സ്‌പൈസസ് ബോർഡിൽ കോടികളുടെ ക്രമക്കേട്; ചെയർമാന്റെ ഭാര്യയുടെ സ്ഥാപനവുമായി അനധികൃത ഇടപാടുകൾ...
മാതൃഭൂമി ന്യൂസ് ചാനലാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
കൊച്ചി: സ്പൈസസ് ബോർഡിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ട്. സ്പൈസസ് ബോർഡ് ചെയർമാൻ എ ജയതിലകിന്റെ ഭാര്യയുടെ സ്ഥാപനത്തിന് അനധികൃതമായി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നൽകിയെന്നാണ് വാർത്ത. മാതൃഭൂമി ന്യൂസ് ചാനലാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ജയതിലകിന്റെ ഭാര്യ സൗദ നഹാസ് പാർട്ണറായ പെർഫെക്ട് ഹോളിഡേയ്സ് എന്ന സ്ഥാപനവുമായി സ്പൈസസ് ബോർഡ് കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാട് നടത്തിയെന്ന് തെളിയിക്കുന്ന രേഖകളും മാതൃഭൂമി ന്യൂസ് ചാനൽ പുറത്തുവിട്ടിട്ടുണ്ട്. നാലരക്കോടിയോളം രൂപയാണ് ഇത്തരത്തിൽ സ്പൈസസ് ബോർഡ് പെർഫക്ട് ഹോളിഡേയ്സിന് കൈമാറിയത്.

ഉദ്യോഗസ്ഥരുടെ വിമാന യാത്ര, വിസ, താമസം തുടങ്ങിയ കാര്യങ്ങൾക്കാണ് സ്പൈസസ് ബോർഡ് പെർഫക്ട് ഹോളിഡേയ്സുമായി ഇടപാട് നടത്തിയിരിക്കുന്നത്. എന്നാൽ കേന്ദ്ര അംഗീകാരമുള്ള സ്ഥാപനങ്ങൾ വഴി മാത്രമേ ബോർഡ് ഉദ്യോഗസ്ഥർ യാത്രകളും മറ്റും നടത്താവൂ എന്നാണ് ചട്ടം. ഈ നിയമം മറികടന്നാണ് പെർഫക്ട് ഹോളിഡേയ്സുമായി ഇടപാടുകൾ നടത്തിയത്.
ജയതിലക് ചെയർമാനായി ചുമതലയേറ്റ 2011 മുതലാണ് പെർഫക്ട് ഹോളിഡേയ്സുമായി ഇടപാടുകൾ ആരംഭിച്ചതെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇടപാടുകൾ നടന്ന സമയത്ത് സൗദ നഹാസ് തന്റെ ഭാര്യയായിരുന്നില്ലെന്നാണ് ജയതിലകിന്റെ വിശദീകരണം.












Click it and Unblock the Notifications