കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോങ് മാർച്ച് സമകാലിക ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ മാർച്ചെന്ന് എംബി രാജേഷ്

  • By Desk
Google Oneindia Malayalam News

പാലക്കാട്: രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗ സമരത്തില്‍ പുതിയ ചരിത്രം എഴുതി ചേർക്കുകയായിരുന്നു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പ്രക്ഷോഭകരുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനവുമായി. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടു മാസംകൊണ്ട് പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരിക്കുന്നത്.ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് ശൂന്യതയില്‍ നിന്നും വിപ്ലവം സൃഷ്ടിക്കുന്ന സിപിഎമ്മിന്റെ ഈ മാജിക്ക്.

25,000 കര്‍ഷകര്‍ നാസിക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മുംബൈയില്‍ എത്തിയപ്പോള്‍ ഒന്നര ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരന്നത്. ലോങ് മാർച്ച് സമകാലിക ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ കാഴ്ച്ചകളിലൊന്നാണെന്നാണ് സിപിഎം നേതാവും എംപിയുമായ എംബി രാജേഷ് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യം പറഞ്ഞത്.

അവർ വന്നത് ആത്മഹത്യ മുനമ്പിൽ നിന്ന്

അവർ വന്നത് ആത്മഹത്യ മുനമ്പിൽ നിന്ന്

ആത്മഹത്യാ മുനമ്പില്‍ നിന്നാണ് ലെനിന്‍ പിടിച്ച കൊടികളുമായി അവര്‍ വന്നത്. ആ കൊടികള്‍ പോരാട്ടത്തില്‍ ജീവിതവും കീഴടങ്ങലില്‍ മരIണവും കാണാന്‍ അവരെ പഠിപ്പിച്ചു. ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അധികാര ഗര്‍വ്വ്‌ തലകുനിച്ചിരിക്കുന്നു. മഹാരാഷ്ട്രയില്‍ പ്രക്ഷോഭം നടത്തുന്ന കിസാന്‍ സഭ ഉന്നയിച്ച ആവശ്യങ്ങളില്‍ ഏറെയും മുഖ്യമന്ത്രി ഫഡ്നാഫിസ് അംഗീകരിച്ചതായി ടെലിവിഷന്‍ സ്ക്രീനില്‍ തെളിയുന്നു. ഒരു മുഴം കയറില്‍, ഒരു കുപ്പി വിഷത്തില്‍, പിടഞ്ഞു തീര്‍ന്ന, റെയില്‍പാളത്തില്‍ ചിതറി തെറിച്ച അനേകായിരങ്ങളുടെ പിന്മുറക്കാരും ഉറ്റവരുമാണവര്‍. ഒരേ വര്‍ഗ്ഗത്തില്‍ നിന്നാണവര്‍ വരുന്നത്. കര്‍ഷകരും ആദിവാസികളും . മലഞ്ചൂരല്‍ മടയില്‍ നിന്നും കരീലാഞ്ചിക്കാട്ടില്‍ നിന്നും വിളവൊടുങ്ങിയ പാടങ്ങളില്‍ നിന്നും അതിജീവനത്തിന്‍റെ പോർമുഖങ്ങളിലേക്ക് ഒരു ചുവന്ന ലാവയായി ഒഴുകുകയായിരുന്നു ലോങ്ങ്‌ മാര്‍ച്ച് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

പതിതരായ മനുഷ്യരുടെ നിശ്ചയദാര്‍ഢ്യം

പതിതരായ മനുഷ്യരുടെ നിശ്ചയദാര്‍ഢ്യം

ആ മഹാപ്രവാഹം മഹാ നഗരത്തെ ചെങ്കടല്‍തിരകളായി വലയം ചെയ്തു. പതിതരായ മനുഷ്യരുടെ നിശ്ചയദാര്‍ഢ്യം അധികാര ഹുങ്കിന്റെ കാവികോട്ടകളെ വിറകൊള്ളിച്ചത് സമകാലിക ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ കാഴ്ച്ചകളിലൊന്നായിരുന്നു. വിജയാരവങ്ങള്‍ക്ക് മുകളില്‍ മാത്രം ഉയര്‍ത്താനുള്ളതും തിരിച്ചടികളില്‍ ചുരുട്ടിവെക്കാനുള്ളതുമല്ല ചുവന്ന കൊടിയെന്ന പാഠം ഈ മനുഷ്യര്‍ നമുക്ക് കാണിച്ച് തന്നു. നവഉദാരവാദനയങ്ങളുടെ മുഖമുദ്രയാണ് കര്‍ഷക പ്രതിസന്ധിയും ഗ്രാമീണ ജീവിത തകര്‍ച്ചയും. ഇന്ത്യയില്‍ നവഉദാരവത്കരണാനന്തരമുള്ള കാല്‍ നൂറ്റാണ്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ രണ്ടു ലക്ഷത്തിലേറെ വരും ! ഇന്ത്യയിലെ കര്‍ഷകരെ പോലെ ഭൂമിയില്‍ ഒരു ജീവിവര്‍ഗ്ഗവും ഇങ്ങനെ ഒരു വംശനാശത്തിനിരയായിട്ടുണ്ടാവില്ലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താമരയിൽ കുത്തിയവരെ പിന്നിൽ നിന്ന് കുത്തി

താമരയിൽ കുത്തിയവരെ പിന്നിൽ നിന്ന് കുത്തി


ഈ ദുരിതത്തിനറുതി വരുത്തി നല്ല ദിനങ്ങള്‍ കൊണ്ട് തരാമെന്ന വ്യാജ സ്വപ്നം വിറ്റഴിച്ചാണ് മോദിയും, ഫഡ്നാവിസുമൊക്കെ സ്വന്തം പദവികളുറപ്പിച്ചത്. പദവികളില്‍ ആളുകള്‍ മാറിവന്നെങ്കിലും ദുരിതം പെരുകിയതേയുള്ളൂ. കുരുക്ക് മുറുകിയതേയുള്ളൂ. കൂടുതല്‍ ചിതകള്‍ എരിഞ്ഞതേ ഉള്ളൂ. സൂപ്പര്‍ ഹൈവേക്കും എക്സ്പ്രസ് വേക്കുമെല്ലാമായി, ഉള്ള കിടപ്പാടം മുഴുവന്‍ കര്‍ഷകരില്‍ നിന്ന് കവര്‍ന്നു കഴിഞ്ഞു. അവശേഷിക്കുന്ന ഭൂമിക്കുമേലും ഫഡ്നാവിസിന്‍റെ ചങ്ങാതിക്കൂട്ടമായ കോർപ്പറേറ്റുകളുടെ കഴുകന്‍ കണ്ണുകള്‍ നോട്ടമിട്ടു കഴിഞ്ഞിരിക്കുന്നു. ഉത്പാദന ചിലവും അതിന്റെ പകുതിയും ചേര്‍ത്ത് താങ്ങുവിലക്കായി താമരയില്‍ കുത്താന്‍ ആഹ്വാനം ചെയ്തവര്‍ കണ്ണില്‍ ചോരയില്ലാതെ വഞ്ചിച്ചിരിക്കുന്നു . വാക്ക് വിശ്വസിച്ച് താമരയില്‍ കുത്തിയവരെ അവര്‍ സ്വന്തം വാക്ക് ലംഘിച്ച് പിന്നില്‍ നിന്ന് കുത്തിയിരിക്കുന്നു. കടം പേറി മുടിഞ്ഞ് ജീവനൊടുക്കാന്‍ ഊഴം കാത്തിരിക്കുന്നവര്‍ ആവശ്യപെടുന്ന കടാശ്വാസമെന്ന ആവശ്യം കേള്‍ക്കാന്‍ കാതില്ലാത്തവര്‍ മല്യ-മോദിമാരടങ്ങുന്ന വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണീരുകാണുന്ന ഉദാരമതികളാണെന്നും അദ്ദേഹം ആരോപിച്ചു.

ചുവപ്പ് കണ്ടാല്‍ വിറളിയെടുക്കുന്നവർ

ചുവപ്പ് കണ്ടാല്‍ വിറളിയെടുക്കുന്നവർ

മണ്ണില്‍ പണിയെടുക്കുന്നവന് ഇരുണ്ട ദിനങ്ങള്‍ സമ്മാനിച്ചവര്‍ കടമെടുത്ത് നാട് മുടിച്ചവര്‍ക്ക് നാടുവിടാന്‍ സുരക്ഷിത പാതയൊരുക്കി വിദേശത്തേക്ക് കടത്തിയിരിക്കുന്നു. കര്‍ഷകരെ കടത്തില്‍ മുക്കി കൊല്ലുന്നവര്‍ നദീസംയോജനമെന്ന പേരില്‍ മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമങ്ങളെ വെള്ളത്തില്‍ മുക്കി നാമാവശേഷമാക്കുകയാണ്. റേഷന്‍ കാര്‍ഡ് പോലുമില്ലാതെ ആദിവാസികളെ പട്ടിണിക്കിട്ട്‌ മഹാരാഷ്ട്രയില്‍ മാത്രം അഞ്ചു വയസ്സിനു താഴെയുള്ള ഇരുപത്തി ഒന്നായിരം കുട്ടികളാണ് പോഷകാഹാരകുറവുമൂലം മരിച്ചത്. അതെ, അവര്‍ വരുന്നത് പട്ടിണിയുടെയും മരണത്തിന്റെയും ശ്മശാന മൂകത തളംകെട്ടിയ ഗ്രാമങ്ങളില്‍ നിന്നാണ്. രാജസ്ഥാനിലും, മധ്യപ്രദേശിലുമെല്ലാം ഇതുപോലെ ഇരച്ചു വന്നിരുന്നു അവര്‍. കോര്‍പ്പറേറ്റ് കാഴ്ച്ചകളിലും മധ്യ വര്‍ഗ്ഗ അഭിലാഷങ്ങളിലും അഭിരമിച്ചു കൊണ്ടിരുന്ന മാധ്യമങ്ങള്‍ അതൊന്നും കണ്ടതായി നടിച്ചില്ല. എന്നാലിപ്പോള്‍ കുബേരന്മാരുടെ കോട്ടകൊത്തളങ്ങള്‍ ഗര്‍വ്വോടെ എഴുന്നു നില്‍ക്കുന്ന മഹാനഗരത്തിലേക്ക് തന്നെ അവര്‍ മാര്‍ച്ച് ചെയ്ത് എത്തിയപ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കിയവര്‍ക്കും ചുവപ്പ് കണ്ടാല്‍ വിറളിയെടുക്കുന്നവര്‍ക്കുമെല്ലാം കാണാതെ വയ്യെന്നായെന്നും അദ്ദേഹം പറഞ്ഞു.

സമരമുഖങ്ങൾ ഇനിയും താണ്ടേണ്ടിയിരിക്കുന്നു

നാവിക കലാപത്തിന്‍റെ ഐതിഹാസിക സ്മരണകള്‍ തിരയടിക്കുന്ന മുംബൈയില്‍ ആ വിപ്ലവകാരികള്‍ ഉയര്‍ത്തിയ 'കരളിന്‍റെ നിണമാളും കൊടിയുമായ് നീളെ' കര്‍ഷകരെത്തുമ്പോള്‍ നാവിക കലാപകാരികള്‍ക്ക് ഭക്ഷണപൊതികള്‍ എറിഞ്ഞു കൊടുത്ത ജനതയുടെ പിന്മുറക്കാര്‍ അവരെ ഹൃദയം കൊണ്ട് സ്വീകരിച്ചുവെന്നു പത്രങ്ങള്‍. ലാല്‍സലാം പറഞ്ഞും ബിസ്കറ്റും വെള്ളവും നല്‍കിയും ആടിയും പാടിയും നഗരം അവരെ വരവേറ്റു. കത്തുന്ന സൂര്യന് കീഴില്‍ വിശപ്പും ദാഹവും തളര്‍ച്ചയും കൂസാതെ,നടന്നുപൊട്ടി ചോരയിറ്റുന്ന പാദങ്ങളാല്‍ പതറാതെ, കഠിന പാതകള്‍ താണ്ടി എത്തിയവരെ ജാതിയും മതവും കക്ഷിഭേദവുമില്ലാതെ മുംബൈ സ്വീകരിച്ചു. തൊഴിലാളികളും ഇടത്തരക്കാരും യുവാക്കളും സ്ത്രീകളും കുട്ടികളുമെല്ലാം അവര്‍ക്ക് അഭിവാദനമേകാന്‍ കാത്തുനിന്നു. രക്തം രക്തത്തെയും വര്‍ഗ്ഗം വര്‍ഗ്ഗത്തെയും തിരിച്ചറിയുന്ന സമര മുഖത്ത് അവര്‍ കരംഗ്രഹിച്ചും മുഷ്ടി ചുരുട്ടിയും ചെങ്കൊടിത്തണലിലലിഞ്ഞു ചേര്‍ന്നു. ഇന്ത്യയെ പിടിച്ചു കുലുക്കിയ ഈ ഏഴു ദിനങ്ങള്‍ നാളത്തെ ഇന്ത്യക്കുള്ള വഴി കാണിക്കുന്നു. ഈ സമര മുഖത്ത് അവര്‍ വിജയിച്ചിരിക്കുന്നു. എന്നാല്‍ യുദ്ധം തുടരുകയാണ്. അനേകം സമരമുഖങ്ങള്‍ ഇനിയും താണ്ടേണ്ടിയിരിക്കുന്നു യുദ്ധം ജയിക്കാന്‍. ലോങ്ങ്‌ മാര്‍ച്ചിലെ പോരാളികള്‍ക്ക് ലാല്‍സലാം എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഭിവാദ്യങ്ങളർപ്പിച്ച് പിണറായിയും

