മെഡിക്കൽ കോളേജ് സംഭവം; സമഗ്ര അന്വേഷണം വേണം, ചികിത്സ ചെലവ് ഏറ്റെടുക്കണമെന്നും വിഡി സതീശൻ
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ച് പേര്‍ മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തില്‍ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണം.

നിലവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്ന രോഗികളെല്ലാം ഒരു നിവൃത്തിയും ഇല്ലാത്ത സാധാരണക്കാരാണ്. അവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അപകടമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അതിനു വേണ്ടിയുള്ള ഒരു നിര്‍ദ്ദേശവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇത് ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പരാജയമാണ്.
ദിവസേന പതിനായിരക്കണക്കിന് രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി വിഭാഗം ഇല്ലാത്തതും അത്ഭുതകരമാണ്. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജ് അപകടം; സമഗ്ര അന്വേഷണം നടത്തി പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് എസ്എസ്എഫ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിലെ വീഴ്ചകൾ പരിശോധിക്കണമെന്ന് എസ് എസ് എഫ് . അത്യാഹിത വിഭാഗത്തിലുണ്ടായ ഷോർട് സർക്യൂട്ടും തീപ്പിടുത്തവും സമഗ്രമായ അന്വേഷണത്തിനു വിധേയമാവേണ്ടതുണ്ട്. ചികിത്സ തേടിയെത്തിയ അഞ്ചുപേരുടെ മരണം നടന്നത് അപകടത്തിന്റെ ഭാഗമായി തന്നെയാണ് എന്നുള്ള പരാതിയിലെ അവ്യക്തത നീക്കി പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും എസ്എസ്എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആശുപത്രി അധികൃതർ ആരോപണങ്ങളെ നിഷേധിക്കുന്നുണ്ടെങ്കിലും മരണപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ ആശങ്ക പരിഗണിക്കണം.ആയിരക്കണക്കിന് രോഗികൾ ദൈനംദിനം ആശ്രയിക്കുന്ന ഒരു സർക്കാർ സംവിധാനത്തിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ പ്രധാനമാണ്. രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മെഡിക്കൽ കോളേജിന്റെ പരിമിതിയെ തുറന്നു കാണിക്കുന്നുണ്ട്. അപകടം ഉണ്ടായ മെഡിക്കൽ കോളേജ് കാഷ്വാലിറ്റി അടച്ചുപൂട്ടി എന്നല്ലാതെ സമാന്തരമായ സംവിധാനമോ സൗകര്യങ്ങളോ വേഗത്തിൽ ഒരുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ഒരു ആരോഗ്യ സംവിധാനത്തിന്റെ സുരക്ഷയെയും പ്രവർത്തനത്തെയും അവതാളത്തിലാക്കുന്ന കൃത്യവിലോപം വെച്ചു പൊറുപ്പിക്കാനാവില്ല.
വേണ്ട സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാതെ പൊതുജനങ്ങളുടെ പഴികേൾക്കാൻ ആശുപത്രി ജീവനക്കാരെ മുന്നിൽ നിർത്തുന്ന അധികൃതരുടെ സമീപനം ശരിയല്ല. ഇത്തരം ആപത്ഘട്ടങ്ങളെ സമയോചിതമായി നേരിടാൻ ഫലപ്രദമായ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ സർക്കാറും അധികൃതരും ശ്രദ്ധിക്കണം. പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെ കൂടുതലായും ആശ്രയിക്കുന്നത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് ജനങ്ങൾക്ക് പൊതു സംവിധാനങ്ങളിലുള്ള വിശ്വാസ്യത തകർക്കും. അപകടത്തെ സർക്കാർ ഗൗരവത്തിൽ എടുക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി വീഴ്ചയുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും,
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളും ശാസ്ത്രീയ സംവിധാനകളുടെ പ്രയോഗവും ഗൗരവത്തിൽ നടപ്പിൽ വരുത്തണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications