വണ്ടാനം മെഡിക്കൽ കോളേജിന്റെ ക്രൂരത; വയറ്റിൽ കത്രികയുമായി യുവതി കഴിഞ്ഞത് 5 വർഷം
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ (Vandanam Medical College) അതീവ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. അഞ്ചു വർഷം മുൻപ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തി. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തിയത്.
സംഭവം ഇങ്ങനെ
2021 മെയ് 5-നാണ് ഉഷാ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദന ഉഷയെ അലട്ടിയിരുന്നു. പലതവണ ആശുപത്രിയിൽ എത്തിയെങ്കിലും മൂത്രത്തിൽ കല്ലാണെന്ന് പറഞ്ഞ് അധികൃതർ മടക്കി അയക്കുകയായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. വേദന സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം സ്വകാര്യ ലാബിൽ നടത്തിയ എക്സറേ പരിശോധനയിലാണ് വയറ്റിൽ കത്രിക ഇരിക്കുന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

വീണ്ടും ശസ്ത്രക്രിയ
വയറ്റിൽ കത്രിക കണ്ടെത്തിയതോടെ വരും ദിവസങ്ങളിൽ തന്നെ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കാമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ വണ്ടാനത്ത് തന്നെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ തനിക്ക് ഭയമാണെന്ന് ഉഷ പറയുന്നു. ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്ത് ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ അഞ്ചു വർഷമായി കടുത്ത വേദന സഹിച്ച് ജോലി ചെയ്യുകയായിരുന്നു.
ഡോ. ലളിതാംബികയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. വിഷയം ഒതുക്കിത്തീർക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചതായും ആരോപണമുണ്ട്. വണ്ടാനം മെഡിക്കൽ കോളേജിന് മുന്നിൽ നാളെ മുതൽ ശക്തമായ പ്രതിഷേധം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.












Click it and Unblock the Notifications