കാരക്കോണം മെഡിക്കല്‍ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു...
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. മാധ്യമ പ്രവര്‍ത്തകരെ അകത്തേയ്ക്ക് കടത്തിവിടാതെ കോളേജ് അധികൃതര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നു.
കാരക്കോണം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മീനാക്ഷി(20) ആണ് മരിച്ചത്. തിരുവനന്തപുരം മുട്ടട ലക്ഷ്മി നഗറില്‍ മാധവന്റേയും ബിന്ദുവിന്റേയും മകളാണ് മീനാക്ഷി.

രണ്ട് ആഴ്ചത്തെ അവധിയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മീനാക്ഷിയെ രക്ഷിതാക്കള്‍ കോളേജില്‍ എത്തിച്ചത്. കോളേജില്‍ എത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും മീനാക്ഷി കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കോളേജ് ഹോസ്റ്റലില്‍ വച്ചാണ് മീനാക്ഷി കുഴഞ്ഞ് വീണത്. മൃതദേഹം നെയ്യാറ്റിന്‍കര സിഐ ജോണിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഫോറന്‍സിക് പരിശോധനാഫലത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകരെ അകത്തേയ്ക്ക് കടത്തിവിടാതെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ കോളേജ് അധികൃതരുടെ നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.












Click it and Unblock the Notifications