കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയകാലത്ത് മത്സ്യബന്ധനബോട്ട് എടുക്കാൻ ടെന്റർ വിളിച്ചോയെന്ന് അവർ ചോദിച്ചേക്കും;വിമർശിച്ച് കടകംപള്ളി

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; മനുഷ്യർ ജീവിതത്തിനും മരണത്തിനും ഇടയിൽ പൊരുതുമ്പോൾ അനാവശ്യ വിവാദം ഉണ്ടാക്കുന്നവരെ ജനം കാണുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി. പ്രളയകാലത്ത് മുട്ടോളം വെള്ളത്തിൽ കുടുങ്ങിയവരുടെ ജീവൻ രക്ഷിക്കാനായി ചട്ടം നോക്കാതെയാണ് മത്സ്യബന്ധന ബോട്ടുകൾ എടുത്തതെന്നും അന്ന് നമ്മള്‍ ഇതിന്റെയെല്ലാം സാങ്കേതിക നൂലാമാലകള്‍ നോക്കിയിരുന്നെങ്കില്‍ പ്രളയം പതിനായിര കണക്കിന് മനുഷ്യ ജീവനുകള്‍ അപഹരിച്ചേനേയും മന്ത്രി പറഞ്ഞു. സ്പ്രിംഗ്ളർ കരാറിൽ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. രൂക്ഷവിമർശനമാണ് പ്രതിപക്ഷത്തിനെതിരെ മന്ത്രി ഉയർത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

 kadkampalli-1573813491-1587308955.jpg -Properties

2018 - മഹാപ്രളയ കാലം. തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ എനിക്ക് മുഖ്യമന്ത്രി നൽകിയ ഉത്തരവാദിത്തം പ്രളയം രൂക്ഷമായ സമീപ ജില്ലകളെ സഹായിക്കുക എന്നതായിരുന്നു. തോരാതെ പെയ്യുന്ന കനത്ത മഴ പ്രളയം തീർത്തപ്പോൾ, മനുഷ്യർ സഹായത്തിനായി കേണു കരഞ്ഞപ്പോൾ വിവിധ സേനാവിഭാഗങ്ങളുടെ അടക്കമുളള സേവനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമിൽ ഏകോപിപ്പിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ പ്രളയ മേഖലയിലേക്ക് പോകാൻ സന്നദ്ധരാണെന്ന് എന്നെ അറിയിക്കുന്നത്.

തൊഴിലാളികളേയും അവരുടെ ബോട്ടുകളും മധ്യകേരളത്തിലേക്ക് എത്രയും വേഗം എത്തിക്കണം. അതിനായി സുരേന്ദ്രൻ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറെ വിളിച്ചു കാര്യം പറഞ്ഞു. പൂന്തുറയിലെയും തുമ്പയിലെയും പുരോഹിതരെയും, ജന നേതാക്കളെയും വിളിച്ചു സർക്കാരിന്റെ ആവശ്യം പറഞ്ഞു. അവർ പൂർണ പിന്തുണ നൽകി. തൊഴിലാളി യൂണിയൻ നേതാക്കളെ വിളിച്ചു സംസാരിച്ചു. അവരും എന്തിനും തയ്യാർ. പക്ഷേ ബോട്ടുകൾ കൊണ്ട് പോകാൻ ലോറികൾ വേണം. ഉടൻ തന്നെ ലോറി ഉടമകളെയും തൊഴിലാളികളെയും ഞാനും ജില്ലാ കളക്ടറും നേരിട്ട് വിളിച്ചു സഹായം അഭ്യർഥിച്ചു. അവരും പൂർണമനസോടെ കേരളത്തെ രക്ഷിക്കാൻ ഓടിയെത്തി. പിന്നീട് കണ്ടത് ഒരു കൂട്ടായ പരിശ്രമം ആയിരുന്നു.

മത്സ്യത്തൊഴിലാളികളും നാട്ടുകാരും പോലീസും എല്ലാവരും ചേർന്ന് ബോട്ടുകൾ ചുമന്ന് ലോറിയിൽ കയറ്റി. പട്ടാള വ്യൂഹത്തെ അനുസ്മരിപ്പിക്കും വിധം ലോറികളിൽ നമ്മുടെ സന്നദ്ധ സംഘം പത്തനംതിട്ടയിലേക്കും ചെങ്ങന്നൂരിലേക്കും കുതിച്ചു. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യ തൊഴിലാളികളും പോലീസും ഫയർഫോഴ്സും വ്യോമ-നാവികസേനയും എല്ലാം ചേർന്ന് നമ്മുടെ നാടിനെ മുങ്ങാംകുഴിയിട്ട് കൈ പിടിച്ചുയർത്തുന്നതാണ് പിന്നീട് നാം കണ്ടത്. കേരളം പ്രളയത്തെ അതിജീവിച്ചു. അന്ന് നമ്മള്‍ ഇതിന്റെ സാങ്കേതിക നൂലാമാലകൾ നോക്കിയിരുന്നെങ്കിൽ പ്രളയം പതിനായിര കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ചേനെ.

ആ സമയത്ത് നടപടിക്രമങ്ങൾ ഒന്നുമായിരുന്നില്ല സർക്കാരിന്റെ മുന്നിലുണ്ടായിരുന്നത്. കെട്ടിട്ടങ്ങൾക്ക് മുകളിൽ ജീവരക്ഷാർത്ഥം നിൽക്കുന്ന മനുഷ്യരായിരുന്നു. അന്ന് ബോട്ടുകളുടെ സേവനത്തിന് ടെണ്ടര്‍ വിളിച്ചിരുന്നില്ല. ബോട്ടുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധിച്ചില്ല. മത്സ്യത്തൊഴിലാളികളിൽ നീന്തൽ കോഴ്‌സ് പാസായി സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയാൽ മതി എന്ന് തീരുമാനിച്ചില്ല. ലോറിയുടെ ബോഡിയേക്കാൾ വലിപ്പമുള്ള വള്ളങ്ങൾ ലോറിയിൽ കയറ്റാൻ പാടില്ല എന്ന് നിര്‍ദേശിച്ചില്ല. പക്ഷേ, ഉത്തമ ബോധ്യമുണ്ടായിരുന്നു. നമ്മുടെ കടലിന്റെ മക്കൾ നമ്മളെ കൈവിടില്ല എന്നതിൽ.

2020 - ലോകം ഇന്ന് അനിതരസാധാരണമായ ഒരു മഹാമാരിയെ നേരിടുകയാണ്. 1,60,000 കടന്നു ലോകത്തിലെ മരണ നിരക്ക്. അമേരിക്കയിലെ മരണം നാൽപതിനായിരത്തോട് അടുക്കുന്നു. മൃതദേഹങ്ങൾ കൂട്ടായിടുന്ന സാഹചര്യം പോലും ലോകത്തിലുണ്ട്. എന്നാൽ നമ്മുടെ കൊച്ചുകേരളം കോവിഡിന് മുന്നിൽ കീഴടങ്ങാതെ പൊരുതുകയാണ്. നമ്മൾ കോവിഡിന്റെ വ്യാപനത്തെ നിയന്ത്രിച്ചു. എന്നാൽ നമ്മൾ ജയിച്ചു എന്ന് പൂർണമായി പ്രഖ്യാപിക്കാറായിട്ടില്ല.

മെയ് 3ന് നാഷണൽ ലോക്ക്ഡൗൺ അവസാനിക്കും. ഇന്ത്യക്ക് പുറത്ത് ഭീതിയിൽ കഴിയുന്ന നമ്മുടെ പ്രവാസി സഹോദരങ്ങളെ നാട്ടിൽ എത്തിക്കേണ്ടതുണ്ട്. ഇക്കണോമിക് റിവ്യൂ പ്രകാരം 27 ലക്ഷത്തിലധികം പ്രവാസികളുണ്ട് കേരളത്തിൽ നിന്നും. ചുരുങ്ങിയത് ഇതിന്റെ പത്ത് ശതമാനം പേരെ നമുക്ക് നാട്ടിലെത്തിക്കാൻ കഴിഞ്ഞു എന്ന് കരുതുക. അത് 2.7 ലക്ഷം പേരായി. ഇനി മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന മലയാളികളുടെ കണക്ക് എടുത്താൽ ഇതിന്റെ ഇരട്ടി വരും. കേരളം സുരക്ഷിതമാണെന്ന വിശ്വാസം അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പൊതുവെയുണ്ട്. ഏകദേശം 10 ലക്ഷത്തിനോട് അടുത്ത് ജനങ്ങൾ വരെ ഇവിടേയ്ക്ക് എത്താം. ഇത്രയും പേരെ നമ്മൾ എങ്ങനെ നിരീക്ഷണത്തിൽ പാർപ്പിക്കും? ഏതെങ്കിലും ഒരാൾ കാസർകോട്ടെ ഒരു രോഗി ചെയ്തത് പോലെ നമുക്ക് വെല്ലുവിളി ഉയർത്തിയാൽ അപകടമേറും.

ഏത് പ്രദേശത്താണ് കൂടുതൽ പേർ നിരീക്ഷണത്തിൽ ഉള്ളതെന്ന് മനസിലാക്കി അവിടെ നമ്മൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതെങ്ങനെ ചെയ്യും? ഏതെങ്കിലും മേഖലയിൽ രോഗവ്യാപന നിരക്ക് കൂടുതൽ ആണെങ്കിൽ അവിടെ പ്രത്യേക ശ്രദ്ധ കൊടുക്കണം. രോഗം ഏറ്റവും മോശമായി ബാധിക്കുന്നത് 60 വയസിന് മുകളിൽ ഉള്ളവരെയും കാൻസർ ഉൾപ്പെടെ മറ്റു രോഗബാധിതരെയുമാണ്. ഇവർ കൂടുതൽ ഉള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. എന്നാൽ ഇങ്ങനെ ചില പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കുമ്പോഴും മറ്റു പ്രദേശങ്ങളിൽ ശ്രദ്ധ കുറയാനും പാടില്ല. അപ്പോൾ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസിലാക്കി നമ്മുടെ കൈയ്യിൽ ലഭ്യമായിട്ടുള്ള ആരോഗ്യപ്രവർത്തകരെയും മറ്റ് വിഭവശേഷിയെയും ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. ഇത് നമ്മൾ എങ്ങനെ അനലൈസ് ചെയ്യും.

ഈ ചോദ്യത്തിന് മറുപടിയായാണ് സ്പ്രിംഗ്‌ളർ എന്ന മലയാളി ഉടമസ്ഥത. ബിഗ് ഡേറ്റ അനാലിസിസിൽ പ്രഗദ്ഭരായിട്ടുള്ള കമ്പനിയാണ് സ്പ്രിംഗ്‌ളർ. അതായത് പല മേഖലയിൽ നിന്നും ശേഖരിക്കുന്ന പല തരത്തിലുള്ള വിവരങ്ങൾ ക്രോഡീകരിച്ച് നമുക്ക് വേണ്ട രീതിയിൽ ഒരു സിസ്റ്റമാറ്റിക് ആയ ഫലം നൽകുന്നതിൽ മികവ് തെളിയിച്ചവർ. ലോകാരോഗ്യ സംഘടന ഉൾപ്പെടെ സ്പ്രിംഗ്‌ളറിന്റെ ഉപഭോക്താക്കൾ ആണ്. ഇത്തരത്തിൽ ഒരു ബിഗ് ഡേറ്റ അനാലിസിസ് ടൂൾ ഉപയോഗിക്കുന്നതോടെ കേരളത്തിലേക്ക് വരുന്ന ഓരോരുത്തരുടെയും വിവരം നമുക്ക് ശേഖരിക്കാന്‍ കഴിയും. ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവര്‍ വന്ന ഫ്ലൈറ്റില്‍ / ട്രെയിനില്‍ / ബസില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും വളരെ വേഗം കണ്ടെത്താം. ഏത് മേഖലയിലാണ് വ്യാപന നിരക്ക് കൂടുതലുള്ളതെന്ന് കണ്ടെത്താം. എവിടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ വേണ്ടതെന്ന് കണ്ടെത്താം. ഇപ്പോള്‍ നമ്മള്‍ ജില്ലാ അടിസ്ഥാനത്തില്‍ കോവിഡ് മേഖലകള്‍ തിരിച്ചിരിക്കുന്നത് പഞ്ചായത്ത് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും തിരിക്കാന്‍ കഴിയും. ഇങ്ങനെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒരു മുഴം മുന്നേ നീട്ടിയെറിയാന്‍‌ സാങ്കേതികവിദ്യ നമ്മളെ സഹായിക്കും.

ഈ സമയത്ത് ഇതിന് ടെണ്ടര്‍ വിളിച്ചിരുന്നോ എന്നൊക്കെ ചോദിക്കുന്നവരോട് സൗജന്യ സേവനം നല്‍കുന്നവര്‍ക്ക് എന്തിനാണ് ടെണ്ടര്‍? ഇനി ടെണ്ടര്‍ വിളിക്കുകയാണെങ്കില്‍ തന്നെ അതിനെടുക്കുന്ന കാലതാമസം എത്രയാണെന്ന് അറിയാത്തവരൊന്നുമല്ല ഇപ്പോള്‍ വിവാദം ഉയർത്തുന്നത്. മനുഷ്യര്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ പൊരുതുമ്പോള്‍ പോലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവരെ ജനങ്ങള്‍ കാണുന്നുണ്ട്. പ്രളയകാലത്ത് മത്സ്യബന്ധന ബോട്ടുകള്‍ എടുത്തത് ടെണ്ടര്‍ വിളിച്ച് ആണോ എടുത്തത് എന്ന് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ ചോദിച്ചേക്കും. നിങ്ങള്‍ ഇന്ന് ഉണ്ടാക്കുന്ന ഈ പുകമറയില്‍ സംസ്ഥാന സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ മറഞ്ഞുപോകില്ല

English summary
Minister Kadakampally against opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X