സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ; മിനിമം വേതനം വർധിപ്പിച്ചു..എത്രയെന്ന് അറിയാം
വിവിധ വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. കാർഷിക തൊഴിലാളികൾ, ക്ഷീരകർഷകർ, പാൽ വിതരണക്കാർ എന്നിവർ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ വേതനമാണ് വർധിപ്പിച്ചത്. ജിംനേഷ്യം ജീവനക്കാരെയും മിനിമം വേതന നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി. ഇവർക്കുള്ള പുതുക്കിയ വേതന ഘടനയുടെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മാതൃഭൂമി ഓണ്‍ലൈൻ റിപ്പോർട്ടിൽ പറഞ്ഞു.
കാർഷിക, ക്ഷീര മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം ഒന്നാം പിണറായി സർക്കാർ വർദ്ധിപ്പിച്ചിരുന്നു. പ്രതിദിനം എട്ട് മണിക്കൂർ ജോലിയുടെ അടിസ്ഥാനത്തിലാണ് മിനിമം വേതനം കണക്കാക്കുന്നത്. വെയർഹൗസുകൾ, കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, പെയിന്റ് നിർമ്മാണ വ്യവസായം എന്നിവിടങ്ങളിലെ ജീവനക്കാരെയും ഇപ്പോൾ മിനിമം വേതന ചട്ടക്കൂടിൻ്റെ കീഴിൽ കൊണ്ടുവന്നിട്ടുണ്ട്.

പുതുക്കിയ വേതന നിരക്കനുസരിച്ച്, മണ്ണ് കുഴിയെടുക്കൽ, കയറ്റിറക്ക്, ബണ്ട് നിർമ്മാണം, വരമ്പ് കോരൽ, വയലുകളിൽ കുഴിയെടുക്കൽ, ജൈവവളം നിർമ്മാണം, മരം വെട്ടൽ തുടങ്ങിയ കഠിനമായ കാർഷിക ജോലികൾക്കുള്ള പ്രതിദിന വേതനം 830 ആക്കി. പഴയ നിരക്ക് 490 രൂപയായിരുന്നു.
കളപറിക്കൽ, കളയെടുക്കൽ, നടീൽ, വിത്ത് വിതയ്ക്കൽ, നെല്ല് കെട്ടൽ തുടങ്ങിയ ലഘുവായ കാർഷിക ജോലികൾക്ക് പുതുക്കിയ വേതനം 710 ആണ് ,പഴയ നിരക്ക് 410 രൂപയും. ട്രാക്ടറുകളോ ടില്ലറുകളോ ഉപയോഗിച്ച് ഉഴുന്ന തൊഴിലാളികൾക്ക് മണിക്കൂറിന് 170-യും യന്ത്രക്കട്ടിംഗ് നടത്തുന്നവർക്ക് മണിക്കൂറിന് 160-യും ഇനി മുതൽ ലഭിക്കും..
ക്ഷീരമേഖലയിൽ, ദിവസവും രണ്ട് തവണ പാൽ കറക്കുന്നതിനുള്ള വേതനം 850 ആയി ) ഉയർത്തി. പാൽ കറക്കലിനൊപ്പം മറ്റ് ജോലികൾ കൂടിയുള്ളവർക്ക് 940 രൂപ ലഭിക്കും. കൂടാതെ, മുന്തിയ ഇനം കാളകളെ പരിപാലിക്കുന്നവർക്കും പ്രതിദിനം 940 നിശ്ചയിച്ചിട്ടുണ്ട്. നഴ്സറിയിലെ അവിദഗ്ദ്ധ ജോലികൾക്ക് ഇനി 730-യും വിദഗ്ദ്ധ ജോലികൾക്ക് 830-യും ലഭിക്കും. വനവൃക്ഷങ്ങൾ വെട്ടൽ, നിലം ഉഴുതൽ, കീടനാശിനി തളിക്കൽ, വളമിടൽ തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ വേതനം 710 ആയി നിശ്ചയിച്ചതായും മാതൃഭൂമി റിപ്പോർട്ടിൽ പറഞ്ഞു.












Click it and Unblock the Notifications