നരഭോജി കടുവയെ ഭയന്ന് നെട്ടോട്ടമോടി ജനം; കോഴിക്കോട് ഫാഷൻ ഷോയിൽ പാട്ട് പാടി തകർത്ത് മന്ത്രി, വിമർശനം
കോഴിക്കോട്; മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ ഭയന്ന് ജനം വലയുമ്പോൾ സംഭവ സ്ഥലത്ത് എത്താതെ കോഴിക്കോട് ഫാഷൻ ഷോയിൽ പങ്കെടുത്ത വനംമന്ത്രി എകെ ശശീന്ദ്രന്റെ നടപടി വിവാദത്തിൽ. നടന്‍ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷന്‍ ഫ്യൂഷന്‍ മെഗാ മ്യൂസിക്കല്‍ പ്രോഗാമിലാണ് മന്ത്ര പങ്കെടുത്തത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട് ഇന്‍ഡോർ സ്റ്റേഡിയം ഹാളില്‍ എത്തിയ മന്ത്രി പാട്ടുംപാടിയാണ് മടങ്ങിയത്.
മേഖലയിൽ ജനം പരിഭ്രാന്തിയിൽ തുടരുമ്പോഴും മന്ത്രി ഇവിടെ എത്താനോ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനോ തയ്യാറായിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങൾ ഉയർത്തുന്നത്. അതിനിടയിലാണ് മന്ത്രി ഫാഷൻ ഷോയിൽ പാട്ടുപാടി തകർത്തത്. അതേസമയം നാളെ വനംമന്ത്രി വയനാട്ടിൽ എത്തുമെന്നാണ് വിവരം. പതിനൊന്ന് മണിക്ക് കളക്ട്രേറ്റിൽ ചേരുന്ന ഉന്നതതല യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. കടുവ ദൗത്യത്തിന്റെ പുരോഗതി മന്ത്രി വിലയിരുത്തും.

അതിനിടെ പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. നൗഫല്‍ എന്നയാളുടെ വീടിനു സമീപത്താണ് കടുവയെ കണ്ടത്. ഇന്നലെ ആക്രമണമുണ്ടായ സ്ഥലത്തിന് സമീപത്ത് തന്നെയാണ് കടുവ ഉള്ളതെന്നും ഇവർ പറയുന്നു. ഇതോടെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. തേയിലത്തോട്ടത്തിൽ തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് നിന്നും പൂർണമായും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കടുവയെ തിരയുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 10 അംഗങ്ങളുള്ള ടീമിനെയാണ് നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് എഡിഎം അറിയിച്ചു. പോലീസും ആർആർടിയും രാത്രി ഉൾപ്പടെ പരിശോധന നടത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
വൊള്ളിയാഴ്ച രാവിലെയായിരുന്നു രാധയെ കടുവ ആക്രമിച്ചത്. കാപ്പി പറിക്കാൻ തോട്ടത്തിലേക്ക് പോയ രാധയുടെ മൃതദേഹം തണ്ടർബോൾട്ട് സംഘമാണ് കണ്ടെത്തിയത്. മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിലായിരുന്നു. 100 മീറ്ററോളം രാധയുടെ മൃതദേഹം വലച്ച് കൊണ്ടു പോയിരുന്നു. അതേസമയം പ്രതിഷേധം ശക്തമായതോടെ കടുവയെ വെടിവെച്ച് കൊലപ്പെടുത്താൻ ഇന്നലെ വൈകീട്ടോടെ തന്നെ സർക്കാർ ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications