ദീപക്കിന്റെ കുടുംബത്തിന് മെന്‍സ് കമ്മീഷന്റെ ഒരു ലക്ഷം സഹായം; യുവതിയുടെ മൊഴി എടുക്കും
കോഴിക്കോട്: തിരക്കുള്ള ബസില്‍ മോശമായി പെരുമാറി എന്ന ആരോപണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന് മെന്‍സ് കമ്മീഷന്‍ ഒരു ലക്ഷം രൂപ നല്‍കും. കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിനാണ് തുക കൈമാറുന്നത്. ഇതുകൂടാതെ നിയമസഹായവും നല്‍കും. മെന്‍സ് കമ്മീഷന്‍ ഭാരവാഹിയായ രാഹുല്‍ ഈശ്വറാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്ത് മെന്‍സ് കമ്മീഷന്‍ പ്രതിനിധികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഡിയോ കോളിലൂടെ പങ്കെടുത്ത രാഹുല്‍ ഈശ്വറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്ക് എതിരെയുള്ള ദീപക്കിന്റെ കുടുംബത്തിന്റെ നിയമ പോരാട്ടത്തിന് എല്ലാ സഹായവും നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു. മെന്‍സ് കമ്മീഷന്‍ ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

മോശമായി പെരുമാറി എന്ന് ആരോപിച്ച യുവതി സമൂഹമാധ്യമങ്ങളില്‍ ദീപക്കിനെതിരെ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ കടുത്ത മാനസിക സംഘര്‍ഷമാണ് യുവാവ് നേരിട്ടത്. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ദീപക്കിന്റെ ആത്മഹത്യയില്‍ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലും പൊതു ഇടങ്ങളിലും പെണ്‍കുട്ടി നേരിടുന്നത്. യുവതിയെ അറസ്റ്റ് ചെയ്യണം എന്നതുള്‍പ്പെടെയുള്ള ആവശ്യം ഉയരുന്നുണ്ട്.
വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് നിരവധി പേര്‍ വ്യക്തിപരമായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. യുവതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ദീപക്കിന്റെ കുടുംബം. ഇതിന്റെ ഭാഗമായി യുവതിക്കെതിരെ പൊലീസിലും കളക്ടര്‍ക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. ലൈംഗിക അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന ബസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും.












Click it and Unblock the Notifications