മഹിജയ്ക്ക് മുന്നില്‍ പിണറായി മുട്ടുമടക്കുന്നു? അനുനയിപ്പിക്കാന്‍ കടകംപളളിയെത്തി!
മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മഹിജയുമായി കടകംപള്ളി സുരേന്ദ്രന്‍ ഏറെ നേരം സംസാരിച്ചെങ്കിലും നിലപാടിലുറച്ച് നില്‍ക്കുകയാണ് മഹിജ.
തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കു നേരെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുട്ടുമടക്കുന്നുവെന്ന് സൂചന. ആശുപത്രിയില്‍ നിരാഹാരം തുടരുന്ന മഹിജയെ കാണാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്തിയത് ഇതിനു സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മഹിജയുമായി കടകംപള്ളി സുരേന്ദ്രന്‍ ഏറെ നേരം സംസാരിച്ചെങ്കിലും നിലപാടിലുറച്ച് നില്‍ക്കുകയാണ് മഹിജ. ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് മഹിജ പറയുന്നത്. അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന് മനസിലായ മന്ത്രി നിയമപരമായ സഹായങ്ങള്‍ ചെയ്യുമെന്ന് ഉറപ്പു നല്‍കി.

പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് പുറത്തു നിന്ന് സമരം ചെയ്യാനെത്തിയവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കടകംപള്ളിയും ശ്രമിച്ചു. ഇക്കാര്യത്തില്‍ മഹിജയ്ക്കും അതൃപ്തയുണ്ടെന്ന് അവരുടെ വാക്കുകളില്‍ നിന്ന് മനസിലായതായി കടകംപള്ളി വ്യക്തമാക്കി. മഹിജയ്ക്കല്ല പരാതിയുള്ളതെന്നും മറ്റു പലര്‍ക്കുമാണ് പരാതിയുള്ളതെന്നും കടകംപള്ളി പറഞ്ഞു.
ഡിജിപിയോട് പരാതി പറയാന്‍ മാത്രമാണ് താന്‍ എത്തിയതെന്നും മഹിജ പറഞ്ഞതായി കടകംപള്ളി വ്യക്തമാക്കി. അതേസമയം ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications