ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ കേസെടുക്കണം; സിപിഎം തുനിഞ്ഞിറങ്ങി, നോതാക്കൾ പെടും?
തിരുവനന്തപുരം: കൊച്ചി മെട്രോയിൽ ചട്ടം ലംഘിച്ച് യാത്ര ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് സിപിഎം. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്യത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൊച്ചി മെട്രോയിൽ ജനകീയ യാത്ര സംഘടിപ്പിക്കുകയായിരുന്നു.
ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ജനകീയ യാത്ര. ജൂൺ മുപ്പതിനായിരുന്നു നേതാക്കൾ ജനകീയ യാത്ര നടത്തിയത്. പ്രവർത്തകരുടെ തള്ളി കയറ്റം നിമിത്തം കൊച്ചി മെട്രോയ്ക്ക് ചെറിയ തോതിൽ കേടുപാടുകളും പറ്റിയിരുന്നു.

എംഡിക്ക് കത്ത്
പൊതുമുതല്‍ നശിച്ചെന്നും ടിക്കറ്റെടുക്കാതെ യാത്ര ചെയ്തെന്നും സിപിഎം ആലുവ ഏരിയ സെക്രട്ടറി അഡ്വ.വി സലിം കെഎംആര്‍എല്‍ എംഡിക്കയച്ച കത്തില്‍ പറയുന്നു.

സിഗ്നൽ സംവിധാനം തകരാറിലാക്കി
പ്രതിഷേധങ്ങള്‍ക്ക് വിലക്കുള്ള മെട്രോ സ്റ്റേഷനില്‍ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ടിക്കറ്റെടുക്കാതെ ഉള്‍ക്കൊള്ളുന്നതിലധികം ആളകൾ മെട്രോയിൽ കയറി സിഗ്നൽ സംവിധാനം തകരാറിലാക്കിയെന്നും പരാതിയിൽ പറയുന്നു.

യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി
സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റല്‍ ഡിറ്റക്ടര്‍ ഇളകിവീഴുകയും ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. ഇത് യാത്രക്കാര്‍ക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയുണ്ട്.

മുഴുവൻ പേർക്കെതിരെയും കേസ്
പ്രതിഷേധത്തിന്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു.

ജനപ്രതിനിധികളും
ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും കൂടാതെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിൽ എംഎൽഎമാരും ഉണ്ടായിരുന്നു. വി.കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പി.ടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജെയിന്‍, എം.എം ഹസന്‍ എന്നിവരും യാത്രയില്‍ പങ്കാളികളായിരുന്നു.

പ്രതിപക്ഷ നേതാവ് ഖേദം പ്രകടിപ്പിച്ചു
അതേസമയം കൊച്ചി മെട്രോയിൽ ഉണ്ടായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചിരുന്നു.

നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്ന് കരുതിയില്ല
കൊച്ചി മെട്രോയുടെ ഉത്ഘാടന ചടങ്ങിലേക്ക് യുഡിഎഫ് നേതാക്കളെ അവഗണിച്ചതിലുള്ള പ്രതിഷേധമായിരുന്നു മെട്രോയിലെ ജനകീയ യാത്ര. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.












Click it and Unblock the Notifications