നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം: അതിഥി തൊഴിലാളി മരിച്ചു, അപകടം 15 നിലക്കെട്ടിടത്തിൽ
കൊച്ചി: കൊച്ചിയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയായ മുജീബ് റഹ്മാ (20)നെ തീപിടുത്തമുണ്ടായ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ റഷീദുൽ ഇസ്ലാമിനെ(19) എറണാകുളത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പിണർമുണ്ടയിലെ 15 നില കെട്ടിടത്തിന്റെ ആറാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.
മുറിക്കുള്ളിൽ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ പിവിസി പൈപ്പുകൾ പേപ്പർ എന്നിവയ്ക്കാണ് തീപിടിച്ചതെന്നാണ് അഗ്നിശമന സേനാംഗങ്ങൾ നൽകുന്ന വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്ടിമറ്റം, തൃക്കാക്കര എന്നിവിടങ്ങിലെ അഗ്നിശമന സേനാഗംങ്ങൾ വൈകിട്ട് 7.30 ഓടെയാണ് തീയണച്ചത്. എന്നാൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഒരാളുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് സ്ഥലത്ത് വിശദമായ തിരച്ചിൽ നടത്തുന്നത്.

ഇതോടെയാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാത്രി എട്ടരയോടെയാണ് ഇയാൾ മരിച്ച വിവരം അറിയപ്പെടുന്നത്. പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അമ്പലമേട് പോലീസ് അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications