'അഞ്ഞൂറോ ആയിരമോ ആണെങ്കില്‍ എടുക്കില്ല ചേച്ചീ' , മരുന്നു കുടി മുടക്കി മോദി!!!
മെഡിക്കല്‍ ഷോപ്പുകളിലും ആശുപത്രികളിലും 500,1000 നോട്ടുകള്‍ സ്വീകരിക്കാത്തത് രോഗികളെയാണ് വലച്ചത്.
തിരുവനന്തപുരം: 500,1000 നോട്ടുകള്‍ അസാധുവാക്കിയതോടെ ജനങ്ങളെല്ലാം നെട്ടോട്ടത്തിലാണ്. കയ്യിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍.ആശുപത്രികളിലും റെയില്‍വേ സ്റ്റേഷനിലും പെട്രോള്‍ പമ്പുകളിലും മെഡിക്കല്‍ ഷോപ്പുകളിലും 72 മണിക്കൂര്‍ വരെ 500,1000 നോട്ടുകള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പലയിടത്തും നോട്ടുകള്‍ സ്വീകരിക്കില്ലെന്നാണ് ജനങ്ങളോട് പറയുന്നത്.
അത്യാവശ്യ മരുന്നുകള്‍ വാങ്ങാനുള്ളവരാണ് മോദി സര്‍ക്കാരിന്റെ പെട്ടെന്നുള്ള നടപടിയില്‍ ഏറെ വലഞ്ഞത്. ഒരാഴ്ച്ചയ്ക്കും മാസത്തിനുമെല്ലാം മരുന്ന് വാങ്ങുന്ന രോഗികളാണ് കയ്യില്‍ പണമുണ്ടായിട്ടും മരുന്ന് വാങ്ങാന്‍ കഴിയാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മടങ്ങുന്നത്.
ഡിസംബര്‍ അവസാനം വരെ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും പണം മാറാം എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതിനെല്ലാം ഒരുപാട് സമയമെടുക്കുമെന്നാണ് നിലവിലെ സ്ഥിതിയില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

കയ്യില്‍ പണമുണ്ടെങ്കിലും മരുന്ന് കിട്ടില്ല
മരുന്ന് വാങ്ങാന്‍ വരുന്നവരോട് 500,1000 ആണെങ്കില്‍ എടുക്കില്ല എന്ന് ആദ്യമേ പറഞ്ഞതിന് ശേഷമാണ് മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ ഏത് മരുന്നാണ് വേണ്ടതെന്ന് ചോദിക്കുന്നത്. മെഡിക്കല്‍ ഷോപ്പുകളില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ ഷോപ്പുടമകള്‍ പറയുന്നത്.

ഗ്രാമപ്രദേശങ്ങളില്‍ ഒരു രക്ഷയുമില്ല
സൈ്വപ്പിംഗ് സൗകര്യമുള്ള നഗരങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ അത് ഉപയോഗിക്കാനാണ് മിക്ക മെഡിക്കല്‍ ഷോപ്പുടമകളും പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ വളരെ ചുരുക്കം ചില മെഡിക്കല്‍ ഷോപ്പുകളില്‍ മാത്രമേ സൈ്വപ്പിംഗ് സംവിധാനമുള്ളു.ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ കൃത്യം പണം കയ്യില്‍ കരുതാതെ പോയിട്ട് കാര്യമില്ല.

സര്‍ക്കാര്‍ ഫാര്‍മസികളില്‍ നോട്ടുകള്‍ സ്വീകരിക്കുന്നു
കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലാണ് നോട്ടുകള്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായത്. ഡിസ്ചാര്‍ജ് ചെയ്തവരും ഓപ്പറേഷനു പണം കെട്ടിവയ്‌ക്കേണ്ടവരുമാണ് ബുദ്ധിമുട്ടിലായത്. സ്വകാര്യ ആശുപത്രികളിലെ ഫാര്‍മസികളിലും നോട്ടുകള്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ 500,1000 നോട്ടുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സ്വകാര്യ മെഡിക്കല്‍ ഷോപ്പുടമകള്‍ പറയുന്നത്.












Click it and Unblock the Notifications