കേരളത്തിൽ എന്തിന് സംഘപരിവാർ എംഎൽഎ?പിണറായി ആർഎസ്എസ് മുഖ്യമന്ത്രി... കോൺഗ്രസ് എംപിയുടെ രൂക്ഷ വിമർശനം
കണ്ണൂർ: കേരളത്തിൽ സംഘപരിവാർ എംഎൽഎയുടെ ആവശ്യമില്ലെന്നും അവരുടെ എല്ലാ കാര്യങ്ങളും നടത്തികൊടുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കോൺഗ്രസ് എംപി ഷാനവാസ്. തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഫെഡറേഷന്‍ ഓഫ് നാഷനല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സിന്റെ 27ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ ആര്‍എസ്എസിന്റെ മുഖ്യമന്ത്രിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍എസ്എസിന് കേരളത്തില്‍ എംഎല്‍എയുടെ ആവശ്യമില്ല. അവരുടെ എല്ലാ ആവശ്യങ്ങളും താല്‍പര്യങ്ങളും പിണറായി വിജയൻ നിറവേറ്റി കൊടുക്കകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്കും ആര്‍എസ്എസിനും എതിരെ രാജ്യസഭയില്‍ ശബ്ദം ഉയരരുതെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ സീറ്റ് നല്‍കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തയാറായിട്ടും സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിനെയും ഇന്ദിര ഗാന്ധിയെയും എതിര്‍ക്കാനും തോല്‍പിക്കാനും രാജ്യത്തെ ഇടതുപക്ഷങ്ങളും മതേതരപ്രസ്ഥാനങ്ങളും ഉള്‍പ്പെടെ ഒന്നിച്ചപ്പോള്‍ ബിജെപി എന്ന വിപത്തിനെ കാണാന്‍ അവര്‍ക്കായില്ലെന്നും ഷാനവാസ് എംപി പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും തകര്‍ക്കുന്ന പ്രധാനമന്ത്രിയുടെ പൈശാചികമുഖമാണ് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അനുകൂലമായ കാര്യങ്ങളാണ് കേരള സർക്കാർ ചെയ്യുന്നതെന്ന ആരോപണം നേരത്തെ തന്നെ കോൺഗ്രസ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഐ ഷാനവാസ് എംപിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.












Click it and Unblock the Notifications