കൊച്ചിയിലെ രണ്ട് നടിമാര്‍ക്ക് കൈമാറാനുള്ള എംഡിഎംഎയെന്ന് പ്രതി; മലപ്പുറത്തെ ലഹരിക്കടത്ത് വഴിത്തിരിവില്‍
മലപ്പുറം: മലപ്പുറത്ത് പിടികൂടിയ എം ഡി എം എ നടിമാര്‍ക്ക് നല്‍കാനെന്ന് പിടിയിലായ യുവാവ്. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന വഴക്കാട് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്വകാര്യ റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറില്‍ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്. മലപ്പുറത്ത് 510 ഗ്രാം എം ഡി എം എയാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് എം ഡി എം എ പിടികൂടിയത്.
കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിറിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുഹമ്മദ് ഷബീബ് ആണ് എം ഡി എം എ നടിമാര്‍ക്ക് നല്‍കാനാണ് എന്ന് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നെത്തുന്ന നടിമാര്‍ക്ക് നല്‍കാനാണ് എം ഡി എം എ കൈവശം വെച്ചത് എന്നാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം പ്രതിയുടെ മൊഴി പ്രകാരമുള്ള വിവരം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഒമാനില്‍ നിന്ന് എത്തിച്ച എം ഡി എം എ മറ്റൊരാളുടെ കൈയല്‍ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് ഷബീബ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ നിന്നാണ് അബു ത്വാഹിര്‍ പിടിയിലായത്. ഒമാനില്‍ ജോലി ചെയ്യുന്ന ഇയാളാണ് എംഡിഎം എത്തിച്ചതെന്നായിരുന്നു ഷബീബ് പറഞ്ഞത്.
ലഹരി കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് ഷബീബും ഒമാനില്‍ ജോലി ചെയ്തിരുന്നയാളാണ്. ഇയാള്‍ രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഒമാനില്‍ നിന്ന് പാല്‍പ്പൊടി പാക്കറ്റുകളിലാക്കിയാണ് മയക്കുമരുന്ന് എത്തിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി മരുന്നാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് എം ഡി എം എ കടത്തിയത്.
ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എം ഡി എം എ കൈപ്പറ്റാന്‍ രണ്ട് സിനിമാ നടിമാര്‍ എറണാകുളത്ത് നിന്ന് എത്തുമെന്നും അവര്‍ക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പറയുന്നത്. എന്നാല്‍ ആരാണ് വരുന്നതെന്നോ നടിമാര്‍ ആരൊക്കെ എന്നോ ഷബീബിന് അറിയില്ലായിരുന്നു. പുതുവര്‍ഷാഘോഷം ലക്ഷ്യം വച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വില്‍പന നടത്തുന്നതിനായാണ് ലഹരിമരുന്ന് എത്തിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്.












Click it and Unblock the Notifications