കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് ഭവന നിർമ്മാണ പദ്ധതി; വിവാദങ്ങളിലൂടെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയം

Google Oneindia Malayalam News

തിരുവനന്തപുരം; ലൈഫ് ഭവന നിർമ്മാണ പദ്ധതിതിയിൽ വാദങ്ങളിലൂടെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ കിടപ്പാടമെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ആയിരങ്ങളുടെ പ്രതീക്ഷയാണ് ഇല്ലാതാക്കുന്നതെന്ന് മന്ത്രി എസി മൊയ്ദീൻ.വ്യക്തമായ കരാറുകളുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു രുപയുടെ പോലും പണമിടപാട് ഈ സൊസൈറ്റിയും സംസ്ഥാന സർക്കാരും തമ്മിലില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. പൂർണരൂപം വായിക്കാം

 acmoideen-15496

സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള ഭവന നിർമ്മാണ പദ്ധതികളിൽ ഏറ്റവും ബൃഹത്തായതാണ് ലൈഫ്. കേവലം ഭവന നിർമ്മാണം എന്നതിലുപരി ഓരോ ഗുണഭോക്താവിനും ഗുണമേന്മയുള്ളതും അന്തസ്സുറ്റതുമായ ജീവിതം ഉറപ്പു വരുത്തുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. നിരവധി വർഷങ്ങളായി ഒരു ഭവനം എന്ന സ്വപ്നവുമായി നടന്ന 2.24 ലക്ഷം ആളുകൾക്കാണ് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഈ പദ്ധതിയിലൂടെ അടച്ചുറപ്പുള്ള ഭവനം ലഭ്യമാക്കിയത്. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പേർക്ക് ഭവന സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം.

ലൈഫ് പദ്ധതിക്കായി വിവിധ സ്രോതസ്സുകളിലായി 8,068 കോടി രൂപയാണ് നാളിതുവരെ ചെലവഴിച്ചത്. ഇതിൽ സംസ്ഥാന വിഹിതമായി 2617 കോടിയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമായി 1,844 കോടിയും കേന്ദ്ര വിഹിതമായി 1,057 കോടിയും തദ്ദേശസ്ഥാപനങ്ങൾ ഹഡ്കോ ലോണായി കണ്ടെത്തിയ 2,550 കോടി രൂപയും ഉൾപ്പെടുന്നു. ലോണിന്റെ 8.75 ശതമാനം പലിശ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

വിവാദങ്ങളിലൂടെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ കിടപ്പാടമെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ആയിരങ്ങളുടെ പ്രതീക്ഷയാണ് ഇല്ലാതാക്കുന്നത്. 2,24,286 വീടുകളുടെ നിർമ്മാണമാണ് ഇക്കാലയളവിൽ പൂർത്തീകരിച്ചത്. ഒന്നാം ഘട്ടത്തിൽ 52,289 ഉം രണ്ടാം ഘട്ടത്തിൽ 1,70,540 ഉം മൂന്നാം ഘട്ടത്തിൽ നാളിതുവരെ 1458 ഭവനങ്ങളുടെ നിർമ്മാണവുമാണ് പൂർത്തീകരിച്ചത്. മൂന്നാം ഘട്ടത്തിൽ 217 ഫ്ലാറ്റുകളുള്ള ഭവനസമുച്ചയം അടിമാലിയിൽ പൂർത്തീകരിച്ചു. ഇതു കൂടാതെ 101 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം വിവിധ സ്ഥലങ്ങളിലായി പുരോഗമിച്ചു വരുന്നു. ഇതിലെല്ലാം കൂടി ഏകദേശം 4000 ത്തോളം ഫ്ലാറ്റുകളാണ് നിർമ്മിക്കുക. വിവിധ സന്നദ്ധ സംഘടനകൾ, വ്യക്തികൾ, മാധ്യമസ്ഥാപനങ്ങൾ, വ്യവസായ ഗ്രൂപ്പുകൾ എന്നിവയെല്ലാം ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളായിട്ടുണ്ട്. ഭവനരഹിതരും ഭൂരഹിതരുമായവർക്ക് സ്ഥലം വാങ്ങി ഭവന നിർമ്മാണം നടത്തുന്നതിനാണ് മൂന്നാം ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വടക്കാഞ്ചേരിയിൽ 140 ഭവനങ്ങളുടെ നിർമ്മാണം തുടങ്ങിയത്. വടക്കാഞ്ചേരി നഗരസഭ ലഭ്യമാക്കിയ 217.88 സെന്റ് സ്ഥലത്താണ് ഈ ഭവനസമുച്ചയ നിർമ്മാണം പുരോഗമിക്കുന്നത്.

യു എ ഇ റെഡ്ക്രസന്റ് സൊസൈറ്റിയാണ് ഈ ഭവനസമുച്ചയത്തിന്റെ നിർമ്മാണം സ്പോൺസർ ചെയ്തിരിക്കുന്നത്. സർക്കാർ ലഭ്യമാക്കിയ സ്ഥലത്ത് ഭവനസമുച്ചയ നിർമ്മാണവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത് ഈ സൊസൈറ്റി നേരിട്ടാണ്. വ്യക്തമായ കരാറുകളുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു രുപയുടെ പോലും പണമിടപാട് ഈ സൊസൈറ്റിയും സംസ്ഥാന സർക്കാരും തമ്മിലില്ല. ഈ വർഷം ആഗസ്റ്റിൽ പൂർത്തീകരിക്കാവുന്ന വിധത്തിലായിരുന്നു പ്രവർത്തനങ്ങൾ മുന്നോട്ടു പോയിരുന്നത്. കോവിഡ് ലോക്ഡൗൺ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു.

ഡിസംബറോടുക്കൂടി പണിപൂർത്തീകരിക്കാനാവുന്ന വിധം നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചു വരികയാണ്. ഇതേ രീതിയിൽ മറ്റ് ഏജൻസികളും നേരിട്ട് ഭവന നിർമ്മാണം നടത്തുന്നുണ്ട്. വസ്തുതകൾ പകൽ പോലെ വ്യക്തമായിട്ടും ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ഈ ഭവനസമുച്ചയ നിർമ്മാണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് തികച്ചും നിർഭാഗ്യകരവും ഭവനത്തിനായി കാത്തിരിക്കുന്ന വടക്കാഞ്ചേരിയിലെ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയുമാണ്.

English summary
minister ac moideen about life mission project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X