മൈക്രോ ഫിനാന്‍സില്‍ കുടുങ്ങും; വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുത്തു
തിരുവല്ല: മൈക്രോ ഫിനാന്‍സിനെന്ന പേരില്‍ ലോണെടുത്തശേഷം തട്ടിപ്പുനടത്തിയ സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. ചെങ്ങന്നൂര്‍ സ്വദേശിയായ സുനിലിന്റെ പരാതിയില്‍ ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
ഫിബ്രുവരി 8നായിരുന്നു ഇവര്‍ അടക്കം 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്താന്‍ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് സുനില്‍ ബര്‍ക്ക്മാന്‍ ഉത്തരവിട്ടത്. കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതിയും, തുഷാര്‍ വെള്ളാപ്പള്ളി രണ്ടാം പ്രതിയുമാകും. ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സന്തോഷ്‌കുമാര്‍, സെക്രട്ടറി അനു സി സേനന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കുറ്റകരമായ ഗൂഢാലോചന, സാമ്പത്തികതിരിമറി, വ്യാജ രേഖ ചമച്ച് പണം തട്ടുക, വിശ്വാസ വഞ്ചനയിലൂടെ ചതിച്ച് അന്യായ ലാഭം ഉണ്ടാക്കുക എന്നിവയാണ് പ്രതികള്‍ക്കെതിരായ പ്രധാന കുറ്റങ്ങള്‍. എസ് എന്‍ ഡി പി യൂണിയന് അന്യായമായി നഷ്ടം വരുത്തി വച്ചതിനും ഇവര്‍ അന്വേഷണം നേടിടേണ്ടിവരും.
പ്രാഥമിക അന്വേഷണത്തില്‍ കൂടുതല്‍ തുകയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായി ബോധ്യപ്പെട്ടതോടെയാണ് കേസെടുത്തത്. പരാതിക്കാരന്റേയും ചില സാക്ഷികളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു. കേസില്‍ വെള്ളാപ്പള്ളിയും മകനും എതിരെ വ്യക്തമായ തെളിവുകളാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications