മിനി കൂപ്പര്‍ കാര്‍ വിവാദം; സിഐടിയു നേതാവ് അനില്‍ കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കി
കൊച്ചി: 50 ലക്ഷം രൂപയുടെ മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട സി ഐ ടി യു നേതാവ് പി കെ അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. പെട്രോള്‍ ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പി കെ അനില്‍കുമാര്‍.
യൂണിയന്‍ പ്രസിഡന്റായ സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനെയും ചുമതലയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഇരട്ട പദവി വഹിക്കുന്നതിനെ തുടര്‍ന്നാണ് സി എന്‍ മോഹനനെ മാറ്റിയത്. ബി പി സി എല്‍, ഐ ഒ സി, എച്ച് പി സി എല്‍ കമ്പനികളിലെ 4000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന യൂണിയന്‍ സി ഐ ടി യു സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

കഴിഞ്ഞ മാസമാണ് അനില്‍ കുമാര്‍ പുതിയ കുടുംബത്തിനൊപ്പം കാര്‍ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് വിവാദം ആരംഭിച്ചത്. ഇന്നോവ അടക്കമുള്ള വാഹനങ്ങള്‍ സ്വന്തമായുള്ളപ്പോഴാണ് പുതിയ കാര്‍ വീട്ടിലേക്ക് എത്തിയത്. 10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള എന്തു സാധനങ്ങള്‍ വാങ്ങിയാലും പാര്‍ട്ടിയെ അറിയിക്കണമെന്നാണ് അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
എന്നാല്‍ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നായിരുന്നു അനില്‍ കുമാറിന്റെ വിശദീകരണം. ഐ ഒ സിയില്‍ കരാര്‍ തൊഴിലാളിയായി തൊഴിലാളി പ്രവര്‍ത്തനം തുടങ്ങിയ അനില്‍കുമാര്‍ പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയത്.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വീഴ്ചയില്‍ പാര്‍ട്ടി ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചില്ല. ചില ദുഷ്പ്രവണകളുണ്ടെന്നും മേലില്‍ അത് ആവര്‍ത്തിക്കരുതെന്നും എം വി ഗോവിന്ദന്‍ താക്കീത് നല്‍കി. ഉപതിരഞ്ഞെടുപ്പിലെ പരാജയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എ കെ ബാലനെയും ടി പി രാമകൃഷ്ണനെയും അംഗങ്ങളാക്കി പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ആര്‍ക്കെതിരെയും നടപടി വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത്.
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചെന്നു സി പി എമ്മിന്റെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ ചെറുക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ഇത് തോല്‍വിയുടെ ആക്കം കൂട്ടിയെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. കൂടാതെ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നതായും കണ്ടെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications