മില്‍മ പാല്‍ വില കൂടിയേക്കും; തീരുമാനം ഓണത്തിന് ശേഷം: ലിറ്ററിന് ഇത്ര രൂപ വരെ വര്‍ധിച്ചേക്കും
കോട്ടയം: പാല്‍ ചായ, കാപ്പി പ്രിയര്‍ക്ക് ഇരട്ടി ആഘാതമായി മില്‍മ പാല്‍ വില കൂട്ടിയേക്കും. ഒാണത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ഉത്പാദന ചെലവ് വര്‍ധിച്ചതോടെ പാല്‍ വില കൂട്ടണമെന്ന ആവശ്യം കര്‍ഷകര്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നു. ലിറ്ററിന് നാലു രൂപ മുതല്‍ അഞ്ച് രൂപ വരെ വര്‍ധിക്കുമെന്നാണ് സൂചന.
സെപ്റ്റംബര്‍ 15-ന് തിരുവനന്തപുരത്ത് ചേരുന്ന മില്‍മ ഫെഡറേഷന്റെ യോഗത്തില്‍ തീരുമാനമുണ്ടാകും. ഉത്പാദനച്ചെലവ് കൂടിയതോടെ ആനുപാതികമായി വില വര്‍ധിപ്പിക്കണമെന്ന് മില്‍മ ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് ലഭിക്കുന്നത് 45 രൂപ മുതല്‍ 49 രൂപ വരെയാണ്. ടോണ്‍ഡ് മില്‍ക്കിന്റെ വിപണി വില ലിറ്ററിന് 52 രൂപയാണ്. ലിറ്ററിന് 10 രൂപയെങ്കിലും വര്‍ധിപ്പിക്കണം എന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം.

സംഘങ്ങള്‍ക്ക് നിശ്ചിത അളവില്‍ പാലളന്ന് കൊടുത്ത ശേഷം ബാക്കി സ്വകാര്യ വിപണിയിലേക്ക് വിറ്റാണ് കര്‍ഷകര്‍ നഷ്ടം നികത്തുന്നത്. പുറംവിപണിയില്‍ ലിറ്ററിന് 60-65 രൂപയ്ക്കാണ് പാല്‍ വില്‍ക്കുന്നത്. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ പാലിന് വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറ് രൂപ കൂട്ടിയിരുന്നു.
കാലിത്തീറ്റ ഒരു ചാക്കിന് 1450 രൂപയാണ് വില. 50 കിലോഗ്രാം കാലിത്തീറ്റയാണ് ഒരു ചാക്കിലുള്ളത്. ഇത് 1000-1100 രൂപയെങ്കിലും ആക്കണമെന്നാണ് കൃഷിക്കാര്‍ പറയുന്നത്. വെറ്ററിനറി മരുന്നുകള്‍ക്ക് 20-25 ശതമാനം വരെ വില കൂടി. ഫാം നടത്തുന്നവര്‍ക്ക് പരിപാലനക്കൂലിയും വലിയ ബാധ്യതയാണ്. ശരാശരി 35000 രൂപയെങ്കിലും തൊഴിലാളിക്ക് മാസം നല്‍കണം. ഇതര സംസ്ഥാനക്കാര്‍ക്ക് കുടുംബ സമേതം താമസിക്കാനുള്ള വീടും പാചകവാതകവും ഭക്ഷ്യവസ്തുക്കളും കൊടുക്കണം. ഇപ്പോഴുള്ള ബാധ്യത നികത്താന്‍ പാല്‍ വില വര്‍ധിപ്പിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം.
മില്‍മയുടെ പ്രതിദിന ഉത്പാദനം ശരാശരി 12-13 ലക്ഷം ലിറ്ററാണ്. 17 ലക്ഷമാണ് പ്രതിദിന ശരാശരി വില്‍പ്പന. ഓണക്കാലത്ത് ഇത് 20-22 ലക്ഷം വരെയാകും. ഓണക്കാലത്ത് ഉപയോക്താക്കള്‍ക്ക് അധിക ഭാരം ഉണ്ടാകാതിരിക്കാനാണ് വില വര്‍ധന സംബന്ധിച്ച യോഗം ഓണത്തിനു ശേഷമാക്കിയത്. കര്‍ഷകര്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ വില വര്‍ധിപ്പിക്കാനാണ് നീക്കമെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. വിപണിയിലെ മത്സരവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുകയെന്നും അദ്ദേഹം പറയുന്നു.
അതേസമയം, വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും ഇതിന് സര്‍ക്കാരിന്റെ അനുമതി വേണ്ടി വരും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ വില കേരളത്തിലെ പാലിന്റെ വിലയേക്കാള്‍ കുറവാണ്. ഇതാണ് വില കൂട്ടുന്നതില്‍ മില്‍മയെ പ്രതിസന്ധിയിലാക്കുന്ന ഘടകം.












Click it and Unblock the Notifications