ഒന്നും രണ്ടുമല്ല, 29 റോഡുകള്‍ക്കാണ്... അക്കമിട്ട് നിരത്തി എംബി രാജേഷ്, മറുപടിയുമായി വിടി ബല്‍റാം
തൃത്താല മണ്ഡലത്തിലെ റോഡ് വികസനുമായി ബന്ധപ്പെട്ട് വിശദീകരണ കുറിപ്പുമായി മന്ത്രി എംബി രാജേഷ്. നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടിയുമായി മുന്‍ എംഎല്‍എ വിടി ബല്‍റാം. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും പോര് മൂര്‍ഛിക്കുന്നു. നിര്‍മാണം കഴിഞ്ഞ റോഡുകള്‍, നിര്‍മാണം നടക്കുന്ന റോഡുകള്‍, നിര്‍മാണം നടക്കാന്‍ പോകുന്ന റോഡുകള്‍ എന്നിവയെല്ലാം മന്ത്രി രാജേഷ് വിശദീകരിച്ചു.
റോഡുകള്‍ തകര്‍ന്ന തൃത്താലയാണ് നാല് വര്‍ഷം മുമ്പ് തനിക്ക് ലഭിച്ചത്. മുന്‍ എംഎല്‍എയുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വന്നു. മുന്‍ എംഎല്‍എ ഫേസ്ബുക്കില്‍ അവകാശ വാദം ഉന്നയിക്കുന്നതിനാലാണ് ഇതെല്ലാം പറയേണ്ടി വന്നതെന്നും എംബി രാജേഷ് കുറിച്ചു. റോഡുകളുടെ പേരുകളും അദ്ദേഹം വിശദീകരിച്ചു. തൊട്ടുുപിന്നാലെ വിടി ബല്‍റാം പ്രതികരിച്ചു.

വിടി ബല്‍റാമിന്റെ കുറിപ്പ് വായിക്കാം: ''സ്പീക്കറും മന്ത്രിയുമൊക്കെയായി നാലര വർഷം പിന്നിടുമ്പോൾ തൃത്താലയിൽ ബഹു. എം ബി രാജേഷ് പൂർത്തിയാക്കിയ റോഡുകളുടെ ആകെ എണ്ണം 8. അതിൽ ആദ്യത്തെ നാലെണ്ണം അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് തന്നെ സർക്കാർ അനുമതിയാവുകയോ ഭരണാനുമതി ലഭിക്കുകയോ പണി തുടങ്ങുകയോ പാതി പണി പൂർത്തീകരിക്കപ്പെട്ടതോ ആണ്.
1. വട്ടോളിക്കാവ് മേഴത്തൂർ റോഡ് 5 കോടി. ഭരണാനുമതി ലഭിച്ചതും DPR തയ്യാറായതും സാങ്കേതികാനുമതി ലഭിച്ചതും ടെണ്ടർ നടത്തിയതും അഗ്രീമെന്റ് ഒപ്പിട്ടതും വർക്ക് ആരംഭിച്ചതും ഡ്രെയ്നേജും കൾവർട്ടുകളും റെയ്സിംഗുമടക്കമുള്ള പണികൾ എല്ലാം തീർത്തതും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ്. എന്നിട്ടും ബാക്കിയുള്ള പണി പൂർത്തീകരിക്കാൻ മൂന്ന് വർഷത്തോളമെടുത്തു എന്നതാണ് അദ്ദേഹത്തിന്റെ കാലത്തെ സംഭാവന.
2. പാലത്തറ ഗേറ്റ് അഞ്ചുമൂല റോഡ് 3 കോടിക്ക് ബജറ്റിൽ അനുവദിച്ചത് 2021 ഇലക്ഷന് മുൻപാണ്. 2021ൽത്തന്നെ പൂർത്തിയാവേണ്ടിയിരുന്ന ഈ പ്രവൃത്തി നടന്നത് രണ്ടര വർഷം വൈകിപ്പിച്ചതിന് ശേഷം. അത് മൂലം 3.1 കോടിയായി ഖജനാവിന് 10 ലക്ഷം അധിക ബാധ്യത സൃഷ്ടിച്ചു എന്നതും കാണാവുന്നതാണ്.
3. പാലത്തറ കരുവാൻപടി റോഡിനുള്ള 2 കോടിയും 2021ലെ ഇലക്ഷന് മുമ്പുള്ള ബജറ്റിലൂടെ അനുവദിക്കപ്പെട്ടതാണ്. ഇതും നടപ്പാക്കാൻ രണ്ടര വർഷം വൈകി. 2 കോടി 2.1 കോടിയായി വർദ്ധിക്കുകയും ചെയ്തു.
4. ആനക്കര-കാലടി റോഡ് 2 കോടിക്ക് 2020 ഒക്ടോബറിൽ ഭരണാനുമതി കിട്ടിയതാണ് എന്ന് മുൻ പോസ്റ്റിൽ രേഖകൾ സഹിതം ബോധ്യപ്പെടുത്തിയതാണ്. ഷെഡ്യൂൾ ഓഫ് റേറ്റ്സ് അനുസരിച്ച് ആ ഭരണാനുമതി 2 കോടിക്ക് തന്നെ പുതുക്കിയിറക്കുന്നതിന് വേണ്ടി വന്നത് 3 വർഷം! നാലര വർഷത്തിനു ശേഷം ഇന്നലെ റോഡ് ഉദ്ഘാടനം ചെയ്തു. സന്തോഷം.
അഞ്ച് വർഷത്തിനുള്ളിൽ LSGD മന്ത്രിയുടെ മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഏക LSGD റോഡും 2021 തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിന്റെ അനുമതി ലഭിച്ച പ്രവൃത്തിയാണ്. 2020 ലെ ബജറ്റിലൂടെ 5 കോടിക്ക് അംഗീകാരം ലഭിച്ച ഈ റോഡ് ആദ്യം PWD ഹെഡിലാണ് ഉൾപ്പെടുത്തിയിരുന്നത് എങ്കിലും തുടർന്ന് നിയമസഭക്കകത്തും പുറത്തും നിരന്തര ഇടപെടലുകൾ നടത്തിയാണ് LSGDക്ക് കൈമാറിയതും ആ വകുപ്പ് നിർവ്വഹണത്തിന്റെ നടപടികളിലേക്ക് കടന്നതും. ഇതെല്ലാം നടന്നത് ഇപ്പോഴത്തെ LSGD മന്ത്രി വരുന്നതിന് മുൻപാണ്.
ബാക്കി നടന്നു വരുന്നതും ഫണ്ട് അനുവദിച്ചതുമൊക്കെയായി ബഹു.മന്ത്രി ലിസ്റ്റ് ചെയ്ത വർക്കുകളുടെ പണി എത്രയും വേഗം പൂർത്തിയാവട്ടെ എന്നാശംസിക്കുന്നു.''












Click it and Unblock the Notifications