ഓണം പൊടിപൊടിക്കാൻ കേരളത്തിലേക്ക് ഒരു കോടി ലിറ്റർ പാൽ എത്തിക്കും; രണ്ട് സംസ്ഥാനങ്ങൾ പാൽ നൽകും
പാലക്കാട്: ഓണത്തിന് സംസ്ഥാനത്തേക്ക് മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നും പാൽ എത്തിക്കും. കടുത്ത പാൽക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പാൽ എത്തിക്കാനുള്ള ശ്രമം. ഒരു കോടി ലിറ്റർ പാൽ എത്തിക്കാനാണ് മിൽമ നിലവിൽ ശ്രമിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വർഷം 80 ലക്ഷത്തോളം ലിറ്ററാണ് കാെണ്ടുവന്നത്. തിരുവോണത്തിനും അതിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിലും ആണ് സാധാരണ പാലിന് ആവശ്യം വർദ്ധിക്കാറുള്ളത്, എന്നാൽ ഇത്തവണ അത്തം മുതൽ തന്നെ ആവശ്യക്കാർ ഏറി. എന്നാൽ മിൽമയുടെ എല്ലാ മേഖലകളിലും ഇത്തവണ ഉത്പാദനം കുറവാണ്.

ഇപ്പോൾ 14 ലക്ഷത്തിൽ താഴെ മാത്രമാണ് ഉത്പാദനം. എന്നാൽ കോവിഡിന്റെ സമയത്ത് 16 ലക്ഷം വരെ പാലായിരുന്നു ഉത്പാദിപ്പിച്ചത്. മലബാർ മേഖലയിൽ നേരത്തെ അത്യവശ്യം നല്ല രീതിയിൽ ഉത്പാദനം ഉണ്ടായിരുന്നു.
എന്നാൽ ഇത്തവണ 25 ലക്ഷത്തോളം ലിറ്റർ പുറത്തുനിന്ന് എത്തിക്കേണ്ടിവരും. എറണാകുളം മേഖല യൂണിയൻ 28 ലക്ഷത്തോളം ലിറ്ററാണ് വാങ്ങുന്നത്. ബാക്കി പാൽ തിരുവനന്തപുരം മേഖലാ യൂണിയനുള്ളതാണ്.
പാൽക്ഷാമം പരിഹരിക്കാൻ ഇത്തവണ മിൽമ നേരത്തെ ശ്രമം തുടങ്ങിയിരുന്നതായി ചെയർമാൻ കെ എസ് മണി പറഞ്ഞു. മഹാരാഷ്ട്രയാണ് ഭൂരിഭാഗം വിഹിതവും നൽകുക. കർണാടക 18 ലക്ഷം ലിറ്ററോളം പാലാണ് നൽകുക.
അതേസമയം, തമിഴ്നാട്ടിൽ നിന്നും പാൽ ലഭിക്കില്ല. മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനമാണ് മിൽമ പാൽ വിൽപനയിൽ നിന്ന് അധികമരുമാനം ലക്ഷ്യമിടുന്നത്. തൈര് വിൽപനയിൽ 16 ശതമാനം വർധനവാണ് ലക്ഷ്യം. ഓണക്കാലം ആയത് കൊണ്ട് തന്നെ കേരളത്തിൽ പാലിന് ആവശ്യം കൂടുതലാണ്. ഏകദേശം 2.5 കോടി ലിറ്റർ പാലാണ് ആവശ്യം വരിക. ഇതിൽ മിൽമ മാത്രം ഒരു കോടിയിലേറെ ലിറ്റർ പാൽ വിൽക്കും.












Click it and Unblock the Notifications