കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില പറയാൻ വന്ന മമതയുടെ സംഘത്തെ ഓടിച്ച് വിട്ട സിപിഎം എംഎല്‍എമാര്‍! എംബി രാജേഷിന്റെ കുറിപ്പ് വൈറൽ!

Google Oneindia Malayalam News

ജനപ്രതിനിധികളും നേതാക്കളും കൂറുമാറുന്നതും കാല് വാരുന്നതും സർക്കാരുകളെ അട്ടിമറിക്കുന്നതും രാജ്യത്ത് ഒരു പുതിയ സംഭവമേ അല്ലാതായിരിക്കുകയാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം നിരവധി സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കപ്പെട്ടു. ജനവിധി മറികടന്ന് എംഎൽഎമാരെ വിലയ്ക്കെടുത്ത് പലേടത്തും സർക്കാരുകൾ രൂപീകരിക്കപ്പെട്ടു.

അതിനിടെ ബംഗാളിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്തയുണ്ട്. ബംഗാളിലെ സിപിഎം എംഎൽഎമാരെ ചാക്കിടാൻ പോയ മമത ബാനർജിയുടെ സംഘത്തിന് നാണംകെട്ട് മടങ്ങേണ്ടി വന്നു എന്നതാണാ വാർത്ത. എല്ലാവരേയും വിലക്കെടുക്കാനാവില്ലെന്നും എല്ലാവരും ഒരുപോലെയല്ലെന്നുമാണ് സിപിഎം തെളിയിക്കുന്നതെന്ന് മുൻ എംപിയായ എംബി രാജേഷ് ഫേസ്ബുക്കിൽ കുറിക്കുന്നു. ആ മൂന്നുപേർ മാത്രമല്ല എന്ന തലക്കെട്ടിലാണ് കുറിപ്പ്.

എല്ലാവരേയും വിലക്കെടുക്കാനാവില്ല

എല്ലാവരേയും വിലക്കെടുക്കാനാവില്ല

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: " എല്ലാ രാഷ്ട്രീയക്കാരും കണക്കാണ്." സ്വന്തം രാഷ്ട്രീയം മോശമാണെന്ന് സമ്മതിക്കേണ്ടി വരുമ്പോൾ പതിവായി പ്രയോഗിക്കുന്ന ഒരു വലതുപക്ഷ കുയുക്തിയാണിത്. അതുപോലെയാണ് " പണം കൊണ്ട് വിലക്കെടുക്കാൻ പറ്റാത്തതായി ആരുമില്ല" എന്ന ചിലരുടെ ധാരണയും. എല്ലാവരേയും വിലക്കെടുക്കാനാവില്ലെന്നും എല്ലാവരും ഒരുപോലെയല്ലെന്നും 'ദി ന്യു ഇന്ത്യൻ എക്സ്പ്രസ്സ് ' റിപ്പോർട്ട് ചെയ്ത ഒരു വാർത്ത തെളിയിക്കുന്നു.

വടക്കൻ ബംഗാളിൽ തിരിച്ചടി

വടക്കൻ ബംഗാളിൽ തിരിച്ചടി

വാർത്തയുടെ ചുരുക്കമിങ്ങനെ. ബാഗാളിൽ മമതാ ബാനർജിയുടെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള കരാർ പ്രശാന്ത് കിഷോറിൻ്റെ പി.ഏ.സി. എന്ന ഏജൻസിയാണ് എടുത്തിരിക്കുന്നത്. 2014ൽ മോദിയുടെ പ്രചാരണ പരിപാടികൾ ആവിഷ്ക്കരിച്ച അതേ പ്രശാന്ത് കിഷോർ തന്നെ. തൃണമുലിൻ്റെ ശക്തികേന്ദ്രമായിരുന്ന വടക്കൻ ബംഗാളിൽ തിരിച്ചടി ഉണ്ടാകുമെന്ന് പ്രശാന്ത് കിഷോർ സംഘം വിലയിരുത്തി. പ്രധാന കാരണം തൃണമുലിൻ്റെ അഴിമതിയും കൊള്ളയും ജനങ്ങളിലുണ്ടാക്കിയ രോഷം.

