ടൽ പ്രഖ്യാപിച്ചതോടെ തൊഴിലും താമസ സൗകര്യവും ലഭിക്കാതായതോടെയാണ് നൂറ് കണക്കിന് പേർ ജൻമനാട്ടിലേക്ക് തിരിച്ചത്.

അതേസമയം ഇവരുടെ കൂട്ടപലായനത്തിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് രാജേഷിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 തെരുവിലെ ഇന്ത്യ

തെരുവിലെ ഇന്ത്യ

ചിത്രത്തിൽ കാണുന്നതാണ് തെരുവിലെ ഇന്ത്യ. ബാൽക്കണിയിലെ ഇന്ത്യയിൽ നിന്ന് വളരെ താഴെ.തെരുവിലെ ഇന്ത്യ, കത്തുന്ന വെയിലിൽ, പിഞ്ചു കുഞ്ഞുങ്ങളേയും ജീവിതഭാരവും ചുമന്ന് കുട്ടപ്പലായനം ചെയ്യുകയാണിന്ന്. കൊറോണക്കും പട്ടിണിക്കും മദ്ധ്യേയുള്ള ആർത്തനാദമാണ് അവർക്കിന്ന് ജീവിതം. അവരുടെ വിയർപ്പ് മാത്രമല്ല, ആ മനുഷ്യരുടെ കഴിക്കാത്ത ചോറു കൂടിയാണ് അംബരചുംബികളിൽ എഴുന്നു നിൽക്കുന്ന നമ്മുടെ നാഗരികത.ബാൽക്കണിയിലെ ഇന്ത്യയുടെ ആകുലത ,ലോക്ക് ഡൗൺ സൃഷ്ടിക്കുന്ന വിരസത എങ്ങിനെ അകറ്റാമെന്നാണ്. പലായനം ചെയ്യുന്നവരുടെ ഉള്ളു പിടയുന്നത് വിശന്ന് വലഞ്ഞ് പുല്ലു തിന്നുന്ന സ്വന്തം മക്കളുടെ ജീവൻ ഏപ്രിൽ 14 വരെ എങ്ങിനെ പിടിച്ചു നിർത്താമെന്നോർത്താണ്.

 ഹിന്ദുവും മുസ്ലീമും ദളിതരുമെല്ലാമുണ്ട്

ഹിന്ദുവും മുസ്ലീമും ദളിതരുമെല്ലാമുണ്ട്

ഈ പലായനം ചെയ്യുന്ന വരിൽ ഹിന്ദുവും മുസ്ലീമും ദളിതരുമെല്ലാമുണ്ട്. ഇപ്പോൾ അവരെല്ലാം ഒരേ ദുരിത ദൂരം ഒരുമിച്ച് താണ്ടുന്നവരാണ്. കൊറോണ യല്ലാതെ, വർഗ്ഗീയ വൈറസ് പടരുമ്പോഴും തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവരും എല്ലാം നഷ്ടപ്പെടുന്നവരും ഇവരൊക്കെത്തന്നെ. അധികാരത്തിൻ്റെ ബാൽക്കണി കളുയരുന്നതും അവരുടെ ചെലവിലാണ്.
ഇത്രയുമാകുമ്പോഴേക്കും തന്നെ പല്ലിറുമ്മിക്കൊണ്ട് ചിലർ FB യിലേക്ക് വരും. സ്വീകരണമുറിയിലെ തണുപ്പിലിരുന്ന് രാമായണം കണ്ട് ആനന്ദിക്കാനും ശേഷം ബാൽക്കണിയിലിരുന്ന് കാറ്റ് കൊണ്ട് റിലാക്സ് ചെയ്യാനും ഭാഗ്യം സിദ്ധിച്ചവർ. അവർ രോഷം കൊള്ളും. ഈ സമയത്തും രാഷ്ട്രീയം പറയുന്നോടാ .......... എന്നലറും.

 രാഷ്ട്രീയം മാത്രം പറയാൻ പാടില്ലത്രേ

രാഷ്ട്രീയം മാത്രം പറയാൻ പാടില്ലത്രേ

കൊറോണക്കാലത്ത് അല്ലലില്ലാതെ, ഭക്തി സാന്ദ്രമായി രാമായണം കാണാം. അതു കഴിഞ്ഞാൽ FB യിൽ വന്ന് കണ്ണിൽ കണ്ടവരെ തൊള്ള നിറയെ തെറിയും വിളിക്കാം. എന്നിട്ട് സമാധാനത്തോടെ പോയി കിടന്നുറങ്ങാം. പക്ഷേ രാഷ്ട്രീയം മാത്രം പറയാൻ പാടില്ലത്രേ. നമ്മുടെ മുമ്പിൽ ഇപ്പോൾ കാണുന്ന ഈ അഗാധമായ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് പറയുന്നത് രാഷ്ട്രീയമാണെന്നറിയാം അല്ലേ? അത് രാഷ്ട്രീയമെങ്കിൽ അത് പറയേണ്ട സമയമിതാണ്. ചോദ്യങ്ങളുയർത്തേണ്ടതും ഇപ്പോൾ തന്നെ.

 നിർഗുണ നിഷ്കളങ്കർ

നിർഗുണ നിഷ്കളങ്കർ

പിന്നെ ചിലർ വരും. നിർഗുണ നിഷ്കളങ്കർ. "അവരെന്തിനാണ് പോകുന്നത്. അവരോട് അവിടെത്തന്നെ നിൽക്കാനല്ലേ പറഞ്ഞിട്ടുള്ളത് " എന്നും പറഞ്ഞ്. ഐ ഏ.എസുകാരനായ ഒരു യുവ സബ് കളക്ടർ എല്ലാ സൗകര്യങ്ങളും പരിചാരക വൃന്ദവും ഒക്കെ ഉണ്ടായിട്ടും ഭക്ഷണത്തിന് മുട്ടുണ്ടാവുമെന്ന ഭയക്കേണ്ട ഒരു സാഹചര്യവും ഇല്ലാതിരുന്നിട്ടും സ്വന്തം നാട്ടിലേക്ക് മുങ്ങിയത് എന്തിന് എന്നവർ ചോദിക്കില്ല.കാവിലെ കുരങ്ങുകൾക്കും തെരുവിലെ അനാഥരായ പട്ടികൾക്കും പോലും ഭക്ഷണം ഉറപ്പാക്കുന്ന സർക്കാരുള്ള നാടല്ല മറ്റുള്ളവയെല്ലാമെന്നവർ തിരിച്ചറിയുകയുമില്ല. ഇവിടുത്തെ കാവിലെ കുരങ്ങിൻ്റെയും തെരുവിലെ പട്ടിയുടേയും പരിഗണനപോലും കിട്ടാത്തതു കൊണ്ടല്ലേ അവർ തിളച്ച വെയിലിൽ നരകയാത്ര നടത്തുന്നത്? അവർ രാവിലേയും രാത്രിയും ഒരേ സീരിയൽ കണ്ട വിരസത മാറ്റാൻ നിലാവാസ്വദിക്കാൻ ഇറങ്ങിയതല്ലല്ലോ. അവർക്ക് 'വർക്ക് ഫ്രം ഹോമി'ന് പാങ്ങുമില്ലല്ലോ. ഹോം ലെസും ഔട്ട് ഓഫ് വർക്കുമായ അവരെ അറ്റമില്ലാത്ത ഈ ദുരിതപാതയിലേക്ക് ഇറക്കിവിട്ടതിൽ രാഷ്ട്രീയമില്ലേ
രാഷ്ട്രീയം പറയാത്ത പരമ മാന്യരേ?

 കരുതലുണ്ടായിരുന്നെങ്കിൽ

കരുതലുണ്ടായിരുന്നെങ്കിൽ

ലോക്ക് ഡൗൺ ഒഴിവാക്കുക സാദ്ധ്യമായിരുന്നില്ല. ശരി. പക്ഷേ ഈ മനുഷ്യ ദുരിതം ഒഴിവാക്കുക സാദ്ധ്യമായിരുന്നു. അവരെക്കുറിച്ച് ഒരു കരുതലുണ്ടായിരുന്നെങ്കിൽ.അല്പം സാവകാശം കൊടുത്തിരുന്നെങ്കിൽ. തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിൽ. പട്ടിണിയാവില്ലെന്ന ഉറപ്പ് പാലിച്ചിരുന്നെങ്കിൽ. ഒടുവിൽ,മനുഷ്യർ വീട്ടിലിരിക്കാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിൻ്റെ കഥയെന്തായി? ഈ ദരിദ്രർക്ക് ദുരിതത്തിനും ദാരിദ്ര്യത്തിനും പുറമേ കൊറോണ പടരുമെന്ന ഭീഷണി വേറെയും.
കൊറോണ രണ്ട് ഇന്ത്യയെ കാണിച്ചുതരുന്നു. കണ്ണടച്ചിരുട്ടാക്കാത്തവർക്കെല്ലാം കാണാം. മനുഷ്യപ്പറ്റുള്ളവർക്കെല്ലാം അത് തീവ്രമായ വേദനയും രോഷവുമുണ്ടാക്കും. ബാൽക്കണിയിൽ തിമിർക്കുന്ന ചിലർക്ക്, (എല്ലാവർക്കുമല്ല) തെരുവിലെ മനുഷ്യരുടെ ദുരിതത്തെക്കുറിച്ച് പറയുന്ന രാഷ്ട്രീയം സഹിക്കില്ലത്രേ. ഇക്കാലത്ത് കേൾക്കാവുന്ന ഏറ്റവും മനുഷ്യ വിരുദ്ധമായ അശ്ലീലം ഇതല്ലാതെ വേറെന്താണ്?

English summary
MB Ragesh against govt over migrant workers exodus,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X