മെസിയുടെ പേരിൽ തട്ടിപ്പ്; അഞ്ച് സ്ഥലങ്ങളിൽ എസ്ഐടി പരിശോധന, റിപ്പോർട്ടർ ഓഫീസിലും റെയ്ഡ്
മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന് കേസിൽ അഞ്ച് സ്ഥലങ്ങളിൽ എസ്ഐടി പരിശോധന. അഗസ്റ്റിൻ സഹോദരന്‍മാരുടെ കൊച്ചിയിലേയും വയനാട്ടിലേയും വീടുകളിലും ആർബിസിയുടെ ഓഫീസിലും റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസിലുമാണ് പരിശോധന നടന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്. 5 വാഹനങ്ങളിലായിട്ടാണ് പോലീസ് സംഘം എത്തിയത്. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘമാണ് പരിശോധന നടത്തുന്നത് .തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക ഇടപാടുകളും കത്തിടപാടുകളും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന. മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ് ഐ ടി ആദ്യ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ കോടതിയിൽ നിന്നും അനുമതി നേടിയ ശേഷമാണ് ഇന്ന് എസ് ഐ ടി സംഘത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ വലിയ തട്ടിപ്പാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കായിക വകുപ്പിൻ്റെ കണ്ടെത്തൽ. സ്‌പോൺസർഷിപ്പ് പദ്ധതി കള്ളപ്പണം വെളുപ്പിക്കലിനും നികുതി വെട്ടിക്കലിനും വേണ്ടി നടത്തിയ നീക്കമാണ് എന്നായിരുന്നു വകുപ്പിൻ്റെ കണ്ടെത്തലിൽ പറഞ്ഞത്. മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപ കൈമാറിയെന്നാണ് കേസിലെ പ്രധാന ആരോപണം.
എസ്ഐടി സംഘത്തിനെതിരെ റിപ്പോർട്ടർ
കൊച്ചി കളമശേരിയിലുള്ള റിപ്പോർട്ടർ ചാനൽ ഓഫീസിൽ ഇന്ന് രാവിലെയാണ് പോലീസ് സംഘം എത്തിയത്. ചാനൽ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയാണ് പോലീസ് സംഘം പരിശോധന നടത്തിയതെന്ന് റിപ്പോർട്ടർ ചാനൽ ആരോപിച്ചു. പോലീസ് സംഘം ന്യൂസ് റൂമിലേക്ക് കടന്ന് കയറുകയറി മാധ്യമപ്രവർത്തകരുടെ ഫോണുകൾ അടക്കം പിടിച്ചുവെച്ചുവെന്നും ചാനൽ ആരോപിക്കുന്നു.
നടപടി അപലപനീയം; പ്രതിപക്ഷ നേതാവ്
റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്കിൽ ഒരു സംഘം പോലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി. ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പകർത്തി.
അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള ഡൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാൻ പോകുന്നില്ല. മാധ്യമങ്ങൾക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് മറുപടി പറയേണ്ടത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.


Click it and Unblock the Notifications
