'ഒരു മണിക്കൂറില്‍ തിരുവനന്തപുരം-കണ്ണൂര്‍, പക്ഷെ കെ റെയില്‍ വേണ്ട'; വിശദീകരണവുമായി ഇ ശ്രീധരന്‍
മലപ്പുറം: കെ റെയില്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. കേരളത്തില്‍ അതിവേഗ റെയില്‍പാത വേണം എന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട വെച്ച കെ റെയില്‍ പദ്ധതി ഫലപ്രദമല്ല എന്നുമാണ് ശ്രീധരന്‍ പറയുന്നത്. കെ റെയിലിന് വലിയ അളവില്‍ ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരുമെന്നും ഇത് പ്രായോഗികമല്ലെന്നുമാണ് ശ്രീധരന്‍ പറഞ്ഞത്.
' കേരളത്തിലെ സാഹചര്യങ്ങളില്‍ തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് പ്രായോഗികം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്ത് നിന്ന് 1 മണിക്കൂര്‍ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താന്‍ സാധിക്കും,' ശ്രീധരന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ തയ്യാറെങ്കില്‍ രാഷ്ട്രീയം നോക്കാതെ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നും ശ്രീധരന്‍ പറഞ്ഞു.

കെ റെയിലിന്റെ പ്രധാന പ്രശ്‌നം നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകണം എന്നുള്ളതാണ്. അതിനാല്‍ തന്നെ ഇത്രയും സ്ഥലമേറ്റെടുക്കുക എന്നത് പ്രായോഗികമായിരിക്കില്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വശത്തും ഉയരത്തില്‍ മതില്‍ കെട്ടി വേര്‍തിരിക്കേണ്ടി വരും എന്നതിനാല്‍ പ്രാദേശിക യാത്രയെയും ബാധിക്കും.
സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റിലും അപാകതയുണ്ടെന്നും ഇത് പ്രകാരം മൂവായിരത്തിലധികം പാലങ്ങള്‍ വേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനുള്ള ചെലവുകളൊന്നും കെ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലതാനും. ഇതിനൊക്കെ ഉപരി കെ റെയിലിന് അനുമതി കിട്ടുമെന്ന പ്രതീക്ഷയുമില്ല എന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെത്തി ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെ കെ റെയില്‍ കേരളത്തില്‍ അനുയോജ്യമല്ല എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെയാണ് ശ്രീധരന്റെ വിശദീകരണം. കെ റെയില്‍ കേരളത്തില്‍ മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാം എന്നായിരുന്നു ശ്രീധരന്‍ ഇന്നലെ പറഞ്ഞത്. അതിനിടെ കേരളത്തില്‍ ഹൈ സ്പീഡ് റെയില്‍വേയും, സെമി സ്പീഡ് റെയില്‍വേയുമാണ് ആവശ്യമെന്നും ഇതുമായി ബന്ധപ്പെട്ട രൂപരേഖ ഇ ശ്രീധരന്‍ നല്‍കുമെന്നും കെ വി തോമസ് പറഞ്ഞിരുന്നു.
ശ്രീധരനെ ഒപ്പം നിര്‍ത്തി സംസ്ഥാനത്തെ റെയില്‍വേ വികസനത്തിലെ തടസങ്ങള്‍ നീക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശ്യം. കെ റെയില്‍ പദ്ധതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം എന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കെ വി തോമസ് ഇന്നലെ പറഞ്ഞിരുന്നു. ഇ ശ്രീധരന് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നും കെ വി തോമസ് പറഞ്ഞു.












Click it and Unblock the Notifications