ഇനി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം
തിരുവനന്തപുരം: ബസ് അടക്കമുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും കാബിനില്‍ ഇരിക്കുന്ന ആളുകള്‍ക്കുമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുക. ബസുകളില്‍ ഡ്രൈവര്‍മാര്‍ക്കും ഡ്രൈവറിന്റെ സീറ്റീന് നേരെ ഘടിപ്പിച്ച സീറ്റില്‍ ഇരിക്കുന്ന ആള്‍ക്കുമാണ് ബെല്‍റ്റ് നിര്‍ബന്ധം.

സെപ്റ്റംബര്‍ ഒന്നിന് ശേഷം സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് എ ഐ ക്യാമറ വഴി പിഴ ഈടാക്കുന്നതായിരിക്കും. പുതിയ നിയമം കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് അടക്കം ബാധകമായിരിക്കും. കേന്ദ്ര നിയമം അനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് ഇളവ് നല്‍കി വരികയായിരുന്നു.
എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനാണ് സെപ്റ്റംബര്‍ വരെ സമയം നല്‍കിയിരിക്കുന്നത്. ലോറികളില്‍ മുന്‍പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ബസുകളില്‍ ക്യാബിനുണ്ടെങ്കില്‍ മുന്‍വശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ക്യാബിനില്ലാത്ത ബസാണെങ്കില്‍ ഡ്രൈവര്‍ സീറ്റ് ബൈല്‍റ്റ് ധരിക്കണം. അതേസമയം, കെ എസ് ആര്‍ ടി സി ബസുകളില്‍ പഴയ മോഡല്‍ സീറ്റുകളാണുള്ളത്. ഈ സീറ്റുകളിലെല്ലാം ബെല്‍റ്റ് ഘടിപ്പിക്കേണ്ടിവരും.
അതേസമയം, റോഡ് അപകടങ്ങള്‍ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ എ ഐ ക്യാമറ സംവിധാനം ജൂണ്‍ അഞ്ച് മുതല്‍ നിലവില്‍ വന്നിരുന്നു. പ്രതിവര്‍ഷം നാല്‍പ്പതിനായിരത്തിലധികം റോഡ് അപകടങ്ങള്‍ ഉണ്ടാകുന്ന കേരളം ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണ്.
ജനസംഖ്യയുടെ 2.76 % മാത്രമാണെങ്കിലും റോഡ് അപകടങ്ങളുടെ 8.1% കേരളത്തിലാണ്. 2022-ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങളില്‍ 4,317 പേര്‍ മരിക്കുകയും 49,307 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ഉണ്ടായി. 2023 ഏപ്രില്‍ വരെ 16,528 റോഡപകടങ്ങളില്‍ 1,447 പേര്‍ മരിക്കുകയും 19,015 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
മരണപ്പെടുന്നതിലും ഗുരുതരമായി പരിക്കേല്‍ക്കുന്നതിലും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന യുവാക്കള്‍ ആണ് കൂടുതല്‍. പ്രതിവര്‍ഷം മരണമടയുന്ന യുവാക്കളില്‍ 200-ഓളം പേര്‍ 18 വയസ്സില്‍ താഴെയുള്ളവരും ഗുരുതരമായി പരിക്കേല്‍ക്കുന്നവരില്‍ 30% വികലാംഗരായി മാറുന്നവരോ ജീവിതകാലം മുഴുവന്‍ കിടപ്പിലാകുന്നവരോ ആണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റോഡ് അപകടങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്.












Click it and Unblock the Notifications