കേരളത്തില്‍ എംഎല്‍എയുള്ള പാർട്ടിയായി അഖിലേഷിന്റെ എസ്പി മാറുമോ: തീരുമാനം മെയ് 28 ന് അറിയാം
തിരുവനന്തപുരം: ഉത്തർപ്രദേശില്‍ യോഗി അദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാറിനെ അധികാരത്തില്‍ നിന്നും വീഴ്ത്താന്‍ സാധിച്ചില്ലെങ്കിലും വലിയ തോതില്‍ സീറ്റുയർത്താന്‍ ഇത്തവണ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിക്ക് സാധിച്ചിരുന്നു. പ്രമുഖ പാർട്ടികളുമായൊന്നും സഖ്യമില്ലാതെ ഏറെക്കുറെ തനിച്ചായിരുന്നു അഖിലേഷിന്റെ നേതൃത്വത്തില്‍ എസ്പി ഇത്തവണ ബി ജെ പിക്കെതിരെ പോരാട്ടത്തിനിറങ്ങിയത്.
നൂറിലേറെ സീറ്റുമായി പ്രതിപക്ഷത്ത് ഇരിക്കുന്ന എസ്പിയെ സഭയില്‍ നയിക്കാന്‍ ലോക്സഭ അംഗത്വം രാജിവെച്ച് അഖിലേഷ് തന്നെ എത്തുകയും ചെയ്യുന്നുണ്ട്. അതേസമയം ഇപ്പോഴിതാ കേരള രാഷ്ട്രീയത്തിലും എസ്പി ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ എംഎല്‍എയും ഭാവിയില്‍ മന്ത്രിയുമൊക്കെയുള്ള പാർട്ടിയായി അഖിലേഷ് യാദവിന്റെ എസ്പി മാറുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന എല്‍ ജെ ഡിയുടെ തുടർ രാഷ്ട്രീ നീക്കങ്ങളാണ് കേരളത്തിലും എസ്പിയുടെ ഭാവി നിശ്ചയിക്കുന്നത്. ദേശീയ നേതൃത്വം പാർട്ടിയെ ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡിയില്‍ ലയിപ്പിച്ചതോടെ വലിയ പ്രതിസന്ധിയാണ് കേരളത്തിലെ എല്‍ ജെ ഡി നേരിട്ടുകൊണ്ടിരിക്കുന്നത്.
സുപ്പർ ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ: ഫിറ്റ്ന്സ് ഫ്രീക്കിന്റെ രഹസ്യം

ആർ ജെ ഡിയുമായുള്ള ലയനത്തിന് തങ്ങളില്ലെന്ന കാര്യം സംസ്ഥാന നേതൃത്വം നേരത്തെ തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ പാർട്ടി രൂപീകരിച്ച് സ്വതന്ത്രമായി നില്‍ക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ പാർട്ടിയുടെ സംഘടനാപരമായ അതിജീവനം നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറി. തുടർന്ന് ഏതെങ്കിലും അംഗീകൃത പാർട്ടികളില്‍ ലയിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലേക്ക് പോവുകയായിരുന്നു.

ലയനം എന്നതിലേക്ക് തീരുമാനം എത്തിയപ്പോള്‍ സ്വാഭാവികമായും ആദ്യം ഉയർന്ന് വന്ന പേര് മാതൃപാർട്ടിയായ ജെഡിഎസ് ആണ്. 2009 ലെ ലോക്സഭ സീറ്റ് നിഷേധിച്ചതോടെ എല്‍ ഡി എഫ് വിട്ട് യുഡിഎഫില്‍ എത്തിയപ്പോള്‍ വീരേന്ദ്ര കുമാർ രൂപീകരിച്ച സോഷ്യലിസ്റ്റ് ജനതാ ദള്‍ ആണ് ഇന്നത്തെ ജനതാ ദള്‍. ഇതിനിടയിലും നിതീഷ് കുമാറിന്റെ ജെ ഡി യുവുമായും ഒരു ലയനം നടന്നിരുന്നു. പിന്നീട് നിതീഷ് എന്‍ ഡി എ പാളയത്തിലേക്ക് പോയതോടെ ശരത് യാദവുമായി ചേർന്ന് എല്‍ ജെ ഡി രൂപീകരിക്കുകയായിരുന്നു.

ജെ ഡി എസ് നേതാവ് എച്ച് ഡി ദേവഗൌഡ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എല്‍ ജെ ഡി നേതൃത്വം ലയന സാധ്യത ചർച്ച ചെയ്തിരുന്നു. ലയനശേഷം സംസ്ഥാന അധ്യക്ഷ പദവി വേണമെന്ന ശ്രേയാംസിന്‍റെ ആവശ്യം ദേവഗൗഡ തള്ളി. ഇതിനിടയിലാണ് ഒരു വിഭാഗം സമാജ്വാദി പാർട്ടിയിൽ ലയിക്കുന്നതിന്‍റെ സാധ്യതയും മുന്നോട്ട് വെക്കുന്നത്.

ദേശീയ തലത്തില്‍ ജെ ഡി എസിനേക്കാള്‍ കൂടുതല്‍ സ്വാധീനമുള്ള പാർട്ടിയാണ് എസ് പി എന്നാണ് അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ബി ജെ പി വിരുദ്ധ നിലപാടും ശക്തമാണ്. എന്നാല്‍ ലെജസ്ലേറ്റിവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കർണാടകയിൽ ബി ജെ പിയോട് മൃദുസമീപനമാണ് ബി ജെ പി സ്വീകരിക്കുന്നത്. ഭാവിയില്‍ അവർ ബി ജെ പിയുമായി സഖ്യത്തിലേർപ്പെട്ടാല്‍ അത് വലിയ തിരിച്ചടിയാകുമെന്നും എസ്പി ലയനത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

എല്‍ ജെ ഡി എസ്പിയില്‍ ലയിക്കാന്‍ തീരുമാനിച്ചാല്‍ ഇടതുമുന്നണിയിലെ ഔദ്യോഗിക ഘടകക്ഷി എന്നതിനോടൊപ്പം സംസ്ഥാന നിയമസഭയില്‍ ഒരു എംഎല്‍എയുമുള്ള പാർട്ടിയായി അഖിലേഷ് യാദവിന്റെ എസ്പി മാറും. അതേസമയം മറുവശത്ത് ഈ മാസം ഏഴു മുതൽ ഒമ്പതു വരെ എറണാകുളത്ത് നടക്കുന്ന സംഘടന തെരഞ്ഞെടുപ്പിന് ശേഷം മാത്രം എല്‍ ജെ ഡിയുമായുള്ള ലയനം ചർച്ച ചെയ്യാമെന്നാണ് ജെ ഡി എസ് നേതൃത്വം വ്യക്തമാക്കുന്നത്.

ലയനം ചർച്ചചെയ്യാൻ ഏഴംഗ സമിതിക്ക് സംസ്ഥാന സമിതി രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാർ, ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, കെപി മോഹനൻ എംഎൽഎ. ചാരുപാറ രവി, വി. കുഞ്ഞാലി, എം.കെ. ഭാസ്കരൻ, സണ്ണി തോമസ് എന്നിവരടങ്ങുന്നതാണ് ഏഴംഗ സമിതി. ലയന കാര്യങ്ങൾ എൽഡിഎഫ് നേതൃത്വവുമായും ചർച്ചചെയ്യും. എംപി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷിക ദിനമായ മേയ് 28ന് കോഴിക്കോട്ട് സമ്മേളനവും റാലിയും നടത്തിയാവും ലയനം പ്രഖ്യാപിക്കുക. അതിനുള്ളില്‍ ചർച്ചകള്‍ പൂർത്തിയാക്കാനാണ് തീരുമാനം.












Click it and Unblock the Notifications