ഗൗരി ലങ്കേഷിന്റെ നെറ്റിയിലേക്ക് തന്നെ വെടിയുതിർത്തത് എന്തിന്? എംബി രാജേഷ് പറയും അതിന്റെ ഉത്തരം...
പാലക്കാട്: മുതിർന്ന മാധ്യമപ്രവർത്തക ഗൗരിലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം പുകയുകയാണ്. നിരവധി പ്രമുഖരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാൻ ഏഴുവെടിയുണ്ടകൾ ആവശ്യമായിരുന്നില്ലല്ലോ. ഗാന്ധിജിക്കു പോലും അവർ മൂന്നെണ്ണമല്ലേ ചെലവിട്ടുള്ളൂ. കൊല്ലാൻ ഹൃദയം പിളർന്ന ഒരൊറ്റയണ്ണം മതിയായിരുന്നല്ലോ. എന്നിട്ടും മറ്റൊന്ന് നെറ്റിയിലേക്കു തന്നെ തൊടുത്തതെന്തുകൊണ്ടായിരിക്കും? എന്ന ചോദ്യവുമായി എംബി രാജേഷ് എംപി രംഗത്ത്.
എന്നാൽ ഇതിനുള്ള ഉത്തരം എംബി രാജേഷ് തന്നെ പങ്കുവെക്കുന്നുണ്ട്. മൂർച്ചയുള്ള ചോദ്യങ്ങളുടെ പ്രഭവകേന്ദ്രമായ ആ തലച്ചോറിനോടുള്ള ഭയം തന്നെയാവണം എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എംബി രാജേഷ് പ്രതിഷേധം രേഖപ്പെടുത്തിയത്. അന്റോണിയോ ഗ്രാംഷിയുടെ തലച്ചോറിനെ നിശ്ചലമാക്കണമെന്നായിരുന്നല്ലോ മുസോളിനിയുടെ പബ്ലിക് പ്രോസിക്യൂട്ടർ ഇറ്റാലിയൻ കോടതിയിൽ അന്ന് ആവശ്യപ്പെട്ടത്.ചിന്തിക്കുന്ന തലച്ചോറുകളോടുള്ള ഭയവും പകയും അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മരണം ആഘോഷമാക്കുന്നു
മുസോളിനിയുടെ ഇറ്റലിയിലായാലും ഹിറ്റ്‌ലറുടെ ജർമ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും അതങ്ങിനെ തന്നെ. പിന്നെ മരണത്തിന്റെ ആഘോഷം. കൊല ഉത്സവമാക്കുന്നവർ മരണം ആഘോഷിക്കുന്നതിൽ എന്തത്ഭുതം? ഗാന്ധിജിയുടെ കൊലയും അക്കൂട്ടർ ഉത്സവമായി ആഘോഷിച്ചതാണല്ലോ എന്നും എംബി രാജേ,ഷ് പറഞ്ഞു.

ശാഖകളിൽ ഗാന്ധിജിയുടെ മരണം ആഘോഷിച്ചു
ശാഖകളിൽ മധുരം നുണഞ്ഞും പടക്കം പൊട്ടിച്ചും ഗാന്ധിഹത്യ ആഘോഷമാക്കിയതിനെക്കുറിച്ച്, മൂന്നു പതിറ്റാണ്ട് ഗാന്ധിജിയുടെ നിഴലായിരുന്ന പ്യാരേലാൽ 'ഗാന്ധി ദി ലാസ്റ്റ് ഫേസ്' എന്ന പുസ്തകത്തിൽ പറഞ്ഞതോർക്കുന്നില്ലേ? അന്ന് ട്വിറ്ററും ഫേസ്ബുക്കുമില്ലാതിരുന്നത് കൊണ്ടാവണം ശാഖകളിലും തെരുവിലുമായി ആഘോഷം ഒതുക്കിയതെന്ന് അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരത്തും ആഘോഷം
തിരുവനന്തപുരത്തെ അന്നത്തെ ആഘോഷത്തെക്കുറിച്ച് ഒഎൻവി വ്രണിത ഹൃദയനായി പറഞ്ഞതും മറക്കാറായില്ലല്ലോ. അനന്തമൂർത്തി അവരെ അല്പം നിരാശപ്പെടുത്തി. വെടിയുണ്ടക്കു കാത്തുനിൽക്കാതെ മരിച്ചുകളഞ്ഞു. കൊലയുടെ ലഹരി ആസ്വദിക്കാനായില്ലെങ്കിലും ആഘോഷം ഒട്ടും കുറച്ചില്ല.

ഡിജിറ്റൽ സ്പേസിൽ ആഘോഷം
ഗൗരിയുടെ ഊഴമായപ്പോഴേക്കും ആഘോഷത്തിനുള്ള എല്ലാ ചേരുവകളും ഒത്തു വന്നിരുന്നു. ഗാന്ധിജിയുടെ കാലത്ത് നിന്ന് 'ഡിജിറ്റൽ ഇന്ത്യ'യായി നാട് വളർന്നതുകാരണം അതിവിശാലമായ സൈബർസ്‌പേസിലായിരുന്നു ആഘോഷിച്ചു തിമിർത്തത്.

വരേണ്യ സംഘികൾ
ആഘോഷത്തിന്റെ നേതൃത്വം വെറും ഭക്തർക്കായിരുന്നില്ല. പ്രധാനമന്ത്രി പോലും ട്വിറ്റ്വെറില്‍ പിന്തുടരുന്നത്ര പരമയോഗ്യരായ വരേണ്യ സംഘികൾക്കായിരുന്നു. ഉറങ്ങാൻ പോലും സമയമില്ലാത്ത വിധം രാഷ്ട്രസേവനം നടത്തുന്നുവെന്ന് ഭക്തർ അവകാശപ്പെടുന്ന പ്രധാനമന്ത്രി തിരക്കിനിടയിലും പിന്തുടരുന്നത് കുറച്ചാളുകളെയാണെന്ന് അദ്ദേഹം പറയുന്നു.

വിഷസംഭരണി എവിടെ?
കണ്ട അലവലാതി കമ്മികളേയും കൊങ്ങികളേയുമൊന്നും പിന്തുടരുന്നയാളല്ല പ്രധാനമന്ത്രി എന്നും ഓർക്കണം. അത്രയും യോഗ്യരായ അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവർ, വെടിയേറ്റ് ചിതറിയ ഒരു സ്ത്രീയുടെ മൃതശരീരം ചിതയിലേക്കെടുക്കും മുമ്പ് വിഷം ചീറ്റാൻ തുടങ്ങിയെങ്കിൽ വിഷസംഭരണി എവിടെയാണെന്ന് അറിയാൻ പ്രയാസമുണ്ടോ? എന്ന് എംബി രാജേഷ് ചോദിക്കുന്നു.
വെടിയുണ്ടകൾ നെഞ്ചും നെറ്റിയും പിളർന്ന് ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുകയാണ്
പട്ടിക്കുഞ്ഞുങ്ങൾ ഫാസിസ്റ്റ് അധികാര രഥചക്രങ്ങൾക്കിടയിൽ ചതഞ്ഞുകൊണ്ടേയിരിക്കുകയാണ്.
വാതിൽപ്പടികളിൽ മരണം മുട്ടിവിളിച്ചുകൊണ്ടേയിരിക്കുകയാണ്. വെടിയുണ്ടകൾ നെഞ്ചും നെറ്റിയും പിളർന്ന് ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുകയാണ്. കത്തിച്ചുവച്ച മെഴുകുതിരികളും അനുശോചന യോഗങ്ങളും മതിയാവില്ല.
ബ്രെഹ്ത് ഹിറ്റ്‌ലറുടെ ജർമ്മനിയെ ചൂണ്ടിപ്പറഞ്ഞു. -'ഭയമാണിവിടെ ഭരിക്കുന്നത്. ഇന്ത്യ ഭയത്തിന്റെ റിപ്പബ്ലിക്കായിത്തീരാതിരിക്കാൻ അനുഷ്ഠാനങ്ങൾക്കപ്പുറം പ്രതിഷേധങ്ങൾക്ക് മൂർച്ച കൂട്ടാം. എന്ന് പറഞ്ഞാണ് എംബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications