കുടുംബം വഴിയാധാരമാക്കുന്ന മീഡിയ വണ്‍ തന്ത്രങ്ങള്‍; വെട്ടിലാകുന്നത് പാവം മാധ്യമപ്രവര്‍ത്തകര്‍
പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട പല തൊഴിലാളികള്‍ക്കും അര്‍ഹതപ്പെട്ട പ്രൊമോഷനും ഇന്‍ക്രിമെന്റും മറ്റ് ആനുകൂല്യങ്ങളുമൊന്നും നല്‍കാനും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
കോഴിക്കോട്: മീഡിയ വണ്‍ തൊഴിലാളികളെ പിരിച്ചു വിടാനുള്ള മാനേജ്‌മെന്റ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തു വരികയായിരുന്ന ജേര്‍ണലിസ്റ്റുകളും സാങ്കേതിക വിദഗ്ധരുമായ ഒട്ടേറെ പേരെ വിളിച്ചു വരുത്തി മോഹ പ്രതീക്ഷകള്‍ നല്‍കിയാണ് മീഡിയാ വണ്‍ മുന്നോട്ട് പോയത്. പരസ്യ വരുമാനം ഇല്ലാത്തതിനാള്‍ പ്രോഗ്രാം ചാനല്‍ നഷ്ടത്തിലാണ് അതിനാല്‍ പ്രോഗ്രാം ചാനലിലെ ജീവനക്കാര്‍ ആനുകൂല്യം വാങ്ങി സ്വയം പിരിഞ്ഞുപോകണം എന്നാണ് ചാനല്‍ അധികാരികള്‍ തൊഴിലാളികളെ വാക്കാല്‍ അറിയിച്ചത്. അതേസമയം ജീവനക്കാര്‍ ലേബര്‍ ഓഫീസറെ സമീപിക്കും മുമ്പേ, മാനേജ്‌മെന്റ് വിദഗ്ധര്‍ ലേബര്‍ ഓഫീസറെ സമീപിച്ച് നിയമപരമായുള്ള പിരിച്ചുവിടല്‍ ആനുകൂല്യവും പ്രഖ്യാപിക്കുകയായിരുന്നു.
തൊഴിലാളികളോടുള്ള ഈ സമീപനത്തിനെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ തൊഴില്‍ മന്തച്രിക്ക് കത്തയച്ചിരുന്നു. തൊഴിലാളികള്‍ക്ക് സാമാന്യ നീതി പോലും ലഭിക്കുന്നില്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് ലേബര്‍ വകുപ്പ് മേധാവികള്‍ കാണിച്ചിരുന്ന സമീപനം തീര്‍ത്തും തൊഴിലാളി വിരുദ്ധവും മാനേജ്‌മെന്റിന് ഒത്താശ ചെയ്യുന്ന വിധമുള്ളതാണെന്നും കത്തില്‍ പറയുന്നു. മറ്റു ചാനലുകള്‍ ഒന്നര പതിറ്റാണ്ടു കൊണ്ട് നേടിയെടുത്ത നേട്ടങ്ങള്‍ ഒരു വര്‍ഷം കൊണ്ടു കൈപിടിയിലൊതുക്കിയെന്നു പെരുമ്പറ മുഴക്കിയവര്‍, 110 കോടി രൂപക്ക് തുടങ്ങിയ സ്ഥാപനം 250 കോടിയിലേറെ രൂപയുടെ മാര്‍ക്കറ്റ് വാല്യു ഉണ്ടെന്നു അവകാശപ്പെടുമ്പോഴാണ് വിചിത്രമായ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ നടക്കുന്നത്.

പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട പല തൊഴിലാളികള്‍ക്കും അര്‍ഹതപ്പെട്ട പ്രൊമോഷനും ഇന്‍ക്രിമെന്റും മറ്റ് ആനുകൂല്യങ്ങളുമൊന്നും നല്‍കാനും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. തൊഴിലാളികളെയും അവരുടെ കുടുംബത്തെയും ഇരുട്ടിലാക്കുന്ന മാനേജ്‌മെന്റ് നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ സേവ് മീഡിയാ വണ്‍ സ്റ്റാഫ് യൂണിയന്‍ രൂപീകരിച്ചിട്ടുണ്ട്. പിന്തുണയുമായി കേരള പത്രപ്രവര്‍ത്തക യൂണിയനുമുണ്ട്. മീഡിയ വണ്‍ മാനേജ്‌മെന്റിന്റെ നീക്കം മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളെ തന്നെ തളര്‍ത്തും. നിലവിലെ സാഹചര്യമനുസരിച്ച് ഇത്രയും ആളുകള്‍ക്ക് മറ്റ് ചാനലുകളില്‍ ജോലി ലഭിക്കാനും പ്രയാസമാണ്. മിക്ക ചാനലുകളിലും ഇപ്പോള്‍ ഒഴിവില്ല. നിരവധി വര്‍ഷത്തെ മാധ്യമ അനുഭവം ഉള്ളവര്‍ക്ക് പോലും മറ്റൊരു ചാനലില്‍ ജോലി ലഭിച്ചാല്‍ തന്നെ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യേണ്ട സ്ഥിതിയാണ്. ഇത് മൂലം പ്രതിസന്ധിയിലാവുന്നത് 45ഓളം കുടുംബങ്ങള്‍ കൂടിയാണ്.
ജീവനക്കാര്‍ക്ക് നവംബര്‍ 30, 31 തിയ്യതികളില്‍ നോട്ടീസ് നല്‍കാനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത്. ഡിസംബര്‍ 31നകം ആനുകൂല്യങ്ങള്‍ കൈപ്പറ്റി പിരിഞ്ഞു പോകണമെന്നാണ് മാനേജ്‌മെന്റ് ആവശ്യം. സ്ഥാപനത്തിന് ഒരു വര്‍ഷം 59 കോടി രൂപ ചെലവ് വരുമ്പോള്‍ 24 കോടി രൂപയാണ് ആകെയുള്ള വരുമാനമെന്ന് മാനേജ്‌മെന്റ് പറയുന്നു. . മാസം ഏറ്റവും ചുരുങ്ങിയത് രണ്ട് കോടി രൂപയിലേറെ ശരാശരി നഷ്ടമുണ്ടത്രെ. അതിനാല്‍ പ്രോഗ്രാം ചാനലിലെ ഏറെ ജനപ്രിയമായ പതിനാലാം രാവ്മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, എം80 മൂസ ഉള്‍പ്പെടെ വരുമാനമുള്ള നാലേ നാലു പ്രോഗ്രാമുകള്‍ മാത്രം ചില മാറ്റങ്ങളോടെ നിലനിര്‍ത്തി മുഴുസമയം ന്യൂസ് ചാനലില്‍ കേന്ദ്രീകരിക്കാനാണ് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. അതിനാല്‍ പ്രോഗ്രാം ചാനല്‍ സര്‍വീസ് ഇല്ലാതാകുന്നതിനാല്‍ 36 ജീവനക്കാര്‍ പെരുവഴിയിലാകും.

പ്രോഗ്രാം ചാനല്‍ ന്യൂസ് ചാനല്‍ തരംതിരിച്ച് തങ്ങളുടെ തൊഴിലാളി വിരുദ്ധ സമീപനം അടിച്ചേല്‍പ്പിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. ക്യാമറ, എഡിറ്റ്, ഓഡിയോ, കോ ഓര്‍ഡിനേഷന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ പെടുന്നവയാണ്. ഈ വിഭാഗത്തിലെ തൊഴിലാളികള്‍ മീഡിയവണ്ണില്‍ ജോയിന്‍ ചെയ്തതും, ഇവര്‍ക്കു ലഭിച്ച ഓഫര്‍ ലെറ്ററിലും ഇവരുടെ പോസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത് വിഷ്വല്‍ എഡിറ്റര്‍, ക്യാമറ പേഴ്‌സണ്‍ എന്നീ സ്ഥാനപ്പേരുകളിലാണ്. ഇവര്‍, വാര്‍ത്തകള്‍ക്കും, വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കും, വിനോദ പരിപാടികള്‍ക്കു വേണ്ടിയും ഒരുപോലെ തൊഴില്‍ എടുക്കുന്നവരുമാണ്. എന്നാല്‍ ഇപ്പോള്‍, വിനോദ പരിപാടികള്‍ക്കായി ജോലി ചെയ്തു എന്ന ബാലിശമായ കാരണം പറഞ്ഞാണ് നാലു വര്‍ഷത്തിലേറെ മീഡിയാ വണ്ണിന് വേണ്ടി ജോലി ചെയ്ത ഈ തൊഴിലാളികളെ പുറത്താക്കാന്‍ നീക്കം നടക്കുന്നത്.
മീഡിയ വണ്‍ പ്രശ്‌നത്തില്‍ ഇപ്പോള്‍ തന്നെ ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ രാജിവച്ചിട്ടുണ്ട്. ചാനലിന്റെ മുഖങ്ങളില്‍ ഒന്നായ ഇ സനീഷ് രാജി വെച്ചതും ഈ പ്രശ്‌നം കാരണം തന്നെയാണ്. ആ സമയത്ത് കൂടുതല്‍ തൊഴിലാളികള്‍ രാജി കത്ത് നല്‍കുകയും ചെയ്തിരുന്നു. 'നേര്, നന്മ' എന്ന ടാഗ് ലൈനോട് കൂടിയാണ് മീഡിയ വണ്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ചുരുങ്ങിയ കാലത്തിനിടയ്ക്ക് മികച്ച അഭിപ്രായവും ചാനല്‍ നേടിയിരുന്നു.












Click it and Unblock the Notifications