നിലപാട് മയപ്പെടുത്തി സർക്കാർ; പി.ജി ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ചു; മന്ത്രിയുമായുള്ള ചർച്ച നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാരെ ചർച്ചക്ക് വിളിച്ച് സർക്കാർ. ആരോഗ്യമന്ത്രി വീണ ജോർജാണ് ഡോക്ടർമാരെ നാളെ ചർച്ചയ്ക്ക് വിളിച്ചത്. പി.ജി.ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജ്ജൻമാരും പണിമുടക്കിയതോടെയാണ് സർക്കാർ നിലപാടിൽ മാറ്റം വരുത്തിയത്. സമരം ശക്തമായതോടെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്കും മറ്റുമെത്തിയ രോഗികൾ ദുരിതത്തിലായി.

കേരളത്തിലെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകളിലും പി.ജി ഡോക്ടർമാർ നടത്തുന്ന സമരം പതിമൂന്നാം ദിവസം പിന്നിട്ടതോടെതാണ് സർക്കാർ വീണ്ടും സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചത്. പി.ജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സർജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാവിലെ ചർച്ച നടത്തി.

ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സർജന്മാർക്ക് പ്രൈവറ്റ് സെക്രട്ടറി ഉറപ്പ് നൽകി. പിന്നാലെയാണ് പി.ജി ഡോക്ടർമാരെ ചർച്ചക്ക് വിളിച്ചത്. പി.ജി ഡോക്ടർമാർക്ക് പിന്തുണയുമായി ഹൗസ് സർജന്മാർ കൂടി പണിമുടക്കിയതോടെ രോഗികൾ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടി. ഇതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി. മെഡിക്കൽ കോളേജുകളിലെ ഒ.പി.യിലുൾപ്പടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. അടിയന്തര ശസ്ത്രക്രിയകളും സ്കാനിംഗുകളും മുടങ്ങി. ഇതോടെ ദൂര സ്ഥലങ്ങളിൽ നിന്നുവന്ന രോഗികൾ പോലും ദുരിതത്തിലായി.

കോഴിക്കോട്, തൃശൂർ, കോട്ടയം മെഡിക്കൽ കോളേജുകളെ സമരം കാര്യമായി തന്നെ ബാധിച്ചു. കിടത്തി ചികിത്സ ഉൾപ്പെടെ പലയിടങ്ങളിലും തടസ്സപ്പെട്ടു. എന്നാൽ, കൊവിഡ് ഡ്യൂട്ടി മാത്രമാണ് സമരക്കാർ ബഹിഷ്കരിക്കാതിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കെജിഎംസിടിഎ രണ്ട് മണിക്കൂർ നേരത്തേക്ക് ഒ.പിയിൽ നിന്ന് വിട്ടുനിന്നു. ആവശ്യത്തിന് നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരെ നിയമിക്കുക, സ്റ്റൈപൻഡ് വർധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.

അതേസമയം, പി.ജി. വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീറ്റ് പി.ജി അലോട്ട്മെന്റ് പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണം. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications