നന്ദിനിയുടെ വരവില്‍ മില്‍മ ഭയക്കേണ്ടതുണ്ടോ: വിലയിലെ വ്യത്യാസം 5 രൂപ വരെ, സൂക്ഷിക്കേണ്ടത് ഇവിടെ
തിരുവനന്തപുരം: നന്ദിനിയുടെ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറന്ന് കേരള വിപണിയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള കർണാടക മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ നീക്കത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തെ ക്ഷീര കർഷകർക്കിടയില്‍ നിന്നും ഉയരുന്നത്. കേരളത്തിലെ ക്ഷീര കർഷകരെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുന്ന വിഷയമായതിനാല്‍ നന്ദിനി പാൽ നേരിട്ട് വിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാരും. സംഭവത്തില്‍ ദേശീയ ക്ഷീര വികസന ബോർഡിന് പരാതി നല്‍കിയ കേരള സർക്കാർ കർണാടക സർക്കാറിനെയും പ്രതിഷേധം അറിയിക്കും.
പാലും പാലുത്പന്നങ്ങളും വില്പന നടത്താൻ അതിർത്തി കടന്ന് എറണാകുളത്തും മഞ്ചേരിയിലും പന്തളത്തും ഔട്ട്ലെറ്റുകള്‍ തുറന്ന 'നന്ദിനി' കേരളത്തിൽ 100 ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ട് പരസ്യവും നല്‍കിയതോടെയാണ് ആശങ്ക ശക്തമായത്. വിലയില്‍ കുറവ് വരുത്തിക്കൊണ്ട് കേരള വിപണി പിടിക്കാമെന്നാണ് നന്ദിനിയുടെ പ്രതീക്ഷ.

വിലയിലെ വ്യത്യാസങ്ങള്‍
മില്‍മയുടെ നീലക്കവറിലുള്ള (ടോണ്‍ഡ് മില്‍ക്ക്) അരലിറ്റർ പാലിന് 25 രൂപയാണ് ഈടാക്കുന്നത്. അതേസമയം നന്ദിനിയുടെ നീലക്കവറിലുള്ള ടോണ്‍ഡ് പാലിന് ഇതേ അളവിന് കർണാടകയില്‍ നല്‍കേണ്ടത് 20 രൂപയാണ്. വിലയിലെ വ്യത്യാസം 5 രൂപയാണെന്നുള്ളതാണ് ശ്രദ്ധേയം.
മില്‍മയുടെ വിവിധ ബ്രാന്‍ഡ് പാല്‍ പാക്കറ്റുകളുടെ വില (അരലിറ്ററിന്)
- ടോണ്‍ഡ് മില്‍ക്ക് (നീല കവർ) - 25 രൂപ
- സ്മാർട്ട് മില്‍ക്ക് (മഞ്ഞ കവർ) - 25 രൂപ
- പ്രൈഡ് മില്‍ക്ക് (ഓറഞ്ച് കവർ) - 27 രൂപ
- റിച്ച് മില്‍ക്ക് (പച്ച കവർ) - 30 രൂപ
- കൗ മില്‍ക്ക് - 28 രൂപ
- ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് - 26 രൂപ
നന്ദിനിയുടെ വിവിധ ബ്രാന്‍ഡ് പാല്‍ പാക്കറ്റുകളുടെ കർണാടകയിലെ വില (ലിറ്ററിന്)
- ടോണ്‍ഡ് മില്‍ക്ക് (നീല കവർ) - 39 രൂപ
- ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് - 40 രൂപ
- ഹോമോജെനൈസ്ഡ് കൗ മില്‍ക്ക് (പച്ച കവർ) - 44 രൂപ
- ശുഭം ഗോള്‍ഡ് മില്‍ക്ക് (ഓറച്ച് കവർ) - 45 രൂപ
- സമൃദ്ധി മില്‍ക്ക് (വയലറ്റ് കവർ) - 50
- സംതൃപ്തി ഹോമോജെനൈസ്ഡ് മില്‍ക്ക് - 52 രൂപ
- ഡബ്ള്‍ ടോണ്‍ഡ് മില്‍ക്ക് - 38 രൂപ

ഗുണനിലവാരത്തില്‍ നന്ദിനിയേക്കാള്‍ ഏറെ മികച്ചതാണ് മില്‍മയുടെ പാലും മറ്റ് ഉത്പന്നങ്ങളുമെന്നാണ് മില്‍മ ചെയർമന്‍ കെ എസ് മണി അവകാശപ്പെടുന്നത്. കേരളത്തിലെ ക്ഷീരകർഷകരില്‍ നിന്നാണ് മില്‍മ പാല്‍ ശേഖരിക്കുന്നത്. വില്‍പ്പന വലിയ തോതില്‍ കൂടുന്ന ചില സന്ദർഭങ്ങളില്‍ നന്ദിനിയേയും ആശ്രയിക്കാറുണ്ട്. നന്ദിനി കേരള വിപണിയില്‍ സ്വാധീനം സൃഷ്ടിക്കുകയാണെങ്കില്‍ സ്വാഭാവികമായും മില്‍മക്ക് തിരിച്ചടി നേരിടും. ആത്യന്തികമായി നമ്മുടെ നാട്ടിലെ ക്ഷീക കർഷകരേയാവും ഈ വിഷയം നേരിട്ട് ബാധിക്കുക. അതുകൊണ്ട് തന്നെയാണ് നന്ദിനിയുടെ നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സർക്കാർ രംഗത്ത് വന്നതും.
അതേസമയം, കർണാകയിലെ പാല്‍ ഉത്പാദനം സമീപകാലങ്ങളില്‍ വലിയ വളർച്ച കൈവരിച്ചപ്പോള്‍ കേരളം താഴേക്ക് പോവുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വരുമാനത്തിലും മുമ്പന്‍ കർണാടകയുടെ സ്ഥാപനമാണ്. നന്ദിന് 84 ലക്ഷം ലിറ്റർ പാല്‍ ദിവസവും സംഭരിക്കുമ്പോള്‍ കേരളത്തില്‍ മില്‍മയ്ക്ക് കീഴില്‍ സംഭരിക്കപ്പെടുന്നത് 14 ലക്ഷം ലിറ്ററാണ്. 2021-22 സാമ്പത്തിക വർഷത്തില്‍ നന്ദിന് 19784 കോടിയുടെ വരുമാനമുണ്ടാക്കിയപ്പോള്‍ മില്‍മയുടെ വരുമാനം 4300 കോടിയായിരുന്നു.












Click it and Unblock the Notifications