നടിമാരുടെ വാതിലില്‍ മുട്ടിയ സംഭവങ്ങള്‍ പലത്; പത്ത് ശതമാനം പോലും തുറന്ന് പറഞ്ഞിട്ടില്ല...
കോഴിക്കോട്: മലയാള സിനിമയിലും ഇപ്പോള്‍ മീ ടു വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. മുകേഷിനെതിരേയും ഗോപി സുന്ദറിനെതിരേയും ആയിരുന്നു ആദ്യം വന്ന വെളിപ്പെടുത്തലുകള്‍. അതിന് ശേഷം നടന്‍ അലന്‍സിയറിനെതിരെ വരെ എത്തി നില്‍ക്കുന്നു ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍.
ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അര്‍ച്ചന പത്മിനി പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ പേര് പറഞ്ഞാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. അതിന് ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ആരോപണ വിധേയനെ വെള്ളപൂശാന്‍ നടത്തിയ ശ്രമങ്ങളും പുറത്ത് വന്നു.
മലയാള സിനിമ നടിമാര്‍ മനസ്സുതുറന്നാല്‍ പല ദന്തഗോപുരങ്ങളും തകര്‍ന്നടിയും എന്നാണ് നിര്‍മാതാവും തീയേറ്റര്‍ ഉടമയും ആയ ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തുന്നത്. ദിലീപ് വിവാദത്തില്‍ ഏറെ വെളിപ്പെടുത്തലുകള്‍ നടത്തിയ ആളായിരുന്നു ലിബര്‍ട്ടി ബഷീര്‍.

നടിമാര്‍ മനസ്സുതുറന്നാല്‍
നടിമാര്‍ മനസ്സുതുറക്കുകയാണെങ്കില്‍ സിനിമ ലോകത്തെ പല ദന്തഗോപുരങ്ങളും തകര്‍ന്നുവീഴും എന്നാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. മീ ടു വിവാദത്തില്‍ ഇപ്പോള്‍ തന്നെ കേരളത്തിലെ മൂന്ന് പ്രമുഖര്‍ ആരോപണ വിധേയരാണ്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അടുത്ത നാളുകളില്‍ പുറത്ത് വന്നേക്കും എന്നും സൂചനകളുണ്ട്.

വെറും 10 ശതമാനം പോലും
കേരളത്തിലെ നടിമാര്‍ പത്ത് ശതമാനം കാര്യങ്ങള്‍ പോലും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. താന്‍ നിര്‍മിച്ച സിനിമകളുടെ സെറ്റില്‍ നടന്ന പല സംഭവങ്ങളും ഇപ്പോഴും ഓര്‍ക്കുന്നുണ്ട് എന്നും ബഷീര്‍ പറയുന്നു. 17 സിനിമകള്‍ ലിബര്‍ട്ടി ബഷീര്‍ നിര്‍മിച്ചിട്ടുണ്ട്.

കിടപ്പുമുറികള്‍ക്ക് മുന്നില്‍
പല നടിമാരുടേയും സഹനടിമാരുടേയും കിടപ്പുമുറികളുടെ വാതിലില്‍ മുട്ടിയ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ബഷീര്‍ പറയുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ആളുകളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. എന്നാല്‍ അവര്‍ തന്നെ പ്രശ്‌നക്കാരാകുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത് എന്നും ബഷീര്‍ പറയുന്നു.

താന്‍ നടപടി എടുത്തു
സിനിമ സെറ്റുകളില്‍ ഇപ്പോഴും അതിക്രമങ്ങള്‍ തുടരുകയാണ്. തന്റെ സിനിമകള്‍ക്കിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ എല്ലാം ഇടപെടുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ബഷീര്‍ വ്യക്തമാക്കുന്നത്. പള്‍സര്‍ സുനിയ്‌ക്കെതിരെ ആദ്യം പരാതി ഉയര്‍ന്നപ്പോള്‍ തന്നെ നടപടി എടുത്തിരുന്നെങ്കില്‍, നടി ആക്രമിക്കപ്പെടുന്ന സംഭവം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ബഷീര്‍ പറയുന്നു.

ബാദുഷയ്‌ക്കെതിരെ നടപടി വേണം
അര്‍ച്ചന പത്മിനി ആരോപണം ഉന്നയിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ന്യായീകരിക്കുകയും രക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്‌ക്കെതിരെ നടപടിയെടുക്കണം എന്നും ബഷീര്‍ ആവശ്യപ്പെട്ടു. അക്രമിക്കെതിരെ നടപടിയെടുക്കാതിരുന്ന ഫെഫ്ക പ്രസിഡന്റിനെതിരേയും കേസ് എടുക്കണം എന്നാണ് ബഷീറിന്റെ ആവശ്യം.












Click it and Unblock the Notifications