അവർ മൂന്നു പേരെ തേടിച്ചെന്നു

അവർ മൂന്നു പേരെ തേടിച്ചെന്നു

സത്യസന്ധരായ ചില മുഖങ്ങളെ കണ്ടെത്തി അവതരിപ്പിക്കുകയേ മാർഗ്ഗമുള്ളു. അതിനവർ മൂന്നു പേരെ തേടിച്ചെന്നു. ഒരാൾ സിറ്റിങ്ങ് എം.എൽ.എ.. രണ്ടു പേർ മുൻ എം.എൽ.എമാർ . മൂവരും മുതിർന്ന സി.പി.എം.നേതാക്കൾ. (ജനങ്ങൾക്ക് വിശ്വാസമുള്ള സത്യസന്ധരായ നേതാക്കൾ ബംഗാളിൽ സി.പി.എം ൽ മാത്രമേ ഉള്ളൂവെന്നർത്ഥം) സിറ്റിങ്ങ് എം.എൽ.എ മമതാ റോയ്. മറ്റു രണ്ടു മുൻ എം.എൽ.എ.മാരിൽ ഒരാൾ എഴുപതു കഴിഞ്ഞ ലക്ഷമീകാന്ത റോയിയും ബന മാലി റോയിയും.

വീടിനകത്തേക്ക് പ്രവേശിപ്പിച്ചില്ല

വീടിനകത്തേക്ക് പ്രവേശിപ്പിച്ചില്ല

രണ്ടു തവണ എം.എൽ.എ.യായിരുന്ന ലക്ഷ്മീകാന്തയുടെ മൺചുമരുകളുള്ള ഓടുമേഞ്ഞ വീടിനകത്തേക്ക് അദ്ദേഹം അവരെ പ്രവേശിപ്പിച്ചില്ല. മുറ്റത്ത് കസേരയിട്ടിരുത്തി. അകത്തിരുന്നു സംസാരിക്കാമെന്നവർ പറഞ്ഞപ്പോൾ കമ്യൂണിസ്റ്റായ തന്നോട് ഇവിടിരുന്ന് പറയാനാവാത്ത എന്ത് രഹസ്യമാണുള്ളത് എന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹത്തിൻ്റെ വീടിൻ്റെ പരിതസ്ഥിതി കണ്ട് അത്ഭുതപ്പെട്ട അവർ അദ്ദേഹം തൃണമൂലിൽ ചേർന്നാൽ ലഭിക്കാവുന്ന നേട്ടങ്ങൾ പറഞ്ഞു. എഴുപതു കഴിഞ്ഞ ആ കമ്യൂണിസ്റ്റുകാരൻ അവരോട് പറഞ്ഞ മറുപടി " എല്ലാവരേയും നിങ്ങൾക്ക് വിലക്കെടുക്കാനാവില്ല " എന്നായിരുന്നു.

അമിത് ഷായ്ക്ക് ചുട്ട മറുപടി

അമിത് ഷായ്ക്ക് ചുട്ട മറുപടി

ആരോഗ്യ പ്രശ്നങ്ങൾ മൂലം സജീവ പ്രവർത്തന രാഗത്തില്ലാത്ത അദ്ദേഹം അവരോട് ഇത്രയും കൂടി പറഞ്ഞു. " ഞാൻ പാർട്ടി പ്രവർത്തനത്തിൽ നിന്നു മാത്രമേ വിരമിച്ചിട്ടുള്ളൂ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വിരമിച്ചിട്ടില്ല ". മമതറോയി ഇനി ഈ വഴിക്ക് വരരുതെന്ന് താക്കീത് ചെയ്താണത്രേ പ്രശാന്തിൻ്റെ സംഘത്തെ പറഞ്ഞു വിട്ടത്. ബന മാലിയാണെങ്കിൽ അവരെ കാണാനേ കൂട്ടാക്കിയില്ല. ഒരു വർഷം മുമ്പാണ് ത്രിപുരയിൽ നിന്നുള്ള രാജ്യസഭാംഗം ഝർണാ ദാസ് എന്ന കമ്യൂണിസ്റ്റ് വനിത ബി.ജെ.പി.യിലേക്ക് ക്ഷണിച്ച അമിത് ഷായ്ക്ക് ചുട്ട മറുപടി നൽകിയത്.

ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത മറുപടി

ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത മറുപടി

" അവസാന ശ്വാസം വരെ നിങ്ങളുടെ വർഗീയ പ്രത്യയശാസ്ത്രത്തിനെതിരെ ഞാൻ പോരാടും എന്നാണവർ ഷായുടെ മുഖത്തു നോക്കി പറഞ്ഞത്. ഒരു പക്ഷേ ഷായോട് ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത മറുപടി. സ്വന്തം ഭർത്താവിനെ തീവ്രവാദികൾ കൺമുന്നിലിട്ട് കൊല്ലുന്നത് കാണേണ്ടി വന്ന ആഘാതം അതിജീവിക്കാനും രാഷ്ട്രീയമായി വിലക്കെടുക്കാൻ വന്ന അധികാര ഗർവ്വിൻ്റെ മുഖത്തു നോക്കി നിങ്ങൾക്ക് ആളു തെറ്റിയെന്ന് പറയാനുമുള്ള കരുത്തുണ്ടല്ലോ അത് മാർക്സിസം എന്ന പ്രത്യയശാസ്ത്രത്തിൽ നിന്ന് ആർജിക്കുന്നതാണ്.

