കുറവനും പുലയനും ഇവിടെ പഠിക്കേണ്ട, ഇത് നായന്‍മാരുടെ കോളേജ്; എബിവിപിക്കാരുടെ ഭീഷണി
ദളിത് വിദ്യാര്‍ഥികളെയാണ് എബിവിപി പ്രവര്‍ത്തകര്‍ ജാതി പറഞ്ഞ് പരിഹസിച്ചത്. 35 വിദ്യാര്‍ഥികള്‍ ഇക്കാര്യം ഉന്നയിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയെന്നാണ് വിവരം.
തിരുവനന്തപുരം: എംജി കോളേജില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ എബിവിപി പ്രവര്‍ത്തകരുടെ ജാതീയ അധിക്ഷേപം. നായര്‍ സമുദായത്തില്‍ പെട്ടവര്‍ മാത്രം ഇവിടെ പഠിച്ചാല്‍ മതിയെന്നും മറ്റു ജാതിക്കാര്‍ പഠിക്കാന്‍ വേറെ സ്ഥലം നോക്കിക്കോ എന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞെന്നാണ് ആരോപണം.
ദളിത് വിദ്യാര്‍ഥികളെയാണ് എബിവിപി പ്രവര്‍ത്തകര്‍ ജാതി പറഞ്ഞ് പരിഹസിച്ചത്. 35 വിദ്യാര്‍ഥികള്‍ ഇക്കാര്യം ഉന്നയിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയെന്നാണ് വിവരം. കോളജിന് പുറത്തുള്ള എബിവിപി പ്രവര്‍ത്തകരും ആര്‍എസ്എസുകാരും തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് പരാതി നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസമായി കോളേജില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതും തുടര്‍ന്നുള്ള പരാതിയും. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നാണ് വിവരം.

കോളേജില്‍ കഞ്ചാവ് കൊണ്ടുവരുന്നുവെന്നാരോപിച്ച് ദളിതരായ ചില വിദ്യാര്‍ഥികളെ എബിവിപിക്കാര്‍ ആക്രമിച്ചിരുന്നു. ഇതില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ രണ്ടു പെണ്‍കുട്ടികള്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികളുടെ സുഹൃത്തുക്കളാണ് പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് എബിവിപി പ്രവര്‍ത്തകരെ പ്രിന്‍സിപ്പാള്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. എബിവിപി പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പെണ്‍കുട്ടികളുടെ പരാതി. പരാതി വ്യാജമാണെന്നും കഞ്ചാവ് കൊണ്ടുവന്നത് ചോദ്യം ചെയ്തതിലുള്ള പ്രതികാരമാണ് പരാതിയെന്നും എബിവിപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പെണ്‍കുട്ടികളുടെ പരാതി കോളേജിലെ ആന്റി സെക്ഷ്വല്‍ ഹറാസ്‌മെന്റ് കമ്മിറ്റിക്ക് കൈമാറണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കമ്മിറ്റി പെണ്‍കുട്ടികളുടെ മൊഴിയെടുത്തു. എന്നാല്‍ ഒരു പെണ്‍കുട്ടി പരാതിയില്‍ നിന്നു പിന്‍മാറി. ഇത് ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് ആരോപണമുണ്ട്.

കേസ് പോലീസ് ഇടപെടലിലേക്ക് നയിക്കുമെന്ന കണ്ട എബിവിപി പ്രവര്‍ത്തകര്‍ കോളേജില്‍ പ്രകടനം നടത്തി. തൊട്ടുപിന്നാലെയാണ് 35 ദളിത് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കുറവനും പുലയനും ഇവിടെ പഠിക്കേണ്ട, ഇത് നായന്‍മാരുടെ കോളേജാണെന്നായിരുന്നുവത്രെ എബിവിപിക്കാരുടെ ഭീഷണി.












Click it and Unblock the Notifications