മോഹന്‍ലാല്‍ ഡയറക്ടര്‍; മെസ്സി, മംദാനി, എആര്‍ റഹ്മാന്‍, സെലിബ്രിറ്റികള്‍ കൂട്ടത്തോടെ പൊന്നാനിയിലേക്ക്
ജനങ്ങളെ ആകര്‍ഷിക്കുന്ന സെലിബ്രിറ്റികളുടെ പട്ടിക എടുത്താല്‍ എളുപ്പം പറയാവുന്ന പേരുകളാണ് മെസ്സിയും ഷാരൂഖ് ഖാനും എആര്‍ റഹ്മാനും സുഹ്‌റാന്‍ മംദാനിയും മോഹന്‍ലാലുമെല്ലാം. ഇവരെ എല്ലാം ഒരു വേദിയില്‍ കാണാന്‍ സാധിക്കുമോ. അതിനുള്ള ശ്രമങ്ങള്‍ പൊന്നാനിയില്‍ നടക്കുന്നുണ്ട്. എംഎല്‍എ കെപി നൗഷാദലി ഇക്കാര്യം ഒരു കുടുംബ സംഗമത്തില്‍ സൂചിപ്പിച്ചു. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മെസ്സി കേരളത്തില്‍ വരുന്ന വിഷയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. താനൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന വി അബ്ദുറഹ്മാന്‍ പറഞ്ഞ വാക്കുകള്‍ ഏറ്റുപിടിച്ചായിരുന്നു ഈ പ്രചാരണം. എന്നാല്‍ മന്ത്രി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല, മെസ്സി വന്നില്ല. ഇത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആയുധമാക്കുകയും ചെയ്തു.

ഇപ്പോഴിതാ പൊന്നാനിയിലെ കോണ്‍ഗ്രസ് എംഎല്‍എ നൗഷാദലി സമാനമായ കാര്യം പറയുന്നു. എന്നാല്‍ അദ്ദേഹം ആലോചനയിലുള്ളതും ശ്രമം നടക്കുന്നതുമായ കാര്യങ്ങളാണ് പ്രസംഗത്തില്‍ പറയുന്നത്. കുറേ സെലിബ്രിറ്റികളുടെ പേരെടുത്ത് പറഞ്ഞ അദ്ദേഹം ഇതില്‍ 75 ശതമാനം പേരെങ്കിലും ഉറപ്പായും പൊന്നാനിയില്‍ വരുമെന്നും വിടുവായത്തം പറയുകയല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷം നൗഷാദലിയുടെ പ്രസംഗം ആയുധമാക്കുമെന്നതില്‍ തര്‍ക്കമില്ല. മലബാര്‍ തീണ്ടിസ് കള്‍ച്ചറല്‍ ബിനാലെ സംഘടിപ്പിക്കാനുള്ള ആലോചന നടക്കുകയാണ്. പ്രമുഖരെ കൊണ്ടുവന്ന് പൊന്നാനിയുടെ പഴമയും പ്രതാപവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഈ ബിനാലെയിലേക്ക് മെസ്സിയെ വരെ കൊണ്ടുവരാന്‍ ആലോചന നടക്കുന്നു എന്നാണ് നൗഷാദലി പറയുന്നത്.
ശരിക്കും മെസ്സി വരുമോ എന്ന ചോദ്യമാണ് ഇടതു സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്. ഇതേ ചോദ്യം നേരത്തെ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അണികളാണ് ഫേസ്ബുക്കിലും മറ്റും ചര്‍ച്ചയാക്കിയിരുന്നത്. സമാനമായ ചോദ്യം ഇനി അവരും നേരിടേണ്ടി വരും. രസകരമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് നൗഷാദലിയുടെ വാക്കുകള്‍ തിരി കൊളുത്തിയിരിക്കുന്നത്.
നൗഷാദലി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ''ബിനാലെയുടെ ഭാഗമായി മോഹന്‍ലാലിനെ ഡയറക്ടര്‍ ആക്കണം എന്ന ആലോചന പുരോഗമിക്കുന്നുണ്ട്. ഷാരൂഖ് ഖാനും ശ്രേയ ഘോഷലും എആര്‍ റഹ്മാനും അടക്കമുള്ള ആളുകളെ, എന്തിന് ലയണല്‍ മെസ്സി തൊട്ട് മംമാദി വരെയുള്ള ആളുകളെ പൊന്നാനിയിലേക്ക് കൊണ്ടുവരണം എന്ന ചിന്തയുണ്ട്. ഇതൊന്നും വിടുവായത്തമായി തള്ളിക്കളയേണ്ട. ഞാനീ പറഞ്ഞ പേരുകളില്‍ 75 ശതമാനം പേരെങ്കിലും ഇവിടെ വരുമെന്ന് യാതൊരു തര്‍ക്കവും വേണ്ട. അത്തരത്തില്‍ വലിയ രീതിയില്‍ വിഭാവനം ചെയ്ത് മുന്നോട്ട് പോകുകയാണ്. പഴയ പൈതൃകത്തെ ഞൊടിയിടയില്‍ തിരിച്ചുപിടിച്ച് ജനസമക്ഷം അടയാളപ്പെടുത്തി സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വലിയ ചര്‍ച്ചയാക്കി മാറ്റണം. അതുവഴി മറ്റു പല ഇടങ്ങളേക്കാള്‍ വേഗത്തില്‍ ഷോട്ട് കട്ടായി വേഗം മുന്നണിയില്‍ എത്താന്‍ സാധിക്കും.''















Click it and Unblock the Notifications