അധികാര പങ്കാളിത്തം വേണ്ടെന്ന് വെച്ചു

അധികാര പങ്കാളിത്തം വേണ്ടെന്ന് വെച്ചു

അതേ പ്രത്യയശാസ്ത്രത്തിൻ്റെ ഉൾക്കരുത്തു കൊണ്ടാണ് സ്വന്തം നയം നടപ്പാക്കാൻ ഭൂരിപക്ഷമില്ലാത്ത അധികാര പങ്കാളിത്തം വേണ്ടെന്ന് 1996 ൽ തീരുമാനിക്കാൻ കഴിഞ്ഞതും. ആദർശപരമായ നിലപാടിൻ്റെ പേരിൽ പ്രധാനമന്ത്രി കസേരയൊക്കെ വേണ്ടെന്നു വെക്കുന്ന കാര്യം മറ്റേത് പാർട്ടിക്ക് കഴിയും? ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ ഉതകില്ലെങ്കിൽ ആ അധികാരം വേണ്ടെന്നാണ് നിശ്ചയിച്ചത്.2004 ൽ U PA -1 നെ പിന്തുണച്ചപ്പോൾ എത്ര മന്ത്രി സ്ഥാനം, ഏത് വകുപ്പ് വേണമെങ്കിലും ലഭിക്കുമായിരുന്നു. അധികാര പങ്കാളിത്തമല്ല പ്രധാനം എന്ന നിലപാടെടുത്ത് പുറത്തു നിന്ന് പിന്തുണക്കുകയാണ് ചെയ്തത്.

അവിശ്വസനീയമായി തോന്നാം

അവിശ്വസനീയമായി തോന്നാം

വിലക്കെടുത്തും വെട്ടിപ്പിടിച്ചും അധികാരമുറപ്പിക്കാനുള്ള അശ്ലീല നാടകങ്ങൾ പതിവായിക്കഴിഞ്ഞ ഇന്ന് അത്ര പഴയതല്ലാത്ത ഈ സംഭവങ്ങൾ അവിശ്വസനീയമായി തോന്നാം. അന്ന് ദൽഹിയിലെ AKG ഭവനു മുന്നിൽ ഇന്ത്യയിലെ 200 ലേറെ പൗരപ്രമുഖർ ധർണ നടത്തി. സി.പി.എം സർക്കാരിൽ പങ്കാളിയാവണമെന്നായിരുന്നു അവരുടെ ആവശ്യം! UPA സർക്കാരിന് വിശ്വാസ്യത ഉണ്ടാവണമെങ്കിൽ CPM ചേരണമെന്നായിരുന്നു അവരുടെ വാദം. അതായത് സ്വാധീനത്തിൽ ചെറുതെങ്കിലും വിശ്വാസ്യതയിൽ സി.പി.എം മറ്റാരേക്കാളും ഉയരത്തിലാണെന്നർത്ഥം.

ടാറ്റ അയച്ച 87 ലക്ഷത്തിൻ്റെ ചെക്ക് തിരിച്ചയച്ചു

ടാറ്റ അയച്ച 87 ലക്ഷത്തിൻ്റെ ചെക്ക് തിരിച്ചയച്ചു

ആ വിശ്വാസ്യതയുടെ പിൻബലം പ്രത്യയശാസ്ത്രമാണ്. പാർട്ടിക്ക് സംഭാവനയായി ടാറ്റ അയച്ച 87 ലക്ഷത്തിൻ്റെ ചെക്ക് തിരിച്ചയച്ചു കൊണ്ട് കോർപ്പറേറ്റ് സംഭാവന സി.പി.എം. വാങ്ങില്ല എന്ന് പ്രഖ്യാപിച്ചതും സി.പി.എമ്മിൻ്റെ വർഗ്ഗ നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിൽ എണ്ണത്തിൽ കുറവായിരിക്കാം. തെരഞ്ഞെടുപ്പിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യാം. അധികാരം ഉണ്ടാവാം ഇല്ലാതിരിക്കാം. അതിനെല്ലാം അപ്പുറമുള്ള ചിലതിനെ ഇന്നത്തെ ഇന്ത്യയിലും ഉയർത്തിപ്പിടിക്കുന്നവരാണ് കമ്മ്യുണിസ്റ്റുകാർ എന്ന് ബംഗാളിൽ നിന്നുള്ള ഈ വാർത്ത ഓർമ്മിപ്പിക്കുന്നു. എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയല്ല എന്നും.

English summary
MB Rajesh about CPM's credibility in Indian politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X