എംഡിഎംഎയുമായി ട്രാവൻകൂർ ടൈറ്റാനിയം ഉദ്യോഗസ്ഥൻ പിടിയിൽ; ജോലി തെറിച്ചു
തിരുവനന്തപുരത്ത് നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി എക്സൈസ് പിടിയിലായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കമ്പനിയിലെ സ്റ്റോർസ് സീനിയർ സൂപ്രണ്ടായ എം.ഐ നജീബ് ഖാനെതിരെയാണ് മാനേജ്‌മെന്റ് കർശന നടപടി സ്വീകരിച്ചത്. മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ് ഇയാൾ.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നജീബ് ഖാനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിനും അച്ചടക്ക ലംഘനത്തിനും ഇയാളെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

അന്വേഷണം പൂർത്തിയാകുന്നത് വരെ ഉടനടി
പ്രാബല്യത്തോടെയാണ് സസ്‌പെൻഷൻ. സംഭവത്തിൽ മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാൻ നജീബ് ഖാനോട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ ജോലിയിൽ തുടരുന്നത് നിലവിലെ അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും കമ്പനിയുടെ സേവന നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നും സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഇയാൾക്കെതിരെ കൂടുതൽ കർശനമായ അച്ചടക്ക നടപടികളുണ്ടാകും.
ലഹരിമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്. ഇയാൾക്ക് ലഹരിമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും ഇതിന് പിന്നിൽ വലിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications