'സിമ്പതി കിട്ടാൻ വക്കീൽ എഴുതി തന്നത് വായിക്കുകയാണോ', നൂഹ സജീവിന്റെ വീഡിയോയ്ക്ക് രൂക്ഷ വിമർശനം
നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിലെ പ്രതിയായ സുഹൈൽ സജീവിന്റെ അമ്മയും സംരഭകയുമായ നൂഹ സജീവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് രൂക്ഷ വിമർശനം. മകന്റെ ഭാവിയെ കുറിച്ച് ഓർത്ത് ആശങ്കയിലാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പറയുന്ന വീഡിയോയ്ക്കാണ് രൂക്ഷ വിമർശനം ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം സുഹൈൽ അടക്കമുളള പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. മാത്രമല്ല നൂഹ സജീവിന്റെ സ്ഥാപനത്തിന് നേരെയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സിമ്പതിക്ക് വേണ്ടിയാണ് ഇപ്പോൾ വീഡിയോ ചെയ്തിരിക്കുന്നതെന്നും വക്കീൽ എഴുതി കൊടുത്തത് നോക്കി വായിക്കുകയാണ് ചെയ്യുന്നത് എന്നതുമടക്കമുളള രൂക്ഷ വിമർശനങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്.
നൂഹ സജീവിന്റെ വാക്കുകൾ: ' കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഒരു അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും കുറച്ച് കാര്യങ്ങള്‍ പറയാനാണ് ഈ വീഡിയോ ചെയ്യുന്നത്. നമുക്ക് നഷ്ടപ്പെട്ടത് മൂന്ന് വിലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവിതമാണ്. ആ മൂന്ന് കുഞ്ഞുങ്ങളോടുളള അനുശോചനം അറിയിക്കുന്നു. അവരുടെ വീട്ടിലെ തീരാദുഖം എനിക്കറിയാം. കാരണം മക്കളെ നമ്മള്‍ അത്രയും സ്‌നേഹത്തോടെ വളര്‍ത്തി വലുതാക്കി, ഒരുപാട് സ്വപ്‌നങ്ങളുമൊക്കെയായി നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍, ഇടയ്ക്ക് വെച്ച് അവര്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണെന്ന് എനിക്കറിയാം.

ഒരു കുഞ്ഞ് നഷ്ടപ്പെടുമ്പോള്‍ അമ്മയുടേയും അച്ഛന്റെയും വേദനയൊക്കെ മനസ്സിലാക്കുന്ന വ്യക്തി തന്നെയാണ്. വാക്കുകള്‍ കൊണ്ടൊന്നും അവരുടെ മരണം വരെയുളള ഈ തീരാദുഖത്തിന് ഒരു കുറവ് വരില്ലെന്നും എനിക്കറിയാം. പക്ഷേ എന്നാലും ഞാന്‍ ആ കുഞ്ഞുങ്ങളോടും അവരുടെ വീട്ടുകാരോടും ഉളള അനുശോചനം രേഖപ്പെടുത്തുകയാണ്.
അപകടത്തോട് അനുബന്ധിച്ചുളള സംഭവങ്ങള്‍ അതിനുളള ആളുകള്‍ അന്വേഷിക്കട്ടെ, നിയമപരമായി മുന്നോട്ട് പോകട്ടെ. എല്ലാം സത്യസന്ധമായി മാത്രം നടക്കട്ടെ. സത്യമായ വാര്‍ത്ത മാത്രം പുറത്ത് വരട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്നറിയാം. എല്ലാവര്‍ക്കും ഞങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്നും അറിയാം.
പക്ഷേ ഇത്രയും ദുഷ്‌കരമായ ഒരു അവസ്ഥയില്‍ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളും സാധാരണ മനുഷ്യരാണ്. നാല് പേരടങ്ങുന്ന ഒരു കുടുംബമാണ്. പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഞങ്ങളും മനുഷ്യരാണ്, ഞാന്‍ ഒരു അമ്മയാണ് എന്നുളള കാര്യം നിങ്ങള്‍ പരിഗണിക്കണം.
എന്റെ കുഞ്ഞിന്റെ ഭാവി ഓര്‍ത്തുളള ആശങ്ക ഒരു വശത്തുണ്ട്. അത്‌പോലുളള 3 കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട വിഷമവും ഉണ്ട്. ഇതിന്റെ രണ്ടിന്റെയും ഇടയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. എന്താണ് പറയേണ്ടത് എന്നോ ചെയ്യേണ്ടത് എന്നോ എനിക്ക് അറിയില്ല. ഇത്രയും ദിവസം എനിക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത ഒരു അവസ്ഥയായിരുന്നു.
ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബത്തിനുളള പിന്തുണ കൂടി അറിയിക്കുകയാണ്. ഞങ്ങള്‍ ഉളളയിടത്തോളം കാലം ആ കുടുംബത്തെ പിന്തുണയ്ക്കും. ആരുടെയും വേദന കുറച്ച് കാണിക്കാനോ കൂട്ടി കാണിക്കാനോ അല്ല. ഞങ്ങളുടെ നിസഹായാവസ്ഥ ആണ്. ഞങ്ങള്‍ 4 പേര്‍ക്കും ഇനിയൊരു ജീവിതം ഉണ്ട്. ഞങ്ങളെ കുറിച്ചുളള വാര്‍ത്ത പ്രചരിപ്പിക്കുമ്പോള്‍ ഓര്‍ക്കുക, നിങ്ങളെ പോലെയുളള ഒരു സാധാരണ മനുഷ്യനാണ് ഞാനും. സാധാരണ അമ്മയാണ്. എല്ലാവരേയും പോലെയുളള കുടുംബമാണ്. നിങ്ങള്‍ പ്രചരിപ്പിക്കുന്ന ഓരോ കാര്യങ്ങളില്‍ നിന്ന് ഞങ്ങളെ ഒന്ന് ഒഴിവാക്കി തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്'.


Click it and Unblock the Notifications
