കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അടിയന്തര നടപടിയെന്ന് ഗതാഗത മന്ത്രി, റിപ്പോർട്ട് തേടി ഹൈക്കോടതിയും
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. സംഭവത്തില്‍ ഇന്ന് തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഒരു പ്രാവശ്യം മാത്രമേ ഹാജരാക്കേണ്ടതുള്ളു. വീണ്ടും ആവശ്യപ്പെട്ടതിന് ഉദ്യോഗസ്ഥര്‍ സമാധാനം പറയണെമന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

പുറത്തു വന്ന ദൃശ്യങ്ങളിൽ കണ്ട സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കര്‍ശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് പൊതുസമൂഹത്തിൽ തന്നെ അവമതിപ്പുണ്ടാക്കാൻ ഇതു കാരണമാകും. ഓഫീസിലെത്തിയ ഒരാളെ മര്‍ദ്ദിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഇന്നു തന്നെ വന്നു കാണാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആൻ്റണി രാജു പറഞ്ഞു.
ആക്രമണത്തിൽ ഹൈക്കോടതിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നല്‍കിയത്.സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയോടെയാണ് കടാക്കട കെഎസ്ആർടിസി ജീവനക്കാർ മകൾക്ക് മുമ്പിൽ വെച്ച് പിതാവിനെ മർദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനാണ് മർദനമേറ്റത്. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമനോട് ജീവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു.
ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ ഉദ്യോഗസ്ഥരോട് പറഞ്ഞതോടെയാണ് തർക്കം ഉണ്ടായ്ത്.തർക്കം രൂക്ഷമായതോടെ വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞത് ജീവനക്കാരെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്നാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
പ്രേമൻ്റെ കോളറിൽ പിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനത്തിൽ പരിക്കേറ്റ പ്രേമൻ ആശുപത്രിയിൽ ചികിത്സ തേടി.പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരൻ കൂടിയാണ് പ്രേമൻ. അതേസമയം ഓഫീസിലെത്തി ബഹളം വച്ചയാളെ പോലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം.












Click it and Unblock the Notifications