മലയാളികളുടെ ക്രൂരത; വെയിലത്ത് കെട്ടിയിട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി കൈലാഷ് ജ്യോതി ബെഹറയാണ് കൊല്ലപ്പെട്ടത്. കോട്ടയം ചിങ്ങവനത്ത് ബുധനാഴ്ചയായിരുന്നു സംഭവം. സംശയാസ്പദമായി കണ്ട കൈലാഷിനെ നാട്ടുകാര്‍ പിടികൂടി പൊള്ളുന്ന വെയിലില്‍ കെട്ടിയിടുകയായിരുന്നു.
ഒരുമണിക്കൂറിനുശേഷം വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ അവശനിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മരണകാരണം അറിവായിട്ടില്ല. ഇയാളുടെ വായില്‍നിന്നും നുരയും പതയും വന്ന നിലയിലാണ്. മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്ന് സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയുകയുള്ളുവെന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥലവാസികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. സ്ഥലത്തെ വീടുകളില്‍ ഇയാള്‍ എത്തി നോക്കിയിരുന്നതായും മോഷണം നടത്തിയിരുന്നതുമായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പിടിയിലായ ഉടനെ ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
പൊള്ളുന്ന വെയിലില്‍ ഒരുമണിക്കൂറോളം നിര്‍ത്തിയ ഇയാള്‍ക്ക് കുടിക്കാന്‍ വെള്ളവും മറ്റും നല്‍കിയിരുന്നില്ല. കേരളത്തില്‍ കൈലാഷിനൊപ്പമുള്ള നാട്ടുകാരെ പോലീസ് കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം അടുത്തദിവസം തന്നെ നാട്ടിലേക്ക് അയക്കുമെന്ന് കോട്ടയം എസ്പി വ്യക്തമാക്കി.












Click it and Unblock the Notifications