ഇതാ മഹേഷ് കുഞ്ഞുമോന്റെ അതിഗംഭീര തിരിച്ചുവരവ്: ജയിലറിലെ വിനായകനും പിന്നെ ബാലയും ആറാട്ടണ്ണനും
തിരുവനന്തപുരം: അനുകരണ കലയിലേക്കുള്ള മഹേഷ് കുഞ്ഞുമോന്റെ തിരിച്ച് വരവ് മലയാളികള്‍ ഏറെ നാളുകളായി ആഗ്രഹിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ മലയാളികള്‍ക്കുള്ള ഓണ സമ്മാനമായി അതിഗംഭീര പ്രകടനവുമായി മഹേഷ് കുഞ്ഞുമോന്‍ തിരിച്ച് വന്നിരിക്കുകയാണ്. രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ജയിലറുമായി ബന്ധപ്പെടുത്തിയ പുതിയ വീഡിയോയാണ് മഹേഷ് കുഞ്ഞുമോന്‍ പങ്കുവെച്ചിരിക്കുന്നത്.
ജയിലറിലെ വിനായകന്റേയും വിടിവി ഗണേഷിന്റെയും പ്രകടനത്തിനൊപ്പം ബാല, ആറാട്ടണ്ണന്‍ എന്നിവരേയും കൊണ്ടുവന്ന് തന്റെ പതിവ് രീതിയില്‍ ഒരു സ്റ്റോറി ലൈനിലാണ് മഹേഷ് കുഞ്ഞുമോന്റെ പുതിയ പ്രകടനം. . പഴയ അതേ പ്രസരിപ്പും മികവോടെയുമുള്ള പ്രകടനത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു മഹേഷ് കുഞ്ഞുമോന് കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കേണ്ടി വന്നത്. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോള്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ് താരം. ആരോഗ്യ സ്ഥിതി പൂർണ്ണമായും വിട്ടെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും മിമിക്രിയിലേക്ക് തിരിച്ച് വരാനുള്ള പരിശീലനം മഹേഷ് കുഞ്ഞുമോന്‍ തുടങ്ങുകയായിരുന്നു.
'എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം. അങ്ങനെ കുറനാളുകള്‍ക്ക് ശേഷം നമ്മള്‍ പുതിയൊരു വീഡിയോയുമായി വന്നിരിക്കുകയാണ്. രണ്ട് മാസത്തോളമായി ഞാന്‍ വീട്ടില്‍ തന്നെയാണെന്ന് എല്ലാവർക്കും അറിയാം. വേറെ പരിപാടിയൊന്നും ഇല്ല. ഇപ്പോള്‍ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. പതുക്കെ, പതുക്കെ റെഡിയായി വരുന്നു. വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പഴയ ഐറ്റംസൊക്കെ ചെറുതായി ചെയ്ത് നോക്കാറുണ്ട്. ഇനിയും ശസ്ത്രക്രിയകളുണ്ട്. അപ്പോള്‍ അതിന് മുന്നേ നിങ്ങളുടെ മുന്നിലേക്ക് ഒരു അനുകരണ വീഡിയോയുമായി ഞാന്‍ വന്നിരിക്കുകയാണ്.' എന്ന് പറഞ്ഞുകൊണ്ട് മഹേഷ് തന്റെ പുതിയ വീഡിയോ പങ്കുവെക്കുന്നത്.
'മടങ്ങി വരാതിരിക്കാനാകില്ലല്ലോ, മടങ്ങിവരേണ്ടത് എന്റെ ആവശ്യമല്ലേ, വീട്ടില്‍ ഇങ്ങനെ ഇരിക്കാന്‍ കഴിയില്ലല്ലോ' എന്നായിരുന്നു പുതിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മഹേഷ് കുഞ്ഞുമോന്‍ ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചത്. നാല് മാസം കഴിഞ്ഞ് മൂക്കിന് സര്‍ജറിയുണ്ടന്നും അത് കഴിഞ്ഞാല്‍ മരുന്നുകള്‍ ആരംഭിക്കുമെന്നും അതിന് ശേഷം പല്ലിന്റെ ചികിത്സകള്‍ നടക്കുമെന്നും മഹേഷ് പറഞ്ഞതായി ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരോ ഇരുപ്പില്‍ വീഡിയോ ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നു. പലപ്പോഴായിട്ട് ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. കൂട്ടത്തില്‍ വിനായകന്‍ ചേട്ടന്റെ ശബ്ദം എനിക്ക് താരതമ്യേനെ എളുപ്പമായിരുന്നു. വീഡിയോ കണ്ട് വിനീത് ശ്രീനിവാസനും സൈജു കുറുപ്പും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബന്ധപ്പെട്ടിരുന്നെന്നും അഭിനന്ദനം അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നിരന്തരം പ്രാക്ടീസ് നടത്തുന്നുണ്ട്. ഉടന്‍ തന്നെ അടുത്ത വീഡിയോയും വരുന്നുണ്ട്. പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പക്ഷേ ജയിലര്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സിനിമ ഞാന്‍ മൂന്ന് പ്രാവശ്യം കണ്ടു. സിനിമയുടെ ട്രെന്‍ഡ് കഴിഞ്ഞിട്ട് വിനായകന്റെ ശബ്ദുവുമായി വന്നിട്ട് കാര്യമില്ലാലോ? വീഡിയോയിലെ ആളുകളുടെ പ്രതികരണങ്ങള്‍ കണ്ട് വലിയ സന്തോഷം തോന്നിയെന്നും മഹേഷ് കുഞ്ഞുമോന്‍ കൂട്ടിച്ചേർക്കുന്നു.
അപകടത്തില്‍ താരത്തിന്റെ മുന്‍നിരയിലെ അടക്കം പല്ലുകള്‍ നഷ്ടമായിരുന്നു. മുഖത്തെ എല്ലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. മൂക്കിനേറ്റ ക്ഷതം ശബ്ദത്തേയും മാറ്റി മറിച്ചു. എന്നാല്‍ വിശ്രമത്തിന് ശേഷം കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ച് വരുമെന്ന് അന്ന് തന്നെ താരം വ്യക്തമാക്കിയിരുന്നു. ആ തിരിച്ച് വരവ് അതിഗംഭീരമായി തന്നെ നടത്തിയിരിക്കുകയാണ് മഹേഷ് കുഞ്ഞുമോന്‍.












Click it and Unblock the Notifications