നന്ദിനി പാല്‍ വില 8 രൂപ വര്‍ധിപ്പിച്ചു; തൈര് 14 രൂപ കൂട്ടി, ബെംഗളൂരു ജീവിതം ചെലവേറും,ന്യായീകരിച്ച് സര്‍ക്കാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ പാലിന്റെയും തൈരിന്റെയും വില വര്‍ധിപ്പിച്ചു. പാല്‍ ലിറ്ററിന് എട്ട് രൂപയും തൈര് ലിറ്ററിന് 14 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. വില വര്‍ധനവിന് കഴിഞ്ഞ ദിവസം കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ പാല്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ണാടകയില്‍ ഇപ്പോഴും വില കുറവാണ് എന്നാണ് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറയുന്നത്.
മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ വില പുതുക്കി നിശ്ചയിച്ചു. നന്ദിനി തൈരിന്റെ അര ലിറ്റര്‍ വില 28ല്‍ നിന്ന് 34 ആയി ഉയര്‍ത്തി. ലിറ്ററിന് 54 രൂപയില്‍ നിന്ന് 68 ആക്കിയും ഉയര്‍ത്തി. ഇതിന്റെ നേട്ടം ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുമെന്നാണ് ഫെഡറേഷന്റെ അവകാശവാദം. കര്‍ഷകര്‍ക്ക് പ്രതിമാസ വരുമാനം 2100 രൂപ വരെ വര്‍ധിക്കുമെന്നാണ് കരുതുന്നത്.

അവശ്യവസ്തുക്കളുടെ വില കുത്തനെ വര്‍ധിച്ച പിന്നാലെയാണ് പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടിയിരിക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. ബെംഗളൂരു നഗരത്തില്‍ താമസിക്കുന്നവരുടെ ജീവിത ചെലവും വര്‍ധിക്കും. ഹോട്ടല്‍ നടത്തിപ്പുകാരുടെ ചെലവും കൂടും. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് ഇനിയും വില കൂടാനുള്ള സാധ്യത തള്ളാനാകില്ല.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം എട്ട് രൂപയും. തുടര്‍ച്ചയായ വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്. തൈരിന്റെ വില ലിറ്ററിന് എട്ട് രൂപ വര്‍ധിപ്പിക്കുമെന്നാണ് കരുതിയിരന്നത്. 14 രൂപ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ബൃഹദ് ബെംഗളൂരു ഹോട്ടര്‍ അസോസിയേഷന്‍ ഭാരവാഹി പിസി റാവു പറയുന്നു. തൈര് വില അശാസ്ത്രീയമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
ഹോട്ടല്‍ ഉടമകള്‍ പ്രതിഷേധം അറിയിച്ചെങ്കിലും വില വര്‍ധനവിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്. ക്ഷീരകര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് വില വര്‍ധിപ്പിച്ചത് എന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ വരള്‍ച്ചാ സാഹചര്യവും പരിഗണിച്ചുവെന്നും അയര്‍ സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ വിലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലിന് വര്‍ധിപ്പിച്ച എട്ട് രൂപയില്‍ ഏഴ് രൂപയും കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുമെന്ന് പാല്‍ ഫെഡറേഷന്‍ പറയുന്നു. കര്‍ണാടകയില്‍ 26.89 ലക്ഷം ക്ഷീര കര്‍ഷകരുണ്ട്. ഇതില്‍ ഒമ്പത് ലക്ഷത്തോളം കര്‍ഷകര്‍ സഹകരണ സംഘങ്ങള്‍ വഴിയാണ് പാല്‍ വിതരണം ചെയ്യുന്നത്. പ്രതിദിനം ശരാശരി 28 കോടി രൂപ പാല്‍ ഉല്‍പാദകര്‍ക്ക് നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications
