മന്ത്രി ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; ഹൈക്കോടതിയിൽ ഹർജി
തൃശ്ശൂർ; മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഇരിങ്ങാലക്കുടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടനാണ് ഹര്‍ജി നല്‍കിയത്.ഇല്ലാത്ത പ്രൊഫസർ പദവി പേരിനൊപ്പം ചേർത്ത് ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് ബിന്ദു വോട്ട് തേടിയതെന്ന് ഹർജിയിൽ തോമസ് ഉണ്ണിയാടൻ ആരോപിച്ചു.

അസോസിയേറ്റ് പ്രൊഫസർ മാത്രമായ ബിന്ദു, പ്രൊഫസർ എന്ന പേരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് നേരത്തേ വിവാദമായിരുന്നു. സംഭവത്തിൽ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ബിന്ദുവിനെതിരെ ഗവർണർക്ക് പരാതി നൽകിയിരുനന്ു. തെറ്റായ പദവി പരാമർശിച്ച് നടത്തിയ സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നതായിരുന്നു ആവശ്യം.
മന്ത്രി ബിന്ദുവിന്റെ പദവി സംബന്ധിച്ച് സർക്കാർ തെറ്റ് തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചുകഴിഞ്ഞിട്ടില്ലെന്നിരിക്കേ സത്യപ്രതിജ്ഞയിൽ അത്തരത്തിൽ വിശേഷിപ്പിച്ചത് നിയമനടപടിക്ക് കാരണമായേക്കുമെന്ന വലിയിരുത്തലിലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇരിങ്ങാലക്കുടയിൽ നിന്നും യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനെ ആറായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ബിന്ദു നിയമസഭയിലേക്ക് ജയിച്ച് കയറിയത്. 2001 മുതൽ 2011 വരെ ഉണ്ണിയാടൻ നിലനിർത്തിയ മണ്ഡലമായിരുന്നു ബിന്ദുവിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്.












Click it and Unblock the Notifications