ബംഗാളിക്ക് എന്ത് ഡീസൽ, എന്ത് പെട്രോൾ! വെട്ടിലായത് മലയാളികൾ, വാഹനങ്ങൾ കട്ടപ്പുറത്ത്...
പമ്പിൽ നിന്നും വാഹനമിറക്കി അൽപ്പം കഴിഞ്ഞ് തനിയെ ഓഫാകുന്നതോടെയാണ് പലരും ഇന്ധനം മാറിയടിച്ച വിവരം അറിയുന്നത്.
തൊടുപുഴ: പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇന്ധനം മാറിയടിക്കുന്നുവെന്ന് വ്യാപക പരാതി. ഡീസലിന് പകരം പെട്രോളും, പെട്രോളിന് പകരം ഡീസലുമടിച്ചതിനാൽ പലരുടെയും വാഹനങ്ങൾ കട്ടപ്പുറത്തായി.
ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്തതിനാലും, കുറഞ്ഞ ശമ്പളം നൽകിയാൽ മതിയെന്നതുമാണ് ഇതരസംസ്ഥാന തൊഴിലാളികളെ പമ്പുകളിൽ ജോലിക്ക് നിർത്താൻ കാരണം. എന്നാൽ ഇവരിൽ പലർക്കും ഭാഷാജ്ഞാനം ഇല്ലാത്തതാണ് വാഹനമുടമകൾക്ക് പണികിട്ടാൻ കാരണമായിരിക്കുന്നത്.

പമ്പിൽ നിന്നും വാഹനമിറക്കി അൽപ്പം കഴിഞ്ഞ് തനിയെ ഓഫാകുന്നതോടെയാണ് പലരും ഇന്ധനം മാറിയടിച്ച വിവരം അറിയുന്നത്. ഇതോടെ വർക്ക് ഷോപ്പിൽ കയറ്റി വൻ തുക ചെലവാക്കിയാണ് വാഹനം നന്നാക്കിയെടുക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ അശ്രദ്ധ കാരണം വൻ നഷ്ടമാണ് പലർക്കുമുണ്ടായത്.
നിലവിൽ നിരത്തിലോടുന്ന മിക്ക കാറുകൾക്കും ഡീസൽ, പെട്രോൾ മോഡലുകളുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങൾ പമ്പിൽ കയറ്റുമ്പോൾ പുറത്തിറങ്ങി ശരിയായ ഇന്ധനമാണോ നിറയ്ക്കുന്നതെന്ന് ഉറപ്പുവരുത്തിയാൽ വാഹനം കട്ടപ്പുറത്താകില്ല. പെട്രോൾ എൻജിനിൽ ഡീസലടിച്ചാൽ വാഹനത്തിന് തീപിടിക്കാൻ വരെ സാധ്യതയുണ്ട്. ഇന്ധനം മാറിയടിച്ചാൽ എൻജിനും ടാങ്കും പൂർണ്ണമായും ക്ലീൻ ചെയ്തതിന് ശേഷം മാത്രമേ വാഹനം ഓടിക്കാവൂ.












Click it and Unblock the Notifications