താൻ മുജാഹിദല്ല, ഒരു മുസ്ലീം ലീഗുകാരനെന്ന് ഇടി മുഹമ്മദ് ബഷീർ! പോപ്പുലർ ഫ്രണ്ടിന് സ്ഥാനമില്ല...
മുസ്ലീം സംഘടനകളുടെ പൊതുവേദിയിൽ പോപ്പുലർ ഫ്രണ്ട് ഇല്ലെന്നും ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
കോഴിക്കോട്: താൻ മുജാഹിദുകാരനല്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ എംപി. താൻ മുജാഹിദുകാരനാണെന്ന പ്രചരണം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.
സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി മാധ്യമം.കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമസ്തയുമായുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തിട്ടുണ്ടെന്നും, മുസ്ലീം സംഘടനകളുടെ പൊതുവേദിയിൽ പോപ്പുലർ ഫ്രണ്ട് ഇല്ലെന്നും ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.

ഇടി മുഹമ്മദ് ബഷീർ എംപി മുജാഹിദ് സമ്മേളനത്തിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്തതിനെതിരെ സമസ്ത നേരത്തെ രംഗത്തെത്തിയിരുന്നു. മുജാഹിദുകൾ വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് സമസ്തയെ ചൊടിപ്പിച്ചത്. ഈ പ്രസ്താവനയിലൂടെ ഇടി മുഹമ്മദ് ബഷീർ സുന്നി ആശയത്തെ അപമാനിച്ചുവെന്നും സമസ്ത കുറ്റപ്പെടുത്തിയിരുന്നു.
ലോകത്ത് തീവ്രവാദ ചിന്തകൾ വളർത്തി ഇസ്ലാമിന് അപരിഹാര്യ നഷ്ടം വരുത്തിവെച്ചത് സലഫികളാണെന്ന് ലോകം അംഗീകരിക്കുന്ന യാഥാർത്ഥ്യമാണെന്നും സമസ്ത നേതാക്കൾ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ഒരു വലിയ ജനവിഭാഗത്തെ അപമാനിക്കുന്ന വിധത്തിൽ നടത്തിയ പ്രസ്താവന തിരുത്തണമെന്നാണ് സമസ്ത നേതാക്കൾ ഇടിയോട് ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications