മൈക്രോഫിനാന്‍സ് കേസ്: വെള്ളാപ്പള്ളിക്ക് ക്ലീന്‍ ചിറ്റ്;, കേസ് അവസാനിപ്പിക്കുന്നു, വിഎസിന് നോട്ടീസ്
തൃശൂര്‍: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൈക്രോഫിനാന്‍സ് കേസില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഇടപാടില്‍ ക്രമക്കേട് നടന്നിട്ടില്ല എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് ചൂണ്ടിക്കാട്ടി വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്.
കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി വി എസ് അച്യുതാനന്ദന് നോട്ടീസ് അയക്കുകയും ചെയ്തു. വി എസിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ് എന്‍ ഡി പി യൂണിയന്റെ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ് ഇടപാടില്‍ 15 കോടിയുടെ ക്രമക്കേട് നടന്നു എന്നായിരുന്നു വി എസ് അച്യുതാനന്ദന്റെ പരാതി.

പിന്നാക്കക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ, വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതി പ്രകാരം സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചിരുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റെയ്ഞ്ച് എസ് പി ഹിമേന്ദ്രനാഥിനായിരുന്നു അന്വേഷണത്തിന്റെ ഏകോപന ചുമതല.
വിജിലന്‍സ് അന്വേഷിച്ച അഞ്ച് കേസുകളാണ് എഴുതി തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. മൈക്രോ ഫിനാന്‍സ് വായ്പകളായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേ തട്ടിലേക്ക് പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ല എന്നുമാണ് വിജിലന്‍സ് പറയുന്നത്. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിയ 54 കേസുകളിലും വെള്ളാപ്പള്ളിക്ക് അനുകൂലമായാണ് റിപ്പോര്‍ട്ട് എന്നാണ് വിവരം.
മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോഴാണ് വി എസ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഘട്ടത്തില്‍ വെള്ളാപ്പള്ളിക്ക് എതിരെ തെളിവുണ്ടെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആയിരുന്നു വിജിലന്‍സ് നിലപാട്. വെള്ളാപ്പള്ളി ഹിന്ദു ഐക്യം ലക്ഷ്യമിട്ട് കേരള യാത്ര നടത്തിയതിന് പിന്നാലെയായിരുന്നു വി എസ് കേസുമായി മുന്നോട്ട് പോയത്.
ബി ഡി ജെ എസ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബി ജെ പിക്കൊപ്പം പോയതോടെ സി പി എമ്മും ആരോപണങ്ങള്‍ കടുപ്പിച്ചു. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. അതിനിടെ ശബരിമല വിഷയം വരികയും വെള്ളാപ്പള്ളിയെ കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു.
അതിനിടെ എല്ലാ ശാഖകളില്‍ നിന്നും പണം തിരികെ അടച്ച് വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും വെള്ളാപ്പള്ളി തലയൂരുകയും ചെയ്തു. ഇതിന്റെ ചുവട് പിടിച്ച് സാമ്പത്തിക നഷ്ടം വന്നില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. അതിനിടെ മൈക്രോ ഫിന്‍ന്‍സ് നടത്തിപ്പിന്റെ കോ-ഓഡിനേറ്ററായിരുന്നു മഹേശന്‍ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.












Click it and Unblock the Notifications