ഞാനും സഹപ്രവര്‍ത്തകരും നേരിടുന്നത് സൈബര്‍ ആക്രമണം;നിലപാട് മാറ്റില്ലെന്ന് പ്രമോദ് രാമന്‍
ആലപ്പുഴ: മീഡിയ വണിലെ മാധ്യമപ്രവര്‍ത്തകരും താനും സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നേരിടുകയാണെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍. മീഡിയ വണിന്റേത് തുറന്ന പുസ്തകമാണെന്നും ആര്‍ക്കും വേണമെങ്കിലും പരിശോധിക്കാമെന്നും പ്രമോദ് രാമന്‍ കൂട്ടിച്ചേര്‍ത്തു. ബഹുജന അവകാശ സംരക്ഷണ സമിതി ആലപ്പുഴയില്‍ സംഘടിപ്പിച്ച മീഡിയ വണ്‍ ഐക്യദാര്‍ഢ്യ സദസില്‍ സംസാരിക്കുകയായിരുന്നു പ്രമോദ് രാമന്‍. പാവപ്പെട്ടവര്‍ക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് താനും തന്റെ സഹപ്രവര്‍ത്തകരും ആക്രമണം നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാലും ഇനിയും ആ കുറ്റം ആവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദിവസങ്ങളില്‍ ഒരു വിഭാഗം ആളുകള്‍ മീഡിയ വണിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടലിവിഷന്‍ ചാനലിനെ സംബന്ധിച്ചെടുത്തോളം രഹസ്യമായി അല്ല ഒരു പ്രവര്‍ത്തനവും. എല്ലാ കാര്യങ്ങളും പ്രക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. കോടതിയില്‍ കൊടുത്ത സീല്‍വെച്ച കവറില്‍ ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ കേന്ദ്രം ആ സമയത്ത് തന്നെ നടപടിയെടുക്കണമായിരുവെന്നും പ്രമോദ് രാമന്‍ വ്യക്തമാക്കി.

ഒമ്പത് വര്‍ഷത്തിനിടയില്‍ മീഡിയ വണിനെതിരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും കേന്ദ്രം രാജ്യസുരക്ഷയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയത്.
ചാനലിന്റെ സംപ്രേഷണ അനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കേന്ദ്രം കോടതിയില്‍ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംപ്രേഷണം തടഞ്ഞത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അതേസമയം അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇതോടെയാണ് ലൈസന്‍സ് നീട്ടാനാവില്ലന്ന് കോടതി അറിയിച്ചത്. ദേശസുരക്ഷയുടെ പേരില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉചിതമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടന്നും കോടതി വ്യക്തമാക്കി. ജനുവരി 31 നാണ് മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിലക്കിയത്. ഇതിനെതിരായി ചാനല്‍ മാനേജ്മെന്റ് അന്നു തന്നെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications