വൈദ്യശാസ്ത്ര നൊബേല്‍ നേടി കാറ്റലിൻ കാരിക്കോയും ഡ്രൂ വെയ്സ്മാനും: കോവിഡ് വാക്സിന്‍ വികസിപ്പിച്ചവർ
2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ , ഡ്രൂ വെയ്സ്മാൻ എന്നിവർക്ക്. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് അംഗീകാരം. കാറ്റലിന്‍ കാരിക്കോ ഹംഗറിക്കാരിയും ഡ്രൂ വെയ്സ്മാന്‍ അമേരിക്കക്കാരനുമാണ്. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമായിരുന്നു ഇവർ നടത്തിയത്.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെ വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്. കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാരടങ്ങുന്ന നൊബേൽ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കൊവിഡ് -19 നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് ബേസ് പരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തല്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് സമിതി വ്യക്തമാക്കി.

"നമ്മുടെ രോഗപ്രതിരോധ സംവിധാനവുമായി എംആർഎൻഎ എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ അടിസ്ഥാനപരമായി മാറ്റിമറിച്ച തകർപ്പന്‍ കണ്ടെത്തലായിരുന്നു അവരുടേത്. ആധുനിക കാലത്തെ മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്നായ കോവിഡിന്റെ വാക്സിൻ വികസനത്തിന് സമ്മാന ജേതാക്കൾ വലിയ സംഭാവന നൽകി," നോബൽ അസംബ്ലി പറഞ്ഞു.
മനുഷ്യരാശിയുടെ നന്മയ്‌ക്കായി വൈദ്യശാസ്‌ത്രരംഗത്ത് നിർണായക സംഭാവനകൾ നൽകിയ ശാസ്‌ത്രജ്ഞരെ ആദരിച്ചുകൊണ്ടാണ് ഓരോ വർഷവും കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാർ അടങ്ങുന്ന നൊബേൽ സമിതി വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കുന്നത്.
1955-ൽ സോൾനോക്കിൽ ജനിച്ച കാറ്റലിൻ കാരിക്ക്, സെഗെഡ് സർവകലാശാലയിലെ പ്രൊഫസറും പെൻസിൽവാനിയ സർവകലാശാലയിലെ പെരെൽമാൻ സ്കൂൾ ഓഫ് മെഡിസിനിൽ അഡ്‌ജങ്ക്റ്റ് പ്രൊഫസറുമാണ്. അതേസമയം, ഡ്രൂ വെയ്സ്മാൻ വാക്സിൻ റിസർച്ചിൽ റോബർട്ട്സ് ഫാമിലി പ്രൊഫസറും ആർഎൻഎ ഇന്നൊവേഷനുകൾക്കായുള്ള പെൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമാണ്.
1901 മുതൽ ഇതുവരെ 113 നോബൽ സമ്മാനങ്ങളാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർക്ക് നല്‍കിയത്. അതിൽ 12 എണ്ണമാണ് സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്. 32-ാം വയസ്സിൽ ഇൻസുലിൻ കണ്ടുപിടിച്ചതിന് 1923-ലെ മെഡിസിൻ സമ്മാനം ലഭിച്ച ഫ്രെഡറിക് ജി ബാന്റിംഗാണ് എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ്.
2022 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ സ്വാന്റേ പാബോയ്ക്കായിരുന്നു ലഭിച്ചത്. ജർമ്മനിയിലെ ലീപ്‌സിഗിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിക്ക് നേതൃത്വം നൽകുന്ന പാബോ പുരാതന അസ്ഥികളിൽ നിന്ന്, പ്രത്യേകിച്ച് നിയാണ്ടർത്താലുകളുടെ ഡിഎൻഎ വേർതിരിച്ചെടുക്കുന്നതിലും വിശകലനം ചെയ്യുന്നതിലുമാണ് അംഗീകാരം നേടിയത്.












Click it and Unblock the Notifications