'ഇഡിയുടെ ഊഞ്ഞാലിൽ മാധ്യമങ്ങളും സതീശനാദികളും എത്ര കാലം ആടും'? തുറന്നടിച്ച് എംബി രാജേഷ്
പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരെ കേസെടുക്കണമെന്ന് സംസ്ഥാന സർക്കാരിന് ഇഡി കത്തയച്ചതിൽ രൂക്ഷ വിമർശനവുമായി എംബി രാജേഷ്. ഇഡിക്ക് ഇന്നത്തെ ഇന്ത്യയിൽ ഒരു വിലയും ഇല്ലെന്നും ആരും വിശ്വസിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ എംബി രാജേഷ് തുറന്നടിച്ചു.
അസ്ഥിയിൽ പിടിച്ച കമ്യൂണിസ്റ്റ് വിരോധം കാരണമാണ് മാധ്യമങ്ങളും യുഡിഎഫും ഇഡി മാഹാത്മ്യം പാടുന്നത് എന്നും ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകർത്ത് ബിജെപിക്ക് വഴിയൊരുക്കാനുളള നീക്കമാണെന്നും എംബി രാജേഷ് ആരോപിച്ചു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' ഇഡിക്ക് എന്ത് വിലയാണുള്ളത്? ഇന്നത്തെ ഇന്ത്യയിൽ ആരെങ്കിലും അതിനെ വിശ്വസിക്കുമോ? കേന്ദ്രത്തിലെ യജമാനൻ ഉപ്പും ചോറും കൊടുത്ത് വളർത്തുകയും അവർ തുടലഴിച്ചുവിടുമ്പോൾ കുരയ്ക്കുകയും കടിക്കുകയും ചെയ്യുന്ന ഇഡിയുടെ ശ്വാനപ്രകൃതം ആർക്കാണറിയാത്തത്? യജമാനൻ പറഞ്ഞാൽ കുരയ്ക്കുക മാത്രമല്ല, ഒരിക്കൽ ഇഡി കുരച്ച് പേടിപ്പിച്ചവർ ബിജെപിയിലെത്തിയാൽ അവർക്കു മുന്നിൽ ഇ ഡി അനുസരണയോടെ വാലാട്ടി നിൽക്കുകയും ചെയ്യും. കാണണമെങ്കിൽ കൊൽക്കത്തയിലും ഗുവാഹത്തിയിലും പോയാൽ മതി.
7000 കോടിയുടെ ശാരദാ ചിറ്റ് ഫണ്ട് കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഹിമന്ത ബിശ്വ ശർമ പേടിച്ച് ബിജെപിയായി. മടിയിൽ കനമുള്ളതു കൊണ്ടായിരിക്കുമെന്ന് ഉറപ്പല്ലേ. ഉടൻ മുഖ്യമന്ത്രിയായി. ഇഡി പ്രതിയുടെ മുന്നിൽ വാലാട്ടി വിധേയത്വം കാണിക്കുന്നു. പശ്ചിമബംഗാളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ സുവേന്ദു അധികാരിയും ബിജെപിയിലെത്തിയതോടെ ഇഡി സ്വന്തം കേസ് മറന്നു. സുവേന്ദു എന്ന പ്രതി ഇഡിയുടെ അധികാരിയായി.

പിണറായി വിജയൻ ഇഡിയുടെ കുരയിൽ പേടിക്കാത്തതുകൊണ്ട് കമ്യൂണിസ്റ്റായി തന്നെ ഒരു കുലുക്കവുമില്ലാതെ നിൽക്കുന്നു. അതാണ് കോൺഗ്രസായിരുന്ന ഹിമന്തയും കമ്യൂണിസ്റ്റായ പിണറായിയും തമ്മിലുള്ള വ്യത്യാസം. ഒരു കേസിൽ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് പറഞ്ഞത് ഇഡിക്ക് നൽകിയ താക്കീത് എന്താണെണറിയാമോ? "ഇഡി ക്രിമിനലുകളെപ്പോലെ പ്രവർത്തിക്കരുത്. കർശനമായും നിയമത്തിൻ്റെ നാലതിരുകൾക്കുള്ളിൽ നിന്ന് മാത്രം പ്രവർത്തിക്കണം". ഇങ്ങനെ ഇരുപതു കേസിലെങ്കിലും കോടതികൾ ഇഡിയുടെ കരണക്കുറ്റിക്ക് കൊടുത്തിട്ടുണ്ട്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ക്രിമിനൽ കൂട്ടത്തിന്റെ കേട്ടെഴുത്തുകാരായ ചില മാധ്യമങ്ങളും കേരളത്തിലെ യുഡിഎഫ് സർക്കാരും ലജ്ജയൊട്ടുമില്ലാതെ ഇഡി മാഹാത്മ്യം പാടുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ. അസ്ഥിയിൽ പിടിച്ച കമ്യൂണിസ്റ്റ് വിരോധം. ഇലക്ടറൽ ബോണ്ടിന്റെ മറവിൽ ബിജെപിയുടെ ഗുണ്ടാ പിരിവിന് നേതൃത്വം നൽകിയ ഇഡിയെ ആര് വിശ്വസിക്കാൻ? ബിജെപിക്ക് വേണ്ടപ്പെട്ട ശിങ്കിടി മുതലാളിമാർക്കായും(അദാനി-വേദാന്ത കേസ്, അഹമ്മദ് ബുഹാരി കേസ് എന്നിവ ഉദാഹരണം) ഗുണ്ടാപ്പിരിവിനിറങ്ങിയ ഇഡിക്ക് എന്ത് വില?
കേസുകളുടെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്ത് പലരിൽ നിന്നും കൈക്കൂലി വാങ്ങിയതിന് കയ്യോടെ പിടിക്കപ്പെട്ട നിരവധി ഉദ്യോഗസ്ഥരുള്ള ഇഡിയുടെ വഷളൻ കഥകൾ വിഴുങ്ങാൻ തലയ്ക്ക് വെളിവുള്ള ആർക്കാണ് കഴിയുക? സ്വർണക്കടത്ത്, ഈന്തപ്പഴം, ഖുർആൻ, ബിരിയാണിച്ചെമ്പ് കഥകളുടെ രചയിതാവായ കുപ്രസിദ്ധ ഇഡി ഉദ്യോഗസ്ഥന്റെ പണി പോയത് എന്തിനായിരുന്നു? മാദ്ധ്യമങ്ങൾക്കറിയില്ലേ?
വർഷങ്ങളോളം പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റ് നേതാവിനെതിരെ അരിച്ചുപെറുക്കി അന്വേഷിച്ചിട്ട്, അതും പിഎംഎൽഎ പോലെ കോമ്പല്ലുള്ള ഒരു നിയമം കൊണ്ട് കളിച്ചിട്ടും ഒരു ചുക്കും ചെയ്യാൻ കഴിയാതെപോയ ഇ ഡി എന്ന ബിജെപിയുടെ ഭൃത്യസംഘം ഒടുവിൽ യുഡിഎഫ് സർക്കാരിൻ്റെ കേരള പൊലീസിന് കത്തയക്കുന്നു. എന്തിന്? മാധ്യമങ്ങൾക്ക് തലക്കെട്ടുകളുണ്ടാക്കാൻ, കഥകൾ നിർമിക്കാൻ, അപവാദ പ്രചാരണം നിർത്താതെ തുടരാൻ, യുഡിഎഫ്-ബിജെപി സഖ്യത്തിന് പ്രസ്താവനാ മത്സരം നടത്താൻ, ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകർത്ത് ബിജെപിക്ക് വഴിയൊരുക്കാൻ.
പക്ഷെ തോമസ് ഐസക്കിനെ കുടുക്കാൻ വന്ന് കോടതിയിൽ നിന്ന് മുഖമടച്ച് അടി വാങ്ങി മോങ്ങിക്കൊണ്ട് വാലും ചുരുട്ടി ഓടിയ ഇഡിയുടെ ഓട്ടം ആവർത്തിക്കാമെന്നല്ലാതെ വേറെന്തുണ്ടാവാൻ? നാണമില്ലാത്ത ഇഡിയുടെ ഊഞ്ഞാലിൽ മാധ്യമങ്ങളും സതീശനാദികളും എത്ര കാലം ആടും? നമുക്ക് നോക്കാം'.



Click it and Unblock the Notifications