അഭിവാദ്യങ്ങളർപ്പിച്ച് പിണറായിയും


മുഖ്യമന്ത്രി പിണറായി വിജയനും ലോങ്മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അഭിനന്ദനങ്ങള്‍..അഭിവാദ്യങ്ങള്‍....സാമ്രാജ്യത്വത്തിനും വൈദേശികാധിപത്യങ്ങള്‍ക്കും നേരെ ധീരമായി പൊരുതിയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ജാതിമതഭേദമന്യെ കര്‍ഷകരും, തൊഴിലാളികളും, ആദിവാസികളും, സാധാരണക്കാരും എല്ലാം ആ സമരത്തില്‍ ഇന്ത്യയെന്ന ആശയത്തിനായി അണിനിരന്നു. ആ പാരമ്പര്യത്തിന്റെ ഭാഗമാകാതെ, ചരിത്രപരമായി തന്നെ സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ടു നില്‍ക്കുന്ന കൂട്ടരാണ് ജനകീയസമരങ്ങളെയും പ്രക്ഷോഭങ്ങളെയും ചെറുത്തുനില്പുകളെയും തള്ളിപ്പറയുന്നത്. ഇക്കൂട്ടര്‍ തന്നെയാണ് സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ടു കൊണ്ട് ജനങ്ങള്‍ക്ക് മേല്‍ അശാസ്ത്രീയമായ സാമ്പത്തികനയങ്ങള്‍ അടിച്ചെല്പിക്കുവാന്‍ ശ്രമിക്കുന്നത് എന്ന് തുടങ്ങുന്നതായിരുന്നു പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വാഭാവികമായുമുണ്ടാകുന്ന പ്രതിഷേധം

സ്വാഭാവികമായുമുണ്ടാകുന്ന പ്രതിഷേധം


നവഉദാരസാമ്പത്തികനയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് സാമ്രാജ്യത്വവിരുദ്ധമായ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ സ്വാഭാവികമായുമുണ്ടാകുന്ന പ്രതിഷേധമാണ് മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്നത്. സമരത്തില്‍ പങ്കെടുക്കുവാന്‍ ഇരുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടി മുംബൈയിലെത്തിയ ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ജാതിമതദേശ ഭേദമന്യെ മുംബൈ ജനത വലിയ പിന്തുണ നല്‍കിയത് ആവേശകരമാണ്. കാര്‍ഷികചില്ലറമേഖലയില്‍ നൂറ് ശതമാനം പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് മുതല്‍ കര്‍ഷകരുടെ അനുമതിയില്ലാതെ അവരുടെ ഭൂമി പിടിച്ചെടുക്കുന്നത് നിയമവിധേയമാക്കിയതുവരെ ബിജെപി നേതൃത്വം നല്‍കിയിട്ടുള്ള സര്‍ക്കാരുകളാണ്. വന്‍കിട കച്ചവടക്കാരെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും സഹായിക്കുന്ന ഇത്തരം നയങ്ങള്‍ കര്‍ഷകരും തൊഴിലാളികളുമുള്‍പ്പെടുന്ന അടിസ്ഥാനവര്‍ഗത്തിന്റെ ദൈനംദിനജീവിതത്തെയും ഗ്രാമീണമേഖലയെയുമാകെ ദുരിതപൂര്‍ണമാക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പുതിയ പേരാട്ടങ്ങൾക്കുള്ള പ്രചോദനം

ഇന്ത്യയുടെ ആത്മാവാണ് ഈ സാമ്പത്തികനയങ്ങളിലൂടെ തകര്‍ക്കപ്പെട്ടത് എന്നാണ് തുടര്‍ച്ചയായ ഈ കര്‍ഷകപ്രക്ഷോഭങ്ങള്‍ വിളിച്ചു പറയുന്നത്. ഉദാരവല്‍ക്കരണം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സമ്മാനിച്ചത് കൊലക്കയറുകളാണ്. നാലുലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ രണ്ടു വ്യാഴവട്ടകാലത്തിനിടയില്‍ ആത്മഹത്യ ചെയ്തത്. അതില്‍ത്തന്നെ വലിയൊരു ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. ഇനി ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മഹത്യ മാത്രമാണ് പോംവഴി എന്ന തോന്നലില്‍ നിന്നാണ് ഈ സമരം ഉയര്‍ന്നുവന്നത്. ഇപ്പോള്‍ തുടങ്ങിയതല്ല, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നിരന്തര സമരത്തിലായിരുന്നു. പലപ്പോഴായി അവര്‍ക്ക് സര്‍ക്കാര്‍ പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. അതെല്ലാം പാഴ് വാക്കുകളായപ്പോഴാണ് അവര്‍ മഹാനഗരത്തിലേക്ക് മാര്‍ച്ചു ചെയ്തത്. ഇത് മണ്ണിന്റെ മക്കളായ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സമരമാണ്. ഈ സമരം വിജയിച്ചേ മതിയാവൂ എന്ന ഇന്ത്യയുടെ ആഗ്രഹമാണ് സഫലമായത്. ഈ സമര വിജയം പുതിയ പോരാട്ടങ്ങള്‍ക്കുള്ള പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
MB Rajesh's facebook post about Kisan Long March